LoginRegister

കരീം ഗ്രാഫിയുടെ കാലിഗ്രഫി ജീവിതം

നാദിര്‍ഷാ മുഹമ്മദ്‌

Feed Back


മലയാളികള്‍ക്ക് അത്ര സുപരിചിതമായിരുന്നില്ല അറബിക് കാലിഗ്രഫി എന്ന കലാരൂപം. ആ സങ്കേതത്തെ കേരളത്തില്‍ ഇത്രയേറെ ജനകീയമാക്കി മാറ്റിയതിനു പിന്നില്‍ കരീം ഗ്രാഫി എന്ന കലാകാരന് വലിയ പങ്കുണ്ട്. കാലിഗ്രഫിയുടെ ക്ലാസിക് രീതിയും അതിന്റെ ജനകീയ വഴിയും ഒരുപോലെ വഴങ്ങുന്ന കക്കോവ് സ്വദേശിയായ കരീം ഗ്രാഫി ഇന്ന് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായ കലാകാരനാണ്.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന കാലിഗ്രഫികളിലൂടെയാണ് കരീം ഗ്രാഫി ജനശ്രദ്ധയില്‍ വരുന്നത്. കാലിഗ്രഫിയെ പ്രതിഷേധത്തിനും പ്രതികരണത്തിനുമുള്ള ഉപാധിയായി സ്വീകരിക്കുക കൂടിയായിരുന്നു ആദ്യകാലത്ത് കരീം. കാലിഗ്രഫിയെ ജനകീയമാക്കിയതിലൂടെ മാത്രമല്ല ഒരു കലാരൂപമെന്ന നിലയില്‍ അതിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി പുതിയ കലാസംസ്‌കാരം രൂപപ്പെടുത്തിയതിലൂടെ കൂടിയാണ് കരീം വേറിട്ടുനില്‍ക്കുന്നത്.
ഇക്കഴിഞ്ഞ ലോകക്കപ്പ് ഫുട്‌ബോള്‍ കാലത്ത് ഖത്തറില്‍ അറബി കാലിഗ്രഫിയുടെ സാധ്യതകള്‍ ഉപയോഗിച്ച് കരീം ചെയ്ത ഗ്രാഫിറ്റി വര്‍ക്കുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലോകത്തെ ശ്രദ്ധേയരായ ഗ്രാഫിറ്റി ആര്‍ട്ടിസ്റ്റുകള്‍ക്ക് ഒപ്പമായിരുന്നു കരീം ഖത്തറിലെ തെരുവില്‍ കലാവിഷ്‌കാരങ്ങള്‍ നടത്തിയത്. കാലിഗ്രഫി പഠിക്കുന്നതിനും ഇസ്‌ലാമിക് ആര്‍ട്ടിന്റെ സാധ്യതകളെ മനസ്സിലാക്കുന്നതിനും ഇസ്‌ലാമിക ലോകത്തെ കലാവിഷ്‌കാരങ്ങളെ തൊട്ടറിയുന്നതിനുമായി കരീം വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചിലയിടങ്ങളില്‍ അതിഥിയായി പോവുകയും ചെയ്തു.
സാമൂഹിക-രാഷ്ട്രീയ നിലപാടുകളുടെ ആവിഷ്‌കാര മാധ്യമായിട്ടാണ് ആദ്യകാലത്ത് കരീം കാലിഗ്രഫിയെ ഉപയോഗിച്ചിരുന്നതെങ്കിലും കൂടുതല്‍ പഠനത്തിലൂടെയും അന്വേഷണത്തിലൂടെയും അതിന്റെ സൗന്ദര്യദര്‍ശനവും ആധ്യാത്മിക മാനവും കണ്ടെത്തുകയും ആത്മാവുള്‍ക്കൊള്ളുന്ന സൗന്ദര്യാവിഷ്‌കാരമായി കാലിഗ്രഫിയെ തന്റേതായ രീതിയില്‍ വിപുലപ്പെടുത്തുകയുമാണ് കരീം ചെയത്.
