LoginRegister

കനിവ് തേടിയുള്ള യാത്രകൾ

അബൂ ഹംദാന്‍

Feed Back


അറ്റമില്ലാത്ത ആകാശലോകത്ത് പിന്നോട്ടു നീങ്ങുന്ന മേഘക്കൂട്ടങ്ങളെ അവള്‍ ഇമ വെട്ടാതെ നോക്കിയിരുന്നു. മുന്നോട്ടു നീങ്ങുന്ന വിമാനത്തിലിരുന്ന് ഇന്നലെകളിലെ അനുഭവങ്ങളിലേക്ക് യാത്ര ചെയ്യുകയായിരുന്നു സുമയ്യ. കയ്‌പും മധുരവും, കയറ്റവും ഇറക്കവും എന്നപോലെ സമ്മിശ്ര വികാരങ്ങള്‍ വന്നുചേരുന്ന അനുഭവങ്ങള്‍.
പ്ലസ്‌ടുവിന് മികച്ച മാര്‍ക്ക് നേടിയാണ് വിജയിച്ചത്. ഒരുപാട് കാലമായി ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന കോളജില്‍ തന്നെ ഡിഗ്രിക്ക് അഡ്‌മിഷന്‍ നേടിയ സന്തോഷത്തില്‍ മുന്നോട്ടുപോകുന്നതിനിടയില്‍ പെട്ടെന്നുണ്ടായ ഉമ്മയുടെ വിയോഗം വല്ലാതെ തളര്‍ത്തിയിരുന്നു. കുഞ്ഞനുജത്തിക്കും ഇക്കാക്കക്കും ഉപ്പാക്കും വേണ്ടതെല്ലാം ചെയ്തു നല്‍കി പതിയെ ഒരു ഉമ്മയായി മാറിത്തുടങ്ങിയിരുന്നു. ‘നീ ഇവിടെ നിന്ന് ഞങ്ങളെ നോക്കിയാൽ പോരാ, ഇനി കോളജില്‍ പോയിത്തുടങ്ങണം.’
ഉപ്പാന്റെ വാക്കുകള്‍ കേട്ട് ക്ലാസില്‍ പോകാന്‍ തുടങ്ങി. പഠിക്കണമെന്ന് ആഗ്രഹിച്ച അതേ കാമ്പസില്‍ എത്തുമ്പോള്‍ വേദനകളും പ്രയാസങ്ങളും മറന്ന് പുതു അനുഭവങ്ങളിലേക്ക് ലയിച്ചുതുടങ്ങി. വൈകുന്നേരം ക്ലാസ് കഴിഞ്ഞാല്‍ വീട്ടിലെത്തി കുറച്ചു പണികള്‍, മഗ്‌രിബ് നമസ്‌കാരം കഴിഞ്ഞാല്‍ പഠനം മാത്രം. ഉമ്മ പിരിഞ്ഞ വേദന ഇടയ്‌ക്ക് മനസ്സിനെ നോവിക്കുമെങ്കിലും കാമ്പസിലെ അനുഭവങ്ങളില്‍ മുന്നോട്ടുപോവാന്‍ തുടങ്ങി. ഒന്നാം വര്‍ഷം അവസാനിക്കാന്‍ കുറച്ചു ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ഒരു ദിവസം വൈകുന്നേരം കോളജിനടുത്തുള്ള സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുമ്പോഴാണ് എളാപ്പയും ഇക്കാക്കയും കാറുമായി വന്നത്. ബസ്സിലെ തിരക്കില്‍ നിന്ന് രക്ഷപ്പെടാമല്ലോ എന്നോര്‍ത്ത് അവരുടെ കൂടെ കയറി.
”നമുക്കൊരു ചായ കുടിക്കാം. ഇവിടെ നിര്‍ത്ത്.”
ഒരു ബേക്കറിയുടെ അടുത്തെത്തിയപ്പോള്‍ എളാപ്പ പറഞ്ഞു. ചായയും കട്‌ലറ്റും കഴിക്കുമ്പോള്‍ എളാപ്പക്ക് പരിചയമുള്ള ഏതോ ഒരാള്‍ വന്നു. അവരുടെ കൂടെ ഒന്നുരണ്ടു പേരും കൂടിയുണ്ട്. എളാപ്പ എന്നെയും ഇക്കാക്കയെയും അവര്‍ക്ക് പരിചയപ്പെടുത്തി. അവരോട് കുറച്ചു നേരം സംസാരിച്ച ശേഷം ഞങ്ങള്‍ കാറില്‍ കയറി.
