ഒന്നാലോചിച്ചുനോക്കൂ… ഓരോ കുഞ്ഞുങ്ങളും എത്ര വ്യത്യസ്തരാണല്ലേ? കുട്ടിക്കളികളും കൊഞ്ചലുകളും കുസൃതികളും തുടങ്ങി, ഓരോരുത്തരും സ്നേഹിക്കുന്നതും വാശിപിടിക്കുന്നതും ഇഷ്ടങ്ങളും ആവശ്യങ്ങളും വരെ വ്യത്യസ്തമാണ്. ഇതാണ് മനുഷ്യവംശത്തിന്റെ ഏറ്റവും വലിയ ഒരു പ്രത്യേകത. എല്ലാ മനുഷ്യരും വ്യത്യസ്തരാണ്. അതുപോലെത്തന്നെ ഒരു കുട്ടിയും മറ്റൊരു കുട്ടിയും വിവിധതരത്തില്‍ വ്യത്യസ്തരായിരിക്കും. അവരുടെ കഴിവുകള്‍ വ്യത്യസ്തങ്ങളായിരിക്കും. ചിലര്‍ പാഠ്യവിഷയങ്ങളിലും മറ്റു ചിലര്‍ പാഠ്യേതര വിഷയങ്ങളിലും കഴിവുകള്‍ തെളിയിക്കാറുണ്ട്.
ഈ വ്യത്യസ്തതകളെ മാനിക്കാതെ മാതാപിതാക്കളും അധ്യാപകരും മറ്റു മുതിര്‍ന്നവരും ചെയ്യുന്ന ഏറ്റവും വലിയ അബദ്ധമാണ് കുട്ടികളെ തമ്മില്‍ താരതമ്യം ചെയ്ത് സംസാരിക്കുക എന്നത്. തങ്ങളുടെ മക്കള്‍ എല്ലാ കാര്യങ്ങളിലും ഒന്നാമത് എത്തുക എന്നത് എല്ലാ മാതാപിതാക്കളുടെയും അഭിലാഷമാണ്. ഇതാണ് പലപ്പോഴും കുട്ടിയെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതിലേക്ക് നയിക്കുന്നത്. കുടുംബത്തിലോ അയല്പക്കത്തോ ക്ലാസിലോ ഉള്ള മറ്റു കുട്ടികളുമായി നമ്മുടെ കുട്ടികളെ താരതമ്യം ചെയ്യുന്നത് ഒരു രക്ഷിതാവ് എന്ന നിലയില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ്.
അജ്മലിന്റെ കഥ അതിന് ഉദാഹരണമാണ്.
ഒമ്പതാം ക്ലാസുകാരനാണ് അജ്മല്‍. വീട്ടിലെ നാലു മക്കളില്‍ മൂന്നാമന്. എപ്പോഴും വാശിയാണ്, ദേഷ്യമാണ്, ദേഷ്യം വന്നാല്‍ വീട്ടിലെ സാധനങ്ങളെല്ലാം എറിഞ്ഞു നശിപ്പിക്കുകയും മുതിര്‍ന്നവരോടു പോലും അമിതമായി ദേഷ്യപ്പെടുകയും സഭ്യമല്ലാത്ത വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു എന്നതായിരുന്നു അവനോടൊപ്പം ക്ലിനിക്കില്‍ വന്ന മാതാപിതാക്കളുടെ പ്രധാന പരാതികള്‍.
