LoginRegister

കുട്ടികളിലെ വഴക്കുകള്‍ പ്രശ്‌നമാണോ?

നാജിയ ടി

Feed Back


എല്ലാ വീടുകളിലും സഹോദരങ്ങള്‍ തമ്മില്‍ വഴക്കുകളും പിണക്കങ്ങളും സാധാരണമാണ്. കളികള്‍ക്കിടയിലും പഠനത്തിനിടയിലും ഉണ്ടാകുന്ന വഴക്കുകള്‍ അടിപിടികളിലേക്കും കരച്ചിലുകളിലേക്കും നീളാറുണ്ട്. ഇതൊക്കെ കഴിഞ്ഞ് മിക്ക കുട്ടികളും നടന്നതൊന്നും ഓര്‍മയില്ലാത്ത പോലെ സ്‌നേഹത്തോടെ കളിക്കാറുമുണ്ട്. എന്നാല്‍ ഒരു പരിധിയില്‍ കവിഞ്ഞ് സഹോദരങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും മാതാപിതാക്കള്‍ക്ക് പരിഹരിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യങ്ങളും ഉണ്ടാവാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണങ്ങള്‍ പലതാവാം. കുട്ടികളെ സംബന്ധിച്ചിടത്തോളം ഇവ തീവ്രമായ വൈകാരിക പ്രശ്‌നങ്ങളിലേക്ക് നയിക്കാന്‍ ഇടയാവാം.
വീട്ടിലെ ആദ്യത്തെ കുട്ടിയായിരുന്നു അലക്‌സ്. എല്ലാവരുടെയും ഓമനക്കുട്ടിയും ശ്രദ്ധാ കേന്ദ്രവുമായിരുന്നു അവന്‍. തനിക്ക് ഒരു കുഞ്ഞനിയനോ അനിയത്തിയോ ജനിക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷമായിരുന്നു അവന്. എന്നാല്‍ ഒരു അനിയന്‍ ജനിച്ചതോടു കൂടെ അവന്‍ ആകെ മാറി. അവന്‍ എപ്പോഴും വാശിപിടിച്ചു കരച്ചിലായി. ദേഷ്യത്തോടെ അമ്മയെയും കുഞ്ഞിനെയും ഉപദ്രവിക്കാന്‍ തുടങ്ങി. കുഞ്ഞിനെ എടുക്കാനോ പാല് കൊടുക്കാനോ കൂടെ കിടക്കാനോ അമ്മയെ സമ്മതിക്കാതെയായി.
സഹോദരന്റെ ജനനത്തോടെ വീട്ടിലും മാതാപിതാക്കള്‍ക്കിടയിലും തന്റെ പ്രാധാന്യം കുറഞ്ഞുപോയി എന്ന ചിന്തയാണ് അലക്‌സിന് ഇത്തരം പെരുമാറ്റ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ കാരണമായത്. ഇത്രയും കാലം അവനു വേണ്ടി മാത്രം സമയം ചെലവഴിച്ചിരുന്ന വീട്ടിലെ എല്ലാവരും കുഞ്ഞുവാവയെ ഓമനിക്കുന്നതും താലോലിക്കുന്നതും അവന് പ്രശ്‌നമായി. അതുമാത്രമല്ല വീട്ടില്‍ വരുന്നവരെല്ലാം കുഞ്ഞിന് ധാരാളം സമ്മാനങ്ങള്‍ കൊണ്ടുവരുന്നു. ചിലരെങ്കിലും ‘ ഇനി നിന്നെ ആര്‍ക്കും വേണ്ട, നീ ഔട്ടായി’, ‘എല്ലാവര്‍ക്കും ഇനി കുഞ്ഞുവാവ ഉണ്ടല്ലോ’ തുടങ്ങിയ വര്‍ത്തമാനങ്ങളൊക്കെ കുഞ്ഞലക്‌സിനോട് പറഞ്ഞിരുന്നു. ‘അനിയന്‍ ഒക്കെ വന്നില്ലേ ഇനി നീ വലിയ കുട്ടിയാണ്’ എന്ന് വീട്ടിലുള്ളവര്‍ തന്നെ പറയാന്‍ തുടങ്ങിയതും അവന്റെ കുഞ്ഞു മനസ്സ് തകര്‍ത്തു. അമ്മ പ്രസവത്തിനായി ആശുപത്രിയില്‍ പോയപ്പോള്‍ അവനെ കൊണ്ടുപോകാതിരുന്നതും കുഞ്ഞു ജനിച്ച ശേഷം അമ്മയോടൊപ്പം കിടക്കാന്‍ പറ്റാത്തതും വീട്ടില്‍ താന്‍ തഴയപ്പെട്ടു എന്ന തോന്നല്‍ അവനില്‍ ഉണ്ടാക്കി.