കേരളത്തില്‍ കാലിഗ്രഫി രംഗത്തുണ്ടായ ഉണര്‍വിന് കരീം ഗ്രാഫിയുടെ ഇടപെടല്‍ ഗുണകരമായിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് നിരവധി പെണ്‍കുട്ടികള്‍ അടക്കം ഈ രംഗത്തേക്ക് കടന്നുവരികയുണ്ടായി. കരീമിന്റെ കാലിഗ്രഫികള്‍ പകര്‍ത്തിവരച്ചാണ് പലരുടെയും തുടക്കവും അന്വേഷണവും. കരീമിന്റെ പല കാലിഗ്രഫികള്‍ക്കും വിവിധ രാജ്യങ്ങളില്‍ പുനര്‍വരകളും തുടര്‍ച്ചകളുമുണ്ടാകുന്നുണ്ട്. പുതിയ രീതികളും സങ്കേതങ്ങളും രൂപപ്പെടുത്താന്‍ പല രാജ്യങ്ങളിലുള്ള കാലിഗ്രഫി ആര്‍ട്ടിസ്റ്റുകളുടെ കൂടിയിരിക്കലിലൂടെയും സംവാദങ്ങളിലൂടെയും സാധ്യമാകുന്നുണ്ടെന്നും കരീം പറയുന്നു. യാത്രകളിലൂടെയും അന്വേഷണങ്ങളിലൂടെയുമാണ് വിശാലമായ ലക്ഷ്യങ്ങളും സാധ്യതകളുമുണ്ടാവുന്നത്.
ഗ്രാഫിറ്റിയിലേക്കുള്ള മാറ്റം പുതിയ ഊര്‍ജമാണ് കരീമിന് പകര്‍ന്നിരിക്കുന്നത്. ഗ്രാഫിറ്റി വര്‍ക്കുകള്‍ നേരിട്ട് ജനങ്ങളുമായി സംവദിക്കുന്നുവെന്നതിനാല്‍ സൗന്ദര്യതലത്തിനപ്പുറമുള്ള സംവേദനം കൂടി സാധ്യമാവുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളിലടക്കം ക്ലാസെടുക്കുകയും ലോകത്തെ പ്രശസ്തരായ കാലിഗ്രഫി ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനുള്ള അവസരമുണ്ടാവുകയും ചെയ്തു. കാലിഗ്രഫി ഒരു ലൈഫ് സ്റ്റൈലായി മാറ്റിയാണ് കരീമിന്റെ യാത്ര.

കരീം ഗ്രാഫി തന്റെ കലാജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു.
കാലിഗ്രഫി
അക്ഷരങ്ങളുടെ തനിമ നിലനിര്‍ത്തി ഏറ്റവും മനോഹരമായ രൂപത്തില്‍ വിന്യസിക്കുക എന്നതാണ് കാലിഗ്രഫി. സൗന്ദര്യാത്മകമായി അക്ഷരങ്ങളെ വിന്യസിക്കുന്ന രീതി. അത് പണ്ടുമുതലേ ഉണ്ട്. മറ്റു പല ഭാഷകളിലും ഈ കലയുണ്ടെങ്കിലും ഏറെ പ്രചാരം നേടിയത് അറബി കാലിഗ്രഫിയാണ്. അതിന്റെ ഒരു കാരണം ഖുര്‍ആനും കൂടിയാണ്. ഏറ്റവും കൃത്യമായ നിയമങ്ങളും ശാസ്ത്രീയമായ രീതിയില്‍ ഇതിനെ പഠിപ്പിക്കാനും സംവിധാനങ്ങളുണ്ട്.
ഇന്ത്യയിലും അറബി കാലിഗ്രഫി എത്തുന്നത് അറബ് നാടുകളില്‍ നിന്നുതന്നെയാണ്. ഉസ്മാനിയാ കാലഘട്ടത്തിലാണ് അറബി കാലിഗ്രഫി ഏറ്റവും കൂടുതലായി ജനകീയമായതും പ്രചരിപ്പിക്കപ്പെട്ടതും. ആദ്യത്തെ സ്‌ക്രിപ്റ്റുകള്‍ കൂഫിക് സ്‌ക്രിപ്റ്റാണ്. ഇറാഖിലെ കൂഫയാണ് കൂഫി. ഇതില്‍ നിന്നാണ് പല കാലിഗ്രഫി സ്‌റ്റൈലുകളും രൂപപ്പെടുത്തുന്നതും വികസിക്കുന്നതും.
സാധ്യതകള്‍
വിപുലമായ സാധ്യതകള്‍ കലിഗ്രഫിക്കുണ്ട്. ഒരു കലാരൂപമെന്ന നിലയ്ക്കുള്ള സാധ്യതകളേറെയുണ്ട്. കൊറിയ, ജപ്പാന്‍, ചൈന, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലെല്ലാം അറബി കാലിഗ്രഫി അമുസ്‌ലിംകള്‍ പോലും ശാസ്ത്രീയമായി പഠിക്കുന്നുണ്ട്. അറബി കാലിഗ്രഫി സമകാലിക, മോഡേണ്‍ സ്റ്റൈല്‍ ഗള്‍ഫ് നാടുകളില്‍ കാണുന്നുണ്ട്. ഫ്യൂച്വര്‍ മ്യൂസിയം ഉള്‍പ്പെടെ അറബിക് കാലിഗ്രഫിയില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. അറബി സ്‌ക്രിപ്റ്റില്‍ നിന്ന് ഇത്തരമൊരു ആര്‍ക്കിടെക്ചര്‍ ഉണ്ടാവുക എന്നത് കൗതുകകരവും ആവേശകരവുമാണ്. ഏറ്റവും മനോഹരമായ കെട്ടിടം എന്ന് വിളിക്കുന്ന ഫ്യൂച്വര്‍ മ്യൂസിയം മുതല്‍ ഒരുപാട് പള്ളികളിലും കലിഗ്രഫി നമുക്ക് കാണാം. ഒരു സമൂഹം എന്ന നിലക്ക് നല്‍കുന്ന ഉന്മേഷം, ഉണര്‍വ്, പ്രത്യേകിച്ച് വിദ്യാഭ്യാസരംഗത്തുണ്ടാകുന്നത് അറബി കലിഗ്രഫിയുടെ ഒരു സാധ്യതയാണ്.
പരസ്യരംഗത്തും കാലിഗ്രഫി ഉപയോഗപ്പെടുത്തുന്നുണ്ട്. കണ്ടംപററി, ഗ്രാഫിറ്റി, വാള്‍ ആര്‍ട്ട് തുടങ്ങി നമ്മുടെ ജീവിത പരിസരത്തേക്ക് കാലിഗ്രഫി കടന്നുവരികയാണ്. കേരളത്തില്‍ ഈ കല പഠിപ്പിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വരുന്നുണ്ട്.

കാലിഗ്രഫി യാത്രകള്‍
കാലിഗ്രഫിയുമായി ബന്ധപ്പെട്ട് തുര്‍ക്കിയും ഉസ്‌ബെകിസ്താനും ഈജിപ്തും സന്ദര്‍ശിച്ചു. അറബി കാലിഗ്രഫിയുടെ പാരഡൈസ് എന്നറിയപ്പെടുന്ന തുര്‍ക്കിയില്‍ രണ്ട് തവണ പോയിട്ടുണ്ട്. ദോഹയില്‍ ജോലി ചെയ്യുന്ന സമയത്ത് സ്ഥിരമായി നമസ്‌കരിക്കാന്‍ പോകുന്ന പള്ളിയില്‍ തുര്‍ക്കിയില്‍ നിന്നുള്ള ക്രിയേറ്റര്‍ ഡയറക്ടര്‍ ഉണ്ടായിരുന്നു. എന്റെ കാലിഗ്രഫി ചിത്രങ്ങള്‍ ഒക്കെ അദ്ദേഹം കണ്ടു. ചില വര്‍ക്കുകള്‍ ചെയ്തുകൊടുത്തു. അപ്പോള്‍ അദ്ദേഹം എന്തായാലും തുര്‍ക്കി സന്ദര്‍ശിക്കണമെന്നു പറഞ്ഞു. തുര്‍ക്കിയെ കുറിച്ച് കുറേ കേട്ടിട്ടുണ്ട്. ഉസ്മാനിയാ കാലഘട്ടത്തിലാണ് കാലിഗ്രഫി ഈ രൂപത്തിലേക്ക് വികാസം പ്രാപിച്ചത്. അതുകൊണ്ട് അത് നേരില്‍ കാണുക എന്ന ഉദ്ദേശ്യമുണ്ടായിരുന്നു. അറിയപ്പെട്ട ഉസ്താദുമാര്‍ മുഴുവനും അവിടെയാണുണ്ടായിരുന്നത്. ഏതൊരു മനുഷ്യനും പാരമ്പര്യ കാലിഗ്രഫിയില്‍ ഡിഗ്രിയെടുക്കാന്‍ പോകുന്ന