വീട്ടിലെത്തി രാത്രി പഠിക്കാനിരിക്കുമ്പോള്‍ ഉപ്പ പറഞ്ഞപ്പോഴാണ് ആ വന്നത് തന്നെ പെണ്ണുകാണാന്‍ വന്നവരാണ് എന്നറിഞ്ഞത്. പെട്ടെന്ന് കേട്ട ആ വാര്‍ത്ത വളരെയധികം വേദനിപ്പിച്ചു. സ്വപ്‌നങ്ങള്‍ തകര്‍ന്നടിയുമോ എന്ന ചിന്തയായിരുന്നു അതിനു കാരണം.
വേനലവധിയിലേക്ക് കടന്നപ്പോഴേക്കും പെണ്ണുകാണലും വരവും പോക്കുമൊക്കെയായി കുടുംബത്തില്‍ ചര്‍ച്ചകള്‍ സജീവം. കാണാന്‍ വന്ന ചെക്കനോട് പഠനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ നല്‍കിയ മറുപടി മനസ്സിന് ചെറിയൊരു ആശ്വാസമായി. അദ്ദേഹത്തിന്റെ വാക്കുകളില്‍ വല്ലാത്ത ഒരു പ്രതീക്ഷ.
ചെറിയ രൂപത്തില്‍ കല്യാണ പരിപാടികള്‍ നടന്നു. കെട്ടിച്ചയച്ച വീട്ടിലും കുടുംബത്തിലുമുള്ള എല്ലാവരും നല്ല മനസ്സുള്ളവരാണെന്നു തോന്നിത്തുടങ്ങി. ഇക്കാന്റെ കൂടെയുള്ള ചെറിയ യാത്രകള്‍, കുടുംബ സന്ദര്‍ശനങ്ങള്‍ അങ്ങനെ പുതിയ ജീവിതം ആസ്വദിച്ചുതുടങ്ങി.
അവധിക്കു ശേഷം കോളജിലെത്തിയപ്പോള്‍ രാവിലെ കൊണ്ടുവിടാനും വൈകുന്നേരം തിരിച്ചുകൊണ്ടുപോകാനും ഇക്ക കൂടെയുണ്ടായിരുന്നു. സന്തോഷത്തിന്റെ പുതു അനുഭവങ്ങള്‍. രണ്ടു മാസം കഴിഞ്ഞപ്പോഴേക്ക് ഇക്കാക്ക് തിരിച്ചു പോവാനായി. ഇക്ക പോയി രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ആമിയെ ഗര്‍ഭം ധരിച്ച കാര്യം അറിഞ്ഞത്. ഉമ്മയാകാന്‍ പോകുന്നു എന്ന സന്തോഷവും പഠനം മുടങ്ങുമോ എന്ന ആശങ്കയും ഇക്ക കൂടെയില്ലല്ലോ എന്ന സങ്കടവുമായി നാളുകള്‍ മുന്നോട്ടുപോയി. ഇക്കാന്റെ ഉമ്മയും വീട്ടുകാരും തന്ന പിന്തുണ മറക്കാന്‍ സാധിക്കില്ല. പ്രസവ തീയതി ആകുമ്പോഴേക്കും 10 ദിവസത്തെ ലീവിന് ഇക്ക വന്നതും സന്തോഷമുള്ള ഓർമകളാണ്. പ്രസവശേഷം ഇക്കാന്റെ വീട്ടിലേക്കു തന്നെയാണ് ഹോസ്‌പിറ്റലില്‍ നിന്ന് പോയത്.
ആമിക്ക് ഒരു വയസ്സ് തികയുമ്പോഴേക്കും ഇക്കയുടെ അടുത്തേക്ക് പോയി. ജീവിതത്തില്‍ ആദ്യമായി വിമാനത്തില്‍ കയറിയതും സ്വപ്‌നത്തില്‍ പോലും കണ്ടിട്ടില്ലാത്ത ഇമ്പമുള്ള കാഴ്ചകള്‍ കണ്ടുതുടങ്ങിയതും വേഗത്തിലോടുന്ന കാറുകളും വലിയ വലിയ കെട്ടിടങ്ങളും എല്ലാം പുതിയ അനുഭവങ്ങളായി. ഇക്ക രാവിലെ ജോലിക്ക് പോകും, ആമിയോടൊപ്പം റൂമില്‍ കഴിഞ്ഞുകൂടിയ നാളുകള്‍. അവിടെയെത്തി രണ്ടു വര്‍ഷം ആവാറായി. നാട്ടിലെത്താനും ഉപ്പാനെയും ബന്ധുക്കളെയും കാണാനും വല്ലാത്ത ആഗ്രഹം. മോളെ കാണാന്‍ കാത്തിരിക്കുന്ന രണ്ടു വീട്ടുകാരും അങ്ങോട്ട് വരാന്‍ തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇക്കാന്റെ ലീവ് ശരിയായപ്പോള്‍ നാട്ടിലേക്ക് പോന്നു. നാട്ടിലെത്തി രണ്ടു മാസം കഴിഞ്ഞു തിരിച്ചു പോകാനാണ് ഉദ്ദേശിക്കുന്നത്. എങ്കിലും ദിലു മോനെ ഗര്‍ഭം ധരിച്ചിട്ട് ഒരു മാസമായിട്ടേയുള്ളൂ എന്നതുകൊണ്ട് ഇക്ക മാത്രം തിരിച്ചുപോയി.
