അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ ഏറെ സ്വീകാര്യതയുള്ള ആളായിരുന്നു ബീര്‍ബല്‍. ഒരു വേള ദേഷ്യം വന്നപ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി ബീര്‍ബലിനെ രാജകൊട്ടാരത്തില്‍ നിന്ന്പുറത്താക്കി. ബീര്‍ബല്‍ ദൂരെയുള്ള ഗ്രാമത്തില്‍ വേഷപ്രഛന്നനായി ജീവിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ രാജാവിന് മനസ്സിലായി, ബീര്‍ബല്‍ ഇല്ലാതെ മുന്നോട്ടുപോകാന്‍ ആകില്ല. അദ്ദേഹത്തിന്റെ ബുദ്ധിയാണ് രാജാവിനെ പലപ്പോഴും രക്ഷിച്ചത്. അതുകൊണ്ട് എങ്ങനെയെങ്കിലും ബീര്‍ബലിനെ രാജകൊട്ടാരത്തിലേക്ക് തിരിച്ചുവിളിക്കണം. രാജ്യം മുഴുവന്‍ ഭടന്മാര് ബീര്‍ബലിനെ അന്വേഷിച്ചു. പക്ഷേ അവര്‍ക്ക് ബീര്‍ബലിനെ കണ്ടെത്താനായില്ല.
രാജാവ് ആ സന്ദര്‍ഭത്തില്‍ ഒരു ബുദ്ധി പ്രയോഗിച്ചു. തന്റെ ഗ്രാമത്തലവന്മാര്ക്കായി ഒരു കല്‍പ്പന പുറപ്പെടുവിച്ചു. എല്ലാ ഗ്രാമത്തില്‍ നിന്നും ഒരു കലം നിറയെ അറിവോ, പണമോ കൊണ്ടുവരണം. എല്ലാവരും കലത്തില്‍ പണം നിറയ്ക്കാനുള്ള വഴികളെ കുറിച്ച് ആലോചിക്കുന്ന തത്രപ്പാടില്‍ ആയിരുന്നു. എന്നാല്‍ ബീര്‍ബല്‍ ചെറിയ തണ്ണിമത്തന് കലത്തിലിട്ട് തണ്ട് മുറിക്കാതെ നിര്‍ത്തി. അത് കലത്തിനൊപ്പം വളര്‍ന്നപ്പോള്‍ തണ്ടുമുറിച്ച് കൊട്ടാരത്തില്‍ എത്തിച്ചു. ഒരു നിര്‍ദ്ദേശവും ഉണ്ടായിരുന്നു. മത്തന്‍ മുറിക്കാതെയും കലം പൊട്ടിക്കാതെയും ഫലം പുറത്തേക്കെടുക്കണം. അത് ബീര്‍ബലിന്റെ ബുദ്ധിയാണെന്ന് രാജാവ് തിരിച്ചറിഞ്ഞു. അദ്ദേഹത്തെ വിളിച്ചുവരുത്താനുള്ള കല്‍പ്പന നല്കി.
അറിവുള്ളവരാണ് എവിടെയും ആദരിക്കപ്പെടുന്നത്. ബുദ്ധിയും സാമര്‍ഥ്യവും ഉപയോഗപ്പെടുത്തി അറിവിനെ അടയാളപ്പെടുത്താന്‍ കഴിയുന്നവരെ ആര്‍ക്കും അവഗണിക്കാനാകില്ല. പണത്തിന്റെയും ഭൗതികതയുടെയും പിന്‍ബലത്തില്‍ മനുഷ്യന് നേടുന്ന അധികാരങ്ങള്‍ക്കും അംഗീകാരങ്ങള്‍ക്കും അല്പായുസേ കാണൂ. എന്നാല്‍ അറിവും വിവേകവും ഉപയോഗപ്പെടുത്തി അവന് ചെയ്യുന്ന നന്മയുടെ അടയാളങ്ങള്‍ എന്നും അവശേഷിക്കും. ഇങ്ങനെയുള്ളവര്‍ അവരുടെ ആയുസ്സിനു ശേഷവും ഭൂമിയില്‍ ജീവിക്കുന്നവരാണ്. അവരുടെ അസാന്നിധ്യത്തിന് മറ്റുള്ളവര്‍ വലിയ വില കൊടുക്കേണ്ടി വരികയും ചെയ്യും.
ഒരോരുത്തര്‍ക്കും അവരവരുടേതായ കര്‍മവഴികള്‍ ജീവിതത്തിലുണ്ട്. കാലത്തിന്റെ കയ്യൊപ്പ് ചാര്‍ത്തി നമ്മുടെ കര്‍മങ്ങളില്‍ വ്യത്യസ്തത പുലര്ത്തുന്നതോടെ നാം അനന്യരായി തീരുന്നു. പുതിയ കാര്യങ്ങളെ വ്യത്യസ്ത വഴികളിലൂടെ മികവ് തെളിയിച്ച് ചെയ്യാനായാല്‍ അത് മറ്റുള്ളവരുടെ ഹൃദയത്തിലിടം നേടും. എന്തെങ്കിലുമൊക്കെ ചെയ്യുന്നവര്‍ എങ്ങനെയെങ്കിലുമൊക്കെ കടന്നുപോകും. എന്നാല്‍ കര്‍മവഴിയില്‍ അടയാളങ്ങള്‍ അവശേഷിപ്പിക്കുന്നവര്‍ക്ക് അസ്തമിക്കാനാകില്ല. അവര്‍ എന്നും പകരക്കാരില്ലാത്തവരായി ഓര്‍മിക്കപ്പെടും.