സ്ഥലമാണ് തുര്‍ക്കി. എന്റെ ഉസ്താദ് ഉത്തര്‍പ്രദേശിലുള്ള വഹീദുസ്സമാന്‍ ഇപ്പോള്‍ തുര്‍ക്കിയിലാണുള്ളത്. ഒരു മാസം അവിടെ താമസിച്ച് പഠിക്കാന്‍ പോയതാണ് അദ്ദേഹം. അക്കാദമിക് പഠനരീതിയൊന്നുമല്ല. ഗുരുകുല സമ്പ്രദായമാണ്. അടുത്ത് പോയിരുന്ന് എഴുതിപ്പഠിക്കാന്‍ ഉദ്ദേശിച്ച് പോയതാണ്. ഇക്കാലത്ത് അതൊക്കെ ഒരു വലിയ സംഭവമാണ്. ജോലിയൊക്കെ ഒഴിവാക്കി പോയിരുന്ന് പഠിക്കുകയാണ് അദ്ദേഹം. കലയോടുള്ള അദ്ദേഹത്തിന്റെ പാഷനാണത്. ആ ഉദ്ദേശ്യത്തോടെയാണ് ഞാനും പോയത്. ആദ്യത്തെ പോക്കില്‍ ഞാന്‍ സക്കീല്‍ ഹാഷിമി, മുഹമ്മദ് സൈഫ് എന്നിവരെയൊക്കെ കണ്ടു. അവരുടെ നിര്‍ദേശങ്ങള്‍ കിട്ടി. അവിടത്തെ സ്ഥാപനങ്ങളും പള്ളികളും സന്ദര്‍ശിച്ചു.
രണ്ടാം തവണ ഞാന്‍ പോയത് മോഡേണ്‍ അറബിക് കാലിഗ്രഫിയില്‍ ക്ലാസെടുക്കാന്‍ വേണ്ടിയായിരുന്നു. ആദ്യത്തെ പോക്ക് പഠിക്കാന്‍ ആയിരുന്നെങ്കില്‍ രണ്ടാമത്തേത് പഠിപ്പിക്കാന്‍ വേണ്ടിയായിരുന്നു. റഷ്യന്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവര്‍ക്കടക്കം മോഡേണ്‍ അറബിക്കിലുള്ള എന്റെ വര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. നാലഞ്ച് രാജ്യങ്ങളുള്ള കമ്മ്യൂണിറ്റി എന്നെ ക്ഷണിക്കുകയായിരുന്നു. അങ്ങനെ ഞാന്‍ അവിടെ പോയി ക്ലാസെടുത്തു. കൊനിയ പോലുള്ള സ്ഥലങ്ങള്‍ കാണാന്‍ പറ്റി. ഫീ മാഫിഹി ഒക്കെ നേരിട്ട് കാണാന്‍ പോയി. റൂമിയുടെ ഖബറിടത്തില്‍ പോയി. കൊനിയക്കാരനായ സുഹൃത്തിനൊപ്പം ഇസ്താംബൂളില്‍ താമസിച്ചു. യാത്രയില്‍ കിട്ടുന്നതാണ് ഇത്തരത്തിലുള്ള നല്ല മനുഷ്യരെ കാണാനുള്ള അവസരം.
ഗ്രീന്‍ ആര്‍ട്ട് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഒരു വര്‍ക്ക്‌ഷോപ്പ് ടൂറില്‍ ഉസ്‌ബെകിസ്താന്‍ സന്ദര്‍ശിച്ചു. അവിടെ ഇസ്ലാമിക് ആര്‍ട്ടിന്റെ ശേഷിപ്പുകള്‍ സമര്‍ഖന്ദിലും ബുഖാറയിലുമുണ്ട്. താഷ്‌കന്റിലൊക്കെ അതിമനോഹരമായ പള്ളിയാണുള്ളത്. ടര്‍ക്കോയിസ് നിറത്തിലുള്ള പള്ളികള്‍. ഉസ്‌ബെക്കിസ്താന്‍കാര്‍ക്ക് ഇന്ത്യക്കാരോട് വലിയ സ്നേഹമാണ്. തുര്‍ക്കിക്കു മുമ്പ് ഇസ്ലാമിക കലകള്‍ ഇവിടെ എത്തിയിട്ടുണ്ട്. ഇസ്ലാമിക് ജ്യോമട്രിക് പാറ്റേണ്‍ ഏറ്റവും കൂടുതല്‍ ഇപ്പോള്‍ കാണാന്‍ പറ്റുന്നത് ഉസ്‌ബെക്കിസ്താനിലാണ്. സമര്‍ഖന്ദിലാണ് ഏറ്റവും കൂടുതലുള്ളത്.