ഇളയ സഹോദരങ്ങളുടെ ജനന ശേഷം വീട്ടിലെ മൂത്തകുട്ടികളില്‍ ഉണ്ടാകുന്ന ഇത്തരം പ്രശ്‌നങ്ങളെ സിബ്ലിങ് റൈവലറി ഡിസോഡര്‍ (sibling rivalry diosrder) എന്ന് പറയുന്നു.
ഈ അവസ്ഥയുടെ പ്രധാന
ലക്ഷണങ്ങള്‍
. ഇളയ കുഞ്ഞുങ്ങളോടുള്ള മത്സരവും അസൂയയും.
. വൈകാരികമായ അസ്വസ്ഥതകള്‍.
. ശ്രദ്ധ കിട്ടാനും വാത്സല്യത്തിനും വേണ്ടിയുള്ള മത്സരം.
. പഠിച്ചതും നേടിയതുമായ കഴിവുകളില്‍ പലതും നഷ്ടമായി പോവുക.
. ചെറിയ കുട്ടികളെ പോലെ പെരുമാറുക.
. ഇളയ കുട്ടിയുടെ പെരുമാറ്റങ്ങള്‍ അനുകരിക്കുക.
. മറ്റുള്ളവരെ, പ്രധാനമായും സഹോദരങ്ങളെ ഉപദ്രവിക്കുക.
. അനുസരണക്കേട് കാണിക്കുകയും തട്ടിക്കയറുകയും ചെയ്യുക.
ഇളയ കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നതിനു മുമ്പ് തന്നെ കുഞ്ഞിനെക്കുറിച്ചും കുഞ്ഞിനും മാതാപിതാക്കള്‍ക്കും മൂത്ത കുട്ടി എത്രത്തോളം പ്രിയപ്പെട്ടതാണെന്നും മനസ്സിലാക്കി കൊടുക്കണം. ഗര്‍ഭകാലത്തും പ്രസവാനന്തരവും എല്ലാ തീരുമാനങ്ങളിലും മൂത്ത കുഞ്ഞുങ്ങളെ ഉള്‍പ്പെടുത്തുക. കുഞ്ഞുവാവയ്ക്ക് സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാത്തതിനാല്‍ മൂത്ത കുട്ടിയുടെയും അച്ഛനമ്മമാരുടെയും സഹായം വേണ്ടിവരുമെന്നും അത് നമ്മുടെ കടമയാണെന്നും പറഞ്ഞു കൊടുക്കണം. മൂത്ത കുട്ടിയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള സംസാരങ്ങള്‍ ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അത് അവരുടെ മുന്നില്‍ വച്ച് തന്നെ തിരുത്തുകയും കുട്ടിയെ ആശ്വസിപ്പിക്കുകയും ചെയ്യുക. മൂത്ത കുട്ടിയോട് സംസാരിക്കാനും വിശേഷങ്ങള്‍ പങ്കുവയ്ക്കുവാനും മാതാപിതാക്കള്‍ തീര്‍ച്ചയായും സമയം കണ്ടെത്തേണ്ടതുണ്ട്. വഴക്കുകള്‍ ഉണ്ടാകുമ്പോള്‍ രണ്ടു കുട്ടികളുടെയും ഭാഗം കേട്ട് ഒരാളുടെ പക്ഷം ചേരാതെ ഉപദേശിക്കുക. കലഹത്തിലൂടെയും അടിപിടികളിലൂടെയും അല്ലാതെ എന്ത് കാര്യവും തീരുമാനിക്കാം എന്നും ശാരീരിക ഉപദ്രവങ്ങള്‍ മറ്റുള്ളവര്‍ക്ക് എന്തെല്ലാം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെന്നും ആരെയും ഉപദ്രവിക്കുവാനുള്ള അവകാശം ആര്‍ക്കും ഇല്ല എന്നും പറഞ്ഞു ബോധ്യപ്പെടുത്തുക. മാതാപിതാക്കള്‍ക്ക് തനിയെ നിയന്ത്രിക്കാന്‍ പ്രയാസം ഉണ്ടെങ്കില്‍ തീര്‍ച്ചയായും വിദഗ്ധരുടെ
സഹായം തേടുക.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top