അവിടെ എത്തിയശേഷം സാധാരണ പോലെ ഫോണ്‍കോളോ മെസേജോ ഒന്നും ഇല്ലാതായി. ആഴ്ചയില്‍ ഒരിക്കല്‍ കുറച്ചു സമയം ഫോണ്‍ വിളിക്കും, വിശേഷങ്ങള്‍ അന്വേഷിക്കും. പെട്ടെന്ന് ഫോണ്‍ വെക്കും. അവിടെയുള്ള ചില ബന്ധുക്കള്‍ വഴിയാണ് ഇക്കാനെ എയര്‍പോര്‍ട്ടില്‍ അവിടത്തെ പൊലീസ് പിടിച്ചെന്നും ജയിലിലാണെന്നും അറിഞ്ഞത്. അതുകൊണ്ടാണ് ഇടയ്‌ക്ക് മാത്രം വിളിച്ചത്. ഇരുട്ടു നിറഞ്ഞ പോലെ മുന്നോട്ടുപോയ ദിനരാത്രങ്ങള്‍!
ദിലുമോന് രണ്ട് വയസ്സായി. ഇക്കാന്റെ മോചനത്തെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ല. പലപ്പോഴും ഫോട്ടോ കണ്ടിട്ട് മോന്‍ ഉപ്പയെ ചോദിക്കാന്‍ തുടങ്ങി. ആമിക്കാണേല്‍ ഉപ്പാനെ കിട്ടാഞ്ഞിട്ട് സങ്കടം തന്നെ. യാഥാർഥ്യത്തോട് പൊരുത്തപ്പെടാതെ ഇനി വഴിയില്ല എന്ന നിലയായി. പ്രവാസികളായ പലരോടും നേരിട്ടുതന്നെ ബന്ധപ്പെട്ടു. ഇടയ്‌ക്ക് പ്രതീക്ഷയുള്ള വാര്‍ത്തകൾ അറിയും, എന്നാല്‍ പലപ്പോഴും പ്രതീക്ഷ നഷ്ടപ്പെട്ട പോലെ തോന്നും.
പ്രതിസന്ധിയില്‍ തളര്‍ന്നുപോകാന്‍ തയ്യാറായില്ല. പ്രതീക്ഷയും പ്രാർഥനയുമായി മുമ്പോട്ടുപോകാന്‍ തീരുമാനിച്ചു. മുടങ്ങിപ്പോയ ഡിഗ്രി പൂര്‍ത്തിയാക്കാനുള്ള വഴികള്‍ അന്വേഷിച്ചു. ഒരു അക്കാദമി വഴി ഓണ്‍ലൈന്‍ ക്ലാസില്‍ ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങി. ആമി സ്‌കൂളില്‍ പോവാന്‍ തുടങ്ങിയിരുന്നു. അവളുടെ കൂടെ പഠിപ്പിക്കാനിരിക്കണം, മോനെ ശ്രദ്ധിക്കണം. മക്കള്‍ ഉറങ്ങിയ ശേഷം പഠിക്കാനിരിക്കും. ഓരോ പരീക്ഷകളും എഴുതിത്തീര്‍ത്തു.
അങ്ങനെ കഴിഞ്ഞുപോയ രണ്ടു വര്‍ഷങ്ങള്‍. മികച്ച മാര്‍ക്കോടെ ഡിഗ്രി പൂര്‍ത്തിയായി. അതിനിടയില്‍ ഉപ്പാന്റെ മരണം വല്ലാതെ തളര്‍ത്തിയിരുന്നു. അക്കാദമിയിലെ ചെയര്‍മാന്‍ നല്‍കിയ പ്രതീക്ഷയുള്ള വാക്കുകള്‍ കാരണം അവരുടെ സഹായത്തോടെ തന്നെ പിജിക്ക് ജോയിന്‍ ചെയ്തു. അവിടെ തന്നെ റിലേഷന്‍ഷിപ്പ് മാനേജര്‍ ആയി ജോലി ലഭിച്ചു. ഇക്കാന്റെ വീട്ടുകാരുടെ പൂര്‍ണമായ പിന്തുണ നൽകിയ കരുത്ത് ചെറുതല്ല. അക്കാദമിയില്‍ പഠനം നടത്തുന്ന പല ആളുകളും പ്രവാസികളാണ്. വിവിധ കോഴ്‌സിനു പഠിക്കുന്ന ഇത്തമാർ ഉള്‍പ്പെടെ പലരുമായും നല്ല ബന്ധമായി. വളരെ അടുത്ത പലരോടും ഇക്കാന്റെ കാര്യം പറഞ്ഞിരുന്നു. അവിടെയുള്ള പ്രവാസി അസോസിയേഷന്റെ ഭാരവാഹിയായ ഒരാളുടെ ഭാര്യയാണ് റസിയത്ത. ഇക്കാനെ മോചിപ്പിക്കാനുള്ള ചില വഴികള്‍ അവരാണ് പറഞ്ഞുതന്നത്.
