LoginRegister

കളിക്കളത്തില്‍ കാത്തുനില്‍ക്കുന്ന കൂട്ടുകാര്‍

സഹീറാ തങ്ങള്‍

Feed Back


ജൂണ്‍, വീണ്ടും ഒരു അധ്യയന വര്‍ഷാരംഭം! വീണ്ടും വര്‍ഷകാലം. കുഞ്ഞുങ്ങള്‍ സ്‌കൂള്‍ തുറക്കുന്നതിന്റെ ആഹ്ലാദത്തിമര്‍പ്പിലാണ്. മാതാപിതാക്കള്‍ അങ്കലാപ്പിന്റെയും.
ഇക്കൊല്ലവും പേമാരി തകര്‍ത്തു താണ്ഡവനൃത്തമാടുമോ? ക്ലാസ്‌റൂമുകള്‍ക്ക് പകരം കമ്പ്യൂട്ടര്‍ (ഓണ്‍ ലൈന്‍) വരുമോ? ഈ വര്‍ഷം ഏതു ട്യൂഷന്‍ സെന്ററില്‍ അയക്കും? ഇത്തവണ ക്ലാസില്‍ ഒന്നാമത് എത്തുമോ?
എന്റെ സ്‌കൂള്‍ കാലം ഓര്‍മ വരുന്നു. വൈകുന്നേരം ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയാല്‍ പിന്നെ പുസ്തകങ്ങള്‍ ടേബിളില്‍ വെച്ച്, ഉമ്മ തരുന്ന ചായയും പലഹാരങ്ങളും കഴിച്ചു മുറ്റത്തേക്ക്, കാത്തുനില്‍ക്കുന്ന കൂട്ടുകാരുടെ അടുത്തേക്ക് ഒരു ഓട്ടമാണ്.
പള്ളിക്കുന്നിലെ സൈക്കിള്‍ കടയില്‍ നിന്ന് ഒരു മണിക്കൂറിനു ഒരു രൂപ നിരക്കില്‍ സൈക്കിള്‍ വാടകക്കു കിട്ടും. അത് എടുത്തുകൊണ്ടു മുറ്റത്തു കാത്തുനില്‍പുണ്ടാവും കളിക്കൂട്ടുകാരായ കുഞ്ഞയമിയും കുമാരനുമൊക്കെ. ഓരോരുത്തര്‍ക്കും മൂന്നു റൗണ്ട് എന്ന തോതില്‍ തകൃതിയായ സൈക്കിള്‍ പഠനമാണ് പിന്നെ. ബാലന്‍സ് ശരിയാക്കി പഠിപ്പിച്ചുതരാന്‍ മാനുട്ട്യാക്കയോ ഹാഷിംക്കയോ കാണും.
പരിശീലനത്തിനിടയ്ക്ക് മുറ്റത്തിന്റെ അതിരില്‍ പടര്‍ന്നു പന്തലിച്ച ബോഗണ്‍വില്ലയിലേക്കു മറിഞ്ഞു വീണു മേലാസകലം മുള്ളു കൊണ്ട് പോറി രക്തം കിനിഞ്ഞാലും സൈക്കിള്‍ ഓടിക്കാനുള്ള ആവേശത്തിനു ഒരു കുറവും വരില്ല.
ഒരു ദിവസം സൈക്കിളാണെങ്കില്‍ പിറ്റേന്ന് തറവാട്ടുകുളത്തിലെ നീന്തിത്തിമര്‍ക്കലാണ്. കുളത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന മരത്തില്‍ വലിഞ്ഞു കയറി, കിണറോളം ആഴമുള്ള കുളത്തിലേക്കു വിരലു കൊണ്ട് മൂക്കു പൊത്തിപ്പിടിച്ചു എടുത്തുചാടിയിരുന്നത്… ആഴങ്ങളിലേക്ക് ഒരു പഞ്ഞിത്തുണ്ടായി താഴ്ന്നു താഴ്ന്നു ജലനിരപ്പിലേക്കുള്ള ഒരു കുതിപ്പുണ്ട്. ഉപരിതലത്തിലെത്തുമ്പോള്‍ അന്ന്, ആദ്യം ജീവശ്വാസം എടുക്കുന്നപോലെ തോന്നും.
ഉപ്പും പക്ഷിയും ഒളിച്ചുകളിയും പന്തുകളിയും മാവിനു മുകളില്‍ കയറി കോലിട്ടു കളിയും ഊഞ്ഞാലാട്ടവും എല്ലാമായി എന്തൊരു സന്തോഷത്തിമര്‍പ്പായിരുന്നു!
