ഓർമകൾ ഒലിച്ചുപോവുമോ? ഇല്ലെങ്കിൽ അനുഭവങ്ങളുടെ കുത്തൊഴുക്കിനെ എങ്ങനെയായിരിക്കും ഉരുള്‍പൊട്ടലിൽ നിന്ന് രക്ഷപ്പെട്ട മനുഷ്യർ അതിജീവിക്കുന്നത്? ഒരൊറ്റ രാത്രി കൊണ്ട് ഒലിച്ചുപോയ അവരുടെ ലോകത്തെക്കുറിച്ചുള്ള ഓർമകളിൽ നിന്ന് എങ്ങനെയാണ് അവര്‍ രക്ഷപ്പെടുക? പുനരധിവാസം, അതിജീവനം എന്നീ വാക്കുകളുടെ വ്യാപ്തിയും ആഴവും നമുക്ക് എത്രകണ്ടു ബോധ്യമുണ്ട് എന്ന് സംശയമാണ്. നഷ്ടപ്പെട്ടവര്‍ക്ക് വീടോ ജീവിക്കാൻ വേണ്ട മറ്റു സൗകര്യങ്ങളോ ഒരുക്കിക്കൊടുക്കുകയും അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സഹായിക്കുകയും ചെയ്യുന്നതിനെയാണ് പുനരധിവാസം കൊണ്ട് ഉദ്ദേശിക്കുന്നത്.
എന്നാല്‍ ഈ പ്രക്രിയ വളരെ സങ്കീർണമാണ്. രക്ഷപ്പെട്ട മനുഷ്യരുടെ നിസ്സഹായമായ നോട്ടങ്ങളും ശൂന്യത നിറഞ്ഞ അവസ്ഥകള്‍ക്കും പരിഹാരം ഉണ്ടാക്കിക്കൊടുക്കാന്‍ ഒരുതരം പദ്ധതികള്‍ക്കും കഴിയണമെന്നില്ല. എന്നാല്‍ അതിജീവിക്കാനുള്ള അവരുടെ കുഞ്ഞുശ്രമങ്ങളിൽ പോലും അവരുടെ കൂടെ നിൽക്കുക എന്ന പ്രക്രിയ സമൂഹത്തിന്റെ ബാധ്യതയാണ്.
ഓരോ മനുഷ്യനെയും പല തരത്തിലാണ് ഈ ദുരന്തം ബാധിച്ചിരിക്കുന്നത്. അത് അളന്നു തിട്ടപ്പെടുത്തുക എന്ന പ്രക്രിയ പോലും എത്രത്തോളം സാധ്യമാണ് എന്നു സംശയമാണ്. കുടുംബം മുഴുവൻ നഷ്ടപ്പെട്ട് ഒറ്റക്കായവരുടെ മാനസികാഘാതവും മറ്റുള്ളവരുടെ ആഘാതവും ഒരിക്കലും ഒരേപോലെ അല്ലെങ്കിലും, എല്ലാവർക്കും അവരവരുടെ ആഘാതത്തിൽ നിന്നു പുറത്തു വരാനുള്ള ശ്രമങ്ങളെ ഒരിക്കലും നിസ്സാരമായി കാണാനാവില്ല.
പഠനങ്ങൾ പ്രകാരം പ്രകൃതിദുരന്തങ്ങൾ മനുഷ്യരുടെ മനോനിലയെ പല തരത്തിൽ ബാധിക്കുന്നുണ്ട്. പരസ്പരബന്ധങ്ങളെയും ചിന്തകളെയും ഓർമകളെയും ആശയവിനിമയങ്ങളെയും പാരന്റിങിനെ പോലും ബാധിക്കുന്നു.
എന്നാല്‍ വെള്ളാര്‍മല സ്‌കൂളിലെ കുട്ടികളിൽ ഈ ദുരന്തം ഉണ്ടാക്കിയ ആഘാതം വേറിട്ടുതന്നെ കാണേണ്ടതുണ്ട്. ഓരോ കുട്ടിക്കും തന്റെ കൂട്ടുകാരില്‍ ചിലരെയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ട്. സ്‌കൂള്‍ എന്ന കമ്യൂണിറ്റി തന്നെ ഇല്ലാതാവുകയും ചെയ്തു. സ്‌കൂള്‍ എന്നത് കുട്ടികളെ, പ്രത്യേകിച്ചും കൗമാരക്കാരായ കുട്ടികളെ സംബന്ധിച്ച് ഒരു സ്ഥാപനം എന്നതിനപ്പുറത്തേക്ക്, അവരുടെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കമ്മ്യൂണിറ്റി തന്നെയാണ്. സമപ്രായക്കാരുടെ ഗ്രൂപ്പ് എന്നതും അങ്ങനെത്തന്നെ. ഒരുപക്ഷേ വീടിനെക്കാളും കുടുംബത്തേക്കാളും അവര്‍ വിലമതിക്കുന്നതും സമയം ചെലവഴിക്കുന്നതും സ്‌കൂളിനോടും കൂട്ടുകാരോടും ഒത്താണ് എന്നതുകൊണ്ടുതന്നെ സ്‌കൂള്‍ ഇല്ലാതാവുന്നതും കൂട്ടുകാർ നഷ്ടപ്പെട്ടുപോവുന്നതും അവരെ ശക്തമായി ബാധിക്കുകയും ചെയ്യും. ചൂരല്‍മല സ്‌കൂളിലെ ഒരു നല്ല ശതമാനം കുട്ടികളും മേല്‍പറഞ്ഞ ആഘാതത്തിലൂടെ കടന്നുപോവുന്നവരാണ്.