എത്ര പെട്ടെന്നാണ് മൂന്നു മണിക്കൂര്‍ കടന്നുപോയത്. ഓർമകളിലൂടെ സഞ്ചരിച്ചപ്പോഴേക്കും വിമാനം ലാന്‍ഡ് ചെയ്യാനായി എന്ന അറിയിപ്പ് സുമയ്യ കേട്ടു. ആമിയും ദിലുവും വീട്ടില്‍ തന്നെയാണല്ലോ എന്ന് ഓർമ വന്നത് അപ്പോഴാണ്.
എയര്‍പോര്‍ട്ടിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പുറത്തിറങ്ങിയപ്പോള്‍ സുമയ്യ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. റസിയത്തയുടെ നേതൃത്വത്തില്‍ ലക്ഷ്മി ചേച്ചിയും വര്‍ഗീസ് സാറും അക്കാദമിയിലെ ഇവിടെയുള്ള പഠിതാക്കള്‍ പലരും ഒരുമിച്ച് സുമയ്യയെ സ്വീകരിക്കാന്‍ കാത്തിരിക്കുന്നു.
പിന്നീടുള്ള ദിനരാത്രങ്ങള്‍ അവള്‍ക്ക് വലിയൊരു അനുഭവമാണ് പകര്‍ന്നത്. എംബസിയിലും വിദേശകാര്യ മന്ത്രാലയത്തിലും മറ്റുമായി കാര്യങ്ങള്‍ സംസാരിച്ചു. നാട്ടില്‍ നിന്ന് വരുമ്പോള്‍ സുഹൃത്ത് നല്‍കിയ പാക്കറ്റില്‍ എന്താണെന്ന് അറിയാതെ അബദ്ധം സംഭവിച്ചതാണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. ഇന്ത്യന്‍ എംബസി നേരിട്ട് ഇടപെടാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ എളുപ്പമായി. ഇത്രയും വര്‍ഷങ്ങള്‍ ജയില്‍വാസം അനുഭവിച്ചതിനാല്‍ നിശ്ചിത തുക അടച്ചാല്‍ മോചനം സാധ്യമാകുമെന്ന് അവര്‍ അറിയിച്ചു. സുമയ്യ നാട്ടില്‍ നിന്ന് കൊണ്ടുവന്ന തുകയും അതിലേക്ക് പ്രവാസികളായ സുമനസ്സുകള്‍ നല്‍കിയതും കൂട്ടി തുക സംഘടിപ്പിച്ചു. അങ്ങനെ വര്‍ഷങ്ങള്‍ക്കു ശേഷം താൻ ഇക്കാനെ കാണാന്‍ പോകുന്നു. സുമയ്യയുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകുകയായിരുന്നു.
ചില പ്രധാന രേഖകള്‍ ഒപ്പിട്ടു കൈമാറി. വൈകുന്നേരത്തോടെ ജാഫര്‍ പുറത്തിറങ്ങി. വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ ഇക്കാനെ അവള്‍ കണ്ണു നിറയെ കണ്ടു!
രണ്ടു ദിവസം അവിടെയുള്ള ചില നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നു. അപ്പോഴേക്കും അവിടെയുള്ളവര്‍ക്കും ജാഫര്‍ പ്രിയപ്പെട്ടവനായി മാറിയിരുന്നു. നാട്ടിലും സന്തോഷത്തിന്റെ സുന്ദര നിമിഷങ്ങള്‍.
ജാഫറിനെയും കാത്ത് എയർപോർട്ടിൽ നാട്ടുകാരും കൂടെ ആമിയും ദിലുവും. അവരെല്ലാം സുമയ്യയോട് പറയാതെ പറഞ്ഞുകൊണ്ടിരുന്നു: വിദ്യാഭ്യാസം വഴികളെ എളുപ്പമാക്കും. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top