രാവിലെ മുതല്‍ വൈകുന്നേരം വരെ സ്‌കൂളുമായി മല്ലടിച്ചു വരുന്ന കുഞ്ഞുങ്ങള്‍ക്ക് അര മണിക്കൂര്‍ പോലും വിശ്രമിക്കാനോ കളിക്കാനോ സമയമില്ലാതെ ട്യൂഷന് അയക്കുന്നു ഇന്ന്. സ്‌കൂളിലെ ഇടവേളകളില്‍ ക്ലാസിലെ കൂട്ടുകാരോടൊത്തു കളിക്കാനും കൊച്ചു വര്‍ത്തമാനം പറഞ്ഞിരിക്കാനും ഒന്നും പല സ്‌കൂളുകളിലും ഇന്ന് അനുവദിക്കുന്നില്ല.
നന്നായി പഠിക്കുന്ന കുട്ടികള്‍ പോലും മനസ്സു മടുത്ത് ഉല്‍സാഹം നശിച്ചു തൂങ്ങിപ്പിടിച്ചിരിപ്പാണ്. എത്രയോ കുട്ടികള്‍ വിഷാദത്തിനടിപ്പെട്ടു ക്ലിനിക്കില്‍ കൗണ്‍സലിങിനായി എത്തുന്നു. ആധിയോടെ മാതാപിതാക്കള്‍ പറയുന്നു, എന്റെ മകന്‍/മകള്‍ ഇപ്പോള്‍ പഴയതുപോലെയല്ല. മിടുക്കോടെ പഠിച്ചിരുന്ന കുട്ടി ഇപ്പോള്‍ പുസ്തകം കാണുമ്പോള്‍ പോലും അസ്വസ്ഥരാവുന്നു എന്ന്.
നമ്മുടെ മക്കള്‍ നമ്മളെപ്പോലെ തന്നെ കളിച്ചു തിമര്‍ത്തു, പഠിച്ചു വളരേണ്ടവരല്ലേ എന്ന് നമ്മള്‍ ആലോചിക്കാതെ പോയത് എന്താണ്? പുസ്തകത്തിനുള്ളില്‍, ഉയര്‍ന്ന മാര്‍ക്കിനുള്ളില്‍, ചങ്ങലയിട്ട് പൂട്ടി വെക്കേണ്ടത് മാത്രമാണോ അവരുടെ ബാല്യം?
ഉല്‍സാഹം ഉള്ളില്‍ നിന്നു വരേണ്ടതാണ്. നമ്മുടെ താല്‍പര്യങ്ങള്‍ക്ക് വിഘാതമാവുന്ന എന്തിനെയും കാലക്രമേണ നമ്മള്‍ വെറുക്കുകയും അകറ്റുകയും ചെയ്യും. അവര്‍ പുസ്തകങ്ങളെ കാണുമ്പോള്‍ അസ്വസ്ഥമാവുന്നുണ്ടെങ്കില്‍ അത് അവരുടെ നഷ്ടബാല്യത്തിന്റെ നെടുവീര്‍പ്പാണ് എന്നറിയുക.
ഒരുവിധം കുഴപ്പമില്ലാതെ പഠിപ്പിക്കുന്ന സ്‌കൂളാണെങ്കില്‍ പിന്നെ വൈകുന്നേരങ്ങളിലെ ട്യൂഷന്‍ ഒഴിവാക്കുക. അല്ലെങ്കില്‍ പഠിക്കാന്‍ പ്രയാസമുള്ള ഒന്നോ രണ്ടോ വിഷയങ്ങള്‍ക്ക് മാത്രം ട്യൂഷന്‍ നല്‍കുക. അത് ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമായി ചുരുക്കുക.
സ്‌കൂളുകള്‍ പിഇ പീരിയഡില്‍ മാത്രമായി കളികള്‍ ഒതുക്കാതെ ഇടവേളകളില്‍ അവരെ തുറന്നുവിടുക. പുസ്തകത്തില്‍ മാത്രം മുഖം പൂഴ്ത്തി, ആഹ്ലാദമില്ലാത്ത ഒരു മുഖമാവരുത് നമ്മുടെ പുതുതലമുറയുടേത്.
‘പഠിച്ചു വളരുക’ എന്നതല്ല നമ്മുടെ മക്കളോട് പറയേണ്ടത്. ‘കളിച്ചു തിമര്‍ത്ത്, പഠിച്ച് ഉയരുക’ എന്നതാണ്. കാത്തുനില്‍ക്കുന്ന കൂട്ടുകാരുള്ള കളിമുറ്റങ്ങള്‍ അന്യംനിന്നുപോകാതിരിക്കട്ടെ.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top