”കൂട്ടുകാർ എല്ലാരും പോയില്ലേ. ഇനിയിപ്പോ പഴയ പോലെ കളിയും ചിരിയും ഒന്നും കൊണ്ടുനടക്കാന്‍ പാടില്ല”- 12 വയസ്സുകാരി നജ്മയുടെ വാക്കുകളാണ്. നജ്മയുടെ കുടുംബത്തിൽ എല്ലാവരും രക്ഷപ്പെട്ടെങ്കിലും ഞാൻ കാണുമ്പോൾ അവള്‍ മാനസികാഘാത്തിൽ നിന്ന് ഒട്ടും വിമുക്തയായിട്ടില്ല. എല്ലാ ശബ്ദങ്ങളോടും അതിശക്തമായ പേടിയും ഇരുട്ടിനോടുള്ള ഭയവും. അതുകൊണ്ടുതന്നെ ഉറക്കമില്ലായ്മ തുടങ്ങി കുറെ പ്രശ്നങ്ങളിലൂടെ അവള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നു. സ്‌കൂള്‍ നിലനിൽക്കുന്നേയില്ല എന്നത് അവളെ സംബന്ധിച്ച് അംഗീകരിക്കാൻ സാധിക്കാത്ത വല്ലാത്തൊരു യാഥാര്‍ഥ്യവുമാണ്. നജ്മ ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരുപാട് കുട്ടികളുടെ പ്രതിനിധിയാണ്. അവരുടെ സ്‌കൂള്‍ എന്ന സംവിധാനം ഇനിയങ്ങോട്ട് എന്തായിരിക്കും എന്നതോ, എവിടെയായിരിക്കും എന്നതോ ഒന്നിനെ കുറിച്ചും ഒരു വ്യക്തതയും ഇല്ലാത്ത അനിശ്ചിതാവസ്ഥ അവരെ സംബന്ധിച്ച് വലിയൊരു പ്രതിസന്ധി തന്നെയാണ്.
ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന കൗമാരക്കാരുടെ പുനരധിവാസം പ്രത്യേകമായി പരിഗണിക്കേണ്ട ഒന്നാണ്. മനഃശാസ്ത്രപരമായ പ്രഥമശുശ്രൂഷ, പ്രാരംഭ ഘട്ടങ്ങളിലുള്ള കൗൺസലിങ് പരിപാടികൾ എന്നിവയ്‌ക്കു പുറമെ ദീര്‍ഘ കാലയളവിലേക്കുള്ള കൃത്യവും ശാസ്ത്രീയവുമായ പദ്ധതികള്‍ ആലോചിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.
സ്‌കൂള്‍ എന്നതിനെ ഒരു കമ്മ്യൂണിറ്റിയായി കണക്കാക്കി ബാക്കിയുള്ള കുട്ടികളെ കൂട്ടംചേര്‍ത്ത് ആ കമ്മ്യൂണിറ്റിയുടെ മറ്റൊരു രൂപം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം നിലവിൽ ചിന്നിച്ചിതറിയിരിക്കുന്ന കുട്ടികളെ വീണ്ടും ഒരു സമപ്രായ അനുഭവം ഉണ്ടാക്കാൻ സഹായിക്കും.
ഈ സമപ്രായക്കാർക്കിടയിൽ നടത്തുന്ന കൃത്യമായ ഗ്രൂപ്പ് വര്‍ക്കുകൾ ഒരു പരിധി വരെ ആഘാതത്തിൽ നിന്ന് അവരെ പുറത്തുകടക്കാനും ശുഭാപ്തിവിശ്വാസം തിരികെ നേടാനുമുള്ള സാധ്യത ഉണ്ടാക്കും.