”മറ്റു മൂന്നു പേരും ഇങ്ങനെയൊന്നുമല്ല മാം. അവരൊക്കെ പഞ്ചപാവങ്ങളാണ്. ഇവന് മാത്രം എന്താണാവോ ഇങ്ങനെ” എന്നുകൂടി അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ അവനെ അടുത്തിരുത്തി മാതാപിതാക്കള്‍ ഇത്രയും പറഞ്ഞപ്പോഴേക്കും അവന് അവിടെ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് ഒത്തിരി സെഷനുകള്‍ക്കു ശേഷമാണ് തന്നെ അലട്ടിയിരുന്ന പ്രധാന പ്രശ്നങ്ങളെ കുറിച്ച് അവന് തുറന്നു പറയുന്നത്. പഠിക്കാന്‍ ഇത്തിരി പിറകോട്ടായിരുന്ന അജ്മല്‍ അവന്റെ സഹോദരങ്ങള്‍ പഠിച്ചിറങ്ങിയ അതേ സ്കൂളില്‍ തന്നെയാണ് പഠിച്ചിരുന്നത്. അവരെല്ലാം നന്നായി പഠിക്കുന്ന, എല്ലാ കാര്യങ്ങളിലും സ്മാര്‍ട്ട് ആയിട്ടുള്ള കുട്ടികളായിരുന്നു. ഒന്നാം ക്ലാസ് മുതല്‍ തന്നെ ഓരോ പരീക്ഷയിലും അധ്യാപകരുടെയും മാതാപിതാക്കളുടെയും പ്രതീക്ഷക്കൊത്ത മാര്‍ക്ക് വാങ്ങാന്‍ തനിക്ക് കഴിയാതെവരുമ്പോള്‍ അവന് കേട്ടിരുന്ന വാക്കുകള്‍ ഇതായിരുന്നു:
”നിന്റെ ഇത്താത്തയും ഇക്കാക്കയും ഇങ്ങനെയായിരുന്നില്ലല്ലോ. നീ ഒന്ന് ശ്രമിച്ചാല്‍ പോരേ? നിനക്ക് പറ്റാഞ്ഞിട്ടല്ല, ശ്രമിക്കാഞ്ഞിട്ടാ.”
ചിത്രംവരയായിരുന്നു അജ്മലിന്റെ ഇഷ്ട ഹോബി. അവന്റെ നോട്ടുപുസ്തകങ്ങളില്‍ കാടും മലയും പുഴയും വയലും നിറഞ്ഞുനിന്നിരുന്നു. ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് അവനെ ഏറെ വിഷമിപ്പിക്കുന്ന ഒരു സംഭവം നടക്കുന്നത്. ക്ലാസില്‍ കയറിവന്ന സ്കൂളിലെ പ്രധാന അധ്യാപകന് യാദൃച്ഛികമായി അവന്റെ നോട്ടുപുസ്തകം എടുത്തുനോക്കുന്നു. പല പാഠങ്ങളും അതില്‍ അപൂര്‍ണമായിരുന്നു. എന്നാല്‍ അവന് വരച്ച മനോഹരമായ ചിത്രങ്ങള്‍ ആ നോട്ടുപുസ്തകത്തില്‍ ഉണ്ടായിരുന്നു.
”ഇതാണല്ലേ ക്ലാസില്‍ നിനക്ക് പണി”യെന്ന് ആക്രോശിച്ചുകൊണ്ട് ആ അധ്യാപകന് അവന്റെ പുസ്തകവുമായി ഓഫീസിലേക്ക് പോയി. അവന്റെ കുഞ്ഞുമനസ്സ് വിങ്ങി. അവനത് ആരോടും പറഞ്ഞില്ല. പിറ്റേ ദിവസം പുതിയ നോട്ടുപുസ്തകം ഇല്ലാതെ ക്ലാസില്‍ ഇരുന്നതിന് ക്ലാസ് ടീച്ചറുടെ അടുത്തു നിന്ന് അവന് അടിയും കിട്ടി. നോട്ടുപുസ്തകം കൊണ്ടുപോയി കളഞ്ഞതിന് വീട്ടില്‍ നിന്ന് വഴക്കു കേള്‍ക്കുകയും ചെയ്തു. എന്നിട്ടും ഇത് ഹെഡ്മാഷ് കൊണ്ടുപോയതാണെന്ന് അവന് വീട്ടില്‍ പറഞ്ഞില്ല. ഇനിയും വഴക്ക് കേള്‍ക്കുമോ, അടി കിട്ടുമോ എന്നുള്ള പേടിയായിരുന്നു ആ കുഞ്ഞുമനസ്സിനുള്ളില്‍.