ഈജിപ്ത് ഏറ്റവും പുരാതനമായ സ്ഥലമാണ്. ഇതില്‍ കെയ്‌റോ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ആദിമ മനുഷ്യരോളം പഴക്കമുള്ള ഇടങ്ങള്‍. കുടുംബത്തോടൊപ്പമായിരുന്നു ഈ യാത്ര. പ്രിസപ്ഷന്‍ 50ഓളം വരുന്ന കെട്ടിടങ്ങളുടെ മുകളില്‍ എല്‍സീസ് എന്ന അറബിക് കാലിഗ്രഫി ആര്‍ട്ടിസ്റ്റ് ചെയ്ത മനോഹരമായ ആര്‍ട്ടുണ്ട് അവിടെ. മലമുകളില്‍ നിന്ന് നോക്കിയാല്‍ മാത്രമേ നമുക്കത് കാണാന്‍ സാധിക്കൂ. അദ്ദേഹത്തിനൊപ്പം ‘അല്‍കലം’ എന്ന ഗ്രാഫിറ്റി ചെയ്യാന്‍ എനിക്കും സാധിച്ചു. അവിടെ സംവാദസദസ്സുണ്ടായിരുന്നു. ഓരോ രാജ്യങ്ങളിലെയും നിര്‍മിതികള്‍ വ്യത്യസ്തമായിരുന്നു. ഒരുപാട് കാലിഗ്രാഫര്‍മാരെ കാണാന്‍ സാധിച്ചു.
നിറമുള്ള സ്വപ്നങ്ങള്‍
നൈജീരിയ പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കണം. ഈ കല അവര്‍ക്കും കൈമാറണം. അവരുടെ ജീവിതത്തിന്റെ അനുഭവങ്ങള്‍ പഠിക്കണം. പരിമിതമായ സൗകര്യങ്ങളില്‍ അദ്ഭുതങ്ങള്‍ കാണിക്കുന്നവരാണവര്‍.
ഇന്ന് എന്ത് കാണുന്നു എന്നതാണ് നാളത്തെ കല. നമ്മുടെ ഹൃദയങ്ങളിലേക്ക് നല്ല കാഴ്ചകള്‍ ഉണ്ടാക്കിയെടുക്കുക. അത് കലയിലൂടെ പ്രസരിപ്പിക്കുക. യാത്ര എന്നെ സംബന്ധിച്ചിടത്തോളം പുസ്തക വായന പോലെയാണ്. അര്‍ജന്റീന കലിഗ്രാഫിസ്റ്റിനൊപ്പം ലോകക്കപ്പ് കാലത്ത് വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. ആസ്ട്രേലിയയിലും പാരിസിലുമൊക്കെ പോയി ഗ്രാഫിറ്റി പഠിക്കണം. പുതിയ തലമുറക്ക് കൈമാറണം. ഇസ്ലാമിക് ആര്‍ട്ട് അവര്‍ക്കു കൂടി പകര്‍ന്നുകൊടുക്കണം. അങ്ങനെ ഈ കലാരൂപം സജീവമാക്കണം എന്നതാണ് ആഗ്രഹം.
കക്കോവ് പുലപ്രത്തൊടി അബ്ദുറഹ്മാന്റെയും സൈനബയുടെയും മകനാണ് കരീം ഗ്രാഫി. ഫാസിജയാണ് ഭാര്യ, കാശിഫ്, ആയിശ ഇശാല്‍, മറിയം മനാല്‍ എന്നിവര്‍ മക്കള്‍. കുടുംബത്തോടൊപ്പം ഇപ്പോള്‍ ഖത്തറിലാണ് താമസം.

categories
categories
കൂടുതൽ പംക്തികൾ
Back to Top