ഇത്തരം കുട്ടികളിലെ വലിയ ഭയത്തെയും നഷ്ടബോധത്തെയും പ്രത്യേകം കൈകാര്യം ചെയ്യാൻ തക്ക തരത്തിലുള്ള ശാസ്ത്രീയമായ സെഷന്‍സ് നല്ല രീതിയില്‍ അവരെ മാനസികാഘാതത്തിൽ നിന്ന് പുറത്തു കടക്കാൻ സഹായിക്കും.
കുടുംബങ്ങൾ മുഴുവനായോ ഭാഗികമായോ നഷ്ടപ്പെട്ട കുട്ടികളുടെ കാര്യം പ്രത്യേകമായി തന്നെ കണ്ട് ദീർഘകാലമായുള്ള കൃത്യവും ശാസ്ത്രീയവും തുടർച്ചയായുമുള്ള മാനസികാരോഗ്യ സഹായം ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്.
Play and mindfulness based expressive art therapy രൂപത്തിലുള്ളവ കുട്ടികളിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരും.
മാതാപിതാക്കൾ നഷ്ടപ്പെട്ട ചെറിയ കുട്ടികളുടെ ഇടയിൽ പ്ലേ തെറാപ്പി സെഷനുകള്‍ക്ക് കാര്യമായ മാറ്റം കൊണ്ടുവരാൻ സഹായിക്കും.
ഇത്തരം ക്രിയാത്മകവും ശാസ്ത്രീയവുമായ പദ്ധതികള്‍ നടപ്പിൽ വരുത്താൻ കൃത്യമായ പ്ലാനിങ് അത്യാവശ്യമാണ്. വളരെ വിദഗ്ധരായ പ്രഫഷണലുകളെ തയ്യാറാക്കുകയും, അവരുടെ തുടർച്ചയായ സേവനം ഉറപ്പുവരുത്തുകയും, അതിന്റെ ഇംപാക്‌റ്റ് സ്റ്റഡി നടത്തുകയും ചെയ്യേണ്ടതുണ്ട്. പലപ്പോഴും അപൂർണമായി പോവുന്നതും ഈ ഘട്ടത്തിലാണ്. തുടക്കത്തിൽ കാണിക്കുന്ന ആവേശം പുനരധിവാസ പദ്ധതികളുടെ പിന്നീടുള്ള സമയങ്ങളിൽ ഉണ്ടാവാറില്ല. വീട്, സ്‌കൂള്‍ പോലുള്ള അടിസ്ഥാന സൗകര്യ വികസനത്തിലേക്ക് മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കപ്പെടുമ്പോഴും, പുനരധിവാസ പ്രവർത്തനങ്ങളുടെ വിജയമായി അത്തരം ദൃശ്യമായ ഘടകങ്ങൾ മാറുമ്പോഴും, മനുഷ്യർ എത്രത്തോളം മാനസികമായി അത്തരം ആഘാതത്തിൽ നിന്ന് പുറത്തുകടന്നിട്ടുണ്ടെന്ന് തിട്ടപ്പെടുത്താൻ വേണ്ട സംവിധാനങ്ങൾ ഉണ്ടാകാറുണ്ടോ എന്നത് സംശയകരമാണ്.
പുത്തുമല ദുരന്തത്തിൽ ഭർത്താവ് നഷ്ടപ്പെട്ട ഒരു സ്ത്രീയെ കഴിഞ്ഞ ദിവസം കണ്ടു. ദുരന്തം കഴിഞ്ഞു 5 വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നുവരെ ആ സ്ത്രീ അതിന്റെ ആഘാതത്തിൽനിന്ന് പുറത്തുവന്നിട്ടില്ല. ഒട്ടും ആത്മവിശ്വാസമോ പ്രതീക്ഷയോ ഇല്ലാതെ ഭാവിയെ കുറിച്ചുള്ള ആശങ്കയിൽ ജീവിതം തുടരുന്ന ആ സ്ത്രീ മറ്റൊരു പ്രതിനിധിയാണ്. നമ്മുടെ നാട്ടിലെ സാമൂഹിക സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സാമൂഹിക ജീവിതം പരിമിതപ്പെട്ട സ്ത്രീകൾക്ക് പുരുഷന്മാരെപ്പോലെ ശ്രദ്ധ മാറ്റാനുള്ള പ്രവർത്തനങ്ങൾ വീടകങ്ങൾക്കു പുറത്ത് ലഭ്യമല്ല, പ്രത്യേകിച്ചും നാട്ടിൻപുറങ്ങളില്‍. അങ്ങനെയിരിക്കെ, കുട്ടികളും കുടുംബങ്ങളും നഷ്ടപ്പെട്ട സ്ത്രീകളുടെ പുനരധിവാസം പ്രത്യേകമായി പരിഗണിക്കപ്പെടുകയും, പദ്ധതികള്‍ നിര്‍മിക്കുകയും ചെയ്യേണ്ടതുണ്ട്. .