പിന്നീട് പലപ്പോഴും ഇത്തരത്തിലുള്ള പല സംഭവങ്ങളും അവന്റെ ജീവിതത്തില്‍ അരങ്ങേറി. മാതാപിതാക്കളും അധ്യാപകരും പ്രതീക്ഷിക്കുന്നപോലെ മാര്‍ക്ക് വാങ്ങാന്‍ അവന് ഒരിക്കലും കഴിഞ്ഞില്ല. അപ്പോഴൊക്കെ സ്ഥിരം ഡയലോഗുകളും താരതമ്യങ്ങളും അവന് അവരില്‍ നിന്നു കേട്ടുകൊണ്ടിരുന്നു. ക്രമേണ ഇത് അവനില്‍ ദേഷ്യമായി വളര്‍ന്നു. ചെറിയ കാര്യങ്ങള്‍ക്കു പോലും അവന് വഴക്കുണ്ടാക്കി. സഹോദരങ്ങളോട് അവന് ദേഷ്യമായി. ഇത് തുടര്‍ന്നു വന്നതോടെ അവര്‍ അജ്മലില്‍ നിന്ന് അകലാന്‍ തുടങ്ങി.
ചെറിയ പ്രായത്തിലേ കേട്ടുകൊണ്ടിരുന്ന താരതമ്യ സംസാരങ്ങള്‍ ഈ കുട്ടിയില്‍ എത്രത്തോളം പ്രയാസങ്ങളാണ് ഉണ്ടാക്കിയതെന്നു നോക്കൂ. ഇത്തരം താരതമ്യങ്ങള്‍ കുട്ടികളില്‍ വൈകാരികവും പെരുമാറ്റപരവുമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. രക്ഷിതാക്കള്‍ തങ്ങളെ മനസ്സിലാക്കുന്നില്ല എന്നും അംഗീകരിക്കുന്നില്ല എന്നുമുള്ള ചിന്ത കുഞ്ഞുമനസ്സുകളില്‍ വളരാന്‍ ഇത് ഇടയാക്കും. ഇത് കുട്ടികളുടെ ആത്മവിശ്വാസത്തെ കുറയ്ക്കുകയും അവരില്‍ അപകര്‍ഷബോധം വളരുന്നതിന് കാരണമാവുകയും ചെയ്യും. മറ്റു കുട്ടികളുമായുള്ള കുട്ടിയുടെ സൗഹാര്‍ദങ്ങളെ ഇത് സാരമായിത്തന്നെ ബാധിക്കും. കുട്ടി മാതാപിതാക്കളില്‍ നിന്ന് അകലുന്നതിലേക്കുവരെ ഇത് കാരണമാകും.
കുഞ്ഞുകാര്യങ്ങള്‍ക്കു പോലും ഒരിക്കലും അവരെ മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തരുത്. അത് നിങ്ങളുടെ കുട്ടികളില്‍ ദോഷം മാത്രമേ ഉണ്ടാക്കൂ. കുട്ടികളുടെ കൂട്ടുകാരാകൂ. അവരുടെ എല്ലാ കഴിവുകളെയും മനസ്സിലാക്കി, അവ പ്രോത്സാഹിപ്പിച്ച് അവരെ വളര്‍ത്തിയെടുക്കുകയും തങ്ങള്‍ വ്യത്യസ്തരാണ് എന്ന അവബോധം അവര്‍ക്കു തന്നെ ഉണ്ടാക്കിയെടുക്കുകയും ചെയ്യുക എന്നതാണ് മാതാപിതാക്കള്‍ക്ക് കുട്ടികളോട് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം.