LoginRegister

ഓണ്‍ലൈന്‍ പഠനം പഠിക്കാത്ത പാഠങ്ങള്‍

ബഷീര്‍ കൊടിയത്തൂര്‍

Feed Back


കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ മാറ്റിമറിച്ച മേഖലയില്‍ പ്രമുഖമാണ് വിദ്യാഭ്യാസം. ക്ലാസ്മുറികളെ വിട്ട് ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്ക് പഠനം മാറിയപ്പോള്‍ അത് നവീന മാറ്റമായാണ് വിലയിരുത്തിയത്. മൊബൈല്‍ ഫോണിന്റെയും ടെലിവിഷന്റെയും സാധ്യതകളെ പ്രയോജനപ്പെടുത്തി ഓണ്‍ലൈനായി പഠനം മാറി. കോവിഡ് ഒന്നില്‍ പകച്ചുനില്‍ക്കുകയും രണ്ടില്‍ പ്രായോഗികമായി ചിന്തിക്കുകയും ചെയ്തതിനു ശേഷം മൂന്നാം തരംഗത്തിലും ഓണ്‍ലൈന്‍ പഠനം തുടരുകയാണ്. വിദ്യാലയങ്ങള്‍ വീണ്ടും അടച്ചതോടെ വിദ്യാഭ്യാസ മേഖലക്ക് കോവിഡിനെ ഇനിയും പേടിക്കേണ്ടിവരുമെന്ന് ഉറപ്പായി. അതിനാല്‍ തന്നെ ഓണ്‍ലൈന്‍ പഠനമെന്നത് ഒരു തുടര്‍ പ്രക്രിയ ആവുകയാണ്. വിദ്യാലയങ്ങളും കലാലയങ്ങളും അനന്തമായി അടച്ചിടുന്നത് ഒരു പ്രതിരോധമല്ല. അതുകൊണ്ടുതന്നെ, ഓണ്‍ലൈന്‍ പഠനത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കാനുള്ള ഇപ്പോഴത്തെ ശ്രമം തുടരേണ്ടതുതന്നെയാണ്.
ഓണ്‍ലൈന്‍ പഠനം പുതിയ വഴികള്‍ തുറന്നുതരുന്നുണ്ട് എന്നതില്‍ സംശയമില്ല. അതേസമയം, ഓണ്‍ലൈന്‍ പഠനം ഉയര്‍ത്തുന്ന വലിയ വെല്ലുവിളികളെ അവഗണിക്കാനാവില്ല. ഇന്റര്‍നെറ്റിന്റെ ലഭ്യതക്കുറവ്, ഡിജിറ്റല്‍ സാക്ഷരതയുടെ കുറവ്, ഭൂമിശാസ്ത്രപരമായ വേര്‍ത്തിരിവ്, പിന്തുടരാനുള്ള ശേഷിക്കുറവ്, സാമൂഹിക, സര്‍ഗാത്മക മേന്‍മകളുടെ ലഭ്യതക്കുറവ് തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട പ്രതിബന്ധങ്ങളാണ്. ഇതിനു പുറമെയാണ് കുട്ടികളിലുണ്ടാക്കുന്ന മാനസിക, ശാരീരിക അടിമത്തങ്ങള്‍. ഗെയിം അഡിക്ഷന്‍ മുതല്‍ ലൈംഗികചൂഷണത്തിന് വരെ ഇടംനല്‍കുന്ന മേഖലയായി ഡിജിറ്റല്‍ സാങ്കേതം പലപ്പോഴും വില്ലനാവുകയും ചെയ്യുന്നു. വിദ്യാഭ്യാസപ്രക്രിയയുടെ അനുബന്ധമായി ഡിജിറ്റല്‍ പഠനത്തെ മാറ്റാം. അല്ലാതെ അതൊരു ശാശ്വത പ്രകിയയായി വിദ്യാഭ്യാസരംഗത്ത് സ്വീകരിക്കാനാവില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഡിജിറ്റല്‍ അസമത്വം
ഇന്ത്യയിലെ ഇന്റര്‍നെറ്റ് ലഭ്യതയുടെ കണക്ക് നോക്കാം. ജനസംഖ്യയുടെ 66 ശതമാനം ജീവിക്കുന്ന ഗ്രാമീണമേഖലയില്‍ ഇന്റര്‍നെറ്റ് ലഭ്യതയുള്ളത് 25.3 ശതമാനത്തിനാണ്. ബാക്കിവരുന്ന 34 ശതമാനം ജനങ്ങള്‍ വസിക്കുന്ന നഗരമേഖലയില്‍ 98 ശതമാനത്തിന് നെറ്റ് കണക്ഷന്‍ ഉണ്ട്. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ഈ കണക്കുകള്‍ അനുസരിച്ച്, 80 കോടിയോളം പേര്‍ വസിക്കുന്ന ഗ്രാമീണമേഖലയിലെ 60 കോടി ആളുകളും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ക്ക് പുറത്താണ്. നഗരമേഖലയില്‍ മൂന്നു കോടിയോളവും. രാജ്യത്തെ രണ്ടിലൊരാള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ല എന്നര്‍ഥം. ജനസംഖ്യയുടെ നേര്‍പ്പകുതിക്ക് അല്പംപോലും പ്രാപ്യമായിട്ടില്ലാത്ത ഒരു സാങ്കേതികസംവിധാനത്തെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനഘടകമായി ഉപയോഗിക്കുന്നത് നീതിനിഷേധമാണ്. സ്മാര്‍ട്ട്ഫോണുകളും ടെലിവിഷനും നെറ്റ് കണക്ടിവിറ്റിയും വ്യാപകമായ കേരളത്തില്‍പ്പോലും 43.76 ലക്ഷം സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 5.98 ശതമാനത്തിന് (2.61 ലക്ഷം കുട്ടികള്‍) ഇവയൊന്നുംതന്നെ പ്രാപ്യമല്ല. ദാരിദ്ര്യരേഖക്ക് താഴെയുള്ള മുപ്പതു ശതമാനത്തിലധികംവരുന്ന വിഭാഗങ്ങളില്‍ ഡിജിറ്റല്‍ സാക്ഷരത പത്തുശതമാനം പോലുമില്ലെന്ന് ഡിജിറ്റല്‍ സാക്ഷരതാമിഷന്‍ വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റ് സൗകര്യമുള്ള സ്ഥലങ്ങളില്‍ത്തന്നെ ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പിന് ഉപയുക്തമാവുന്ന വിധത്തില്‍ അതിന്റെ ഇടമുറിയാത്ത ലഭ്യതയുണ്ടോ എന്നതും പ്രശ്നമാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാനാവശ്യമായ ഡാറ്റ എങ്ങനെയാണ് വിദ്യാര്‍ഥികള്‍ക്ക് കൈവരുക എന്നതും പ്രധാനമാണ്. പ്രതിമാസം 300 മുതല്‍ 400 രൂപ നല്‍കി, സ്വകാര്യ സേവനദാതാക്കളില്‍നിന്ന് വിദ്യാര്‍ഥികള്‍തന്നെ വാങ്ങേണ്ടിവരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. മധ്യവര്‍ഗത്തിന് താഴെയുള്ളവര്‍ക്ക് ഇത് എത്രത്തോളം താങ്ങാനാവും?

പഠനം ആരുടെ ഉത്തരവാദിത്തം
ക്ലാസ് മുറികള്‍ നാനാതരം പഠനാനുഭവങ്ങളുടെ സങ്കരതലമാണ്. കണ്ടറിഞ്ഞും കേട്ടറിഞ്ഞും തൊട്ടറിഞ്ഞും വിദ്യാര്‍ഥികളില്‍ സാമൂഹികബോധം ഉണരുന്ന സ്ഥലം. അതാണ് ഓണ്‍ലൈന്‍ ക്ലാസില്‍ ആദ്യം ഇല്ലാതാവുന്നത്. അതോടെ വ്യവസ്ഥാപിതമായ ഒരു പഠനസമ്പ്രദായമാണ് ഇല്ലാതാവുന്നത്. ഓണ്‍ലൈനില്‍ ഗൂഗില്‍ മീറ്റിലോ സൂമിലോ അധ്യാപകന്‍ ക്ലാസെടുക്കുന്ന സമയത്ത് വിദ്യാര്‍ഥി ലഭ്യമായിരിക്കുക എന്ന് മാത്രമല്ല ഇന്റര്‍നെറ്റും ലഭ്യമാവുക എന്നത് അനിവാര്യമാണ്. ശേഷം ക്ലാസില്‍ പങ്കെടുക്കാനുള്ള അന്തരീക്ഷ സാഹചര്യവും വേണം. ചര്‍ച്ചകള്‍, ചോദ്യോത്തരം, സംശയനിവാരണം തുടങ്ങിയ അനിവാര്യതകള്‍ക്ക് സമയവും വേണം. പാഠഭാഗങ്ങളിലൂടെ കടന്നുപോകുന്നതില്‍ ഇവിടെ സമയം വില്ലനാവുന്നു. അതിനാല്‍ ആദ്യാവസാനം പിന്തുടരാന്‍ പറ്റുന്നവര്‍ക്ക് മാത്രമായി ആ ക്ലാസ് ചുരുങ്ങുന്നു. ഇതിന്റെ ആവര്‍ത്തനമാണ് അടുത്ത ദിവസവും നടക്കുന്നത്. അധ്യാപനം ഏകദിശയിലുള്ള പ്രഭാഷണത്തിലേക്കും വിവരവിതരണത്തിലേക്കും നീളുന്നു. ഇവിടെ അധ്യാപകന്‍ വിവരവിനിമയത്തിന്റെ ഇടനിലക്കാരന്‍ മാത്രമാവുകയാണ്. അത് സാങ്കേതികമായി നിര്‍വഹിക്കപ്പെടുമ്പോള്‍ അതിന്റെ മൂല്യശോഷണത്തിലേക്കാണ് വഴിതുറക്കുന്നത്.
വീടു തന്നെ വിദ്യാലയം എന്ന മുദ്രാവാക്യമാണ് ഓണ്‍ലൈന്‍ പഠനം മുന്നോട്ടുവെക്കുന്നത്. അതായത് അധ്യാപകരെ കാത്തിരിക്കാതെ രക്ഷിതാക്കള്‍ കുട്ടികളെ പഠിക്കാനും പഠിപ്പിക്കാനും സഹായിക്കണം. വലിയ ക്ലാസുകളിലെ കുട്ടികളെ പഠിപ്പിക്കാന്‍ പര്യാപ്തരായ രക്ഷിതാക്കളുടെ കുറവ് ഇവിടെ പ്രതിസന്ധിയുണ്ടാക്കും.

ഓണ്‍ലൈനിലെ ചതിക്കുഴികള്‍
പഠനാവശ്യത്തിന് തയ്യാറാക്കുന്ന ഡിജിറ്റല്‍ സങ്കേതങ്ങള്‍ കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നത് ഇന്ന് പുതുമയല്ല. ഗെയിമുകള്‍, ടിക് ടോക്ക്, സീരിയലുകള്‍ തുടങ്ങിയവ വഴി കുട്ടികളുടെ സമയം മൊബൈലുകള്‍ കവരുന്നതായി പഠനം വ്യക്തമാക്കുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ വെറുതെ ചുറ്റിത്തിരിഞ്ഞ് സമയം നഷ്ടപ്പെടുത്തുന്നു. ചാറ്റിങില്‍ തുടങ്ങി അസാന്‍മാര്‍ഗിക മേഖലകളില്‍ കുട്ടികള്‍ എത്തിപ്പെടാനുള്ള വഴികളാണ് ഇതിലൂടെ തുറക്കുന്നത്. ഗെയിം കളിച്ച് കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നു. പിഞ്ചുകുഞ്ഞുങ്ങള്‍ വരെ സൈബര്‍ മാഫിയയുടെ ലൈംഗികചൂഷണത്തിന് ഇരയാവുന്നു.
കാഴ്ചക്കുറവ്, മാനസിക പ്രശ്നങ്ങള്‍, ഒറ്റപ്പെട്ടെന്ന തോന്നല്‍, അമിത ആശങ്ക, അനുസരണക്കേട് തുടങ്ങിയ ഗുരുതര പ്രശ്നങ്ങളും ഓണ്‍ലൈനില്‍ സമയം ചെലവഴിക്കുന്ന കുട്ടികളില്‍ കണ്ടുവരുന്നു. ജോലി സംബന്ധമായി വീട്ടില്‍ നിന്ന് രക്ഷിതാക്കള്‍ വിട്ടുനില്‍ക്കുന്ന സമയം കുട്ടികള്‍ ഓണ്‍ലൈന്‍ സങ്കേതങ്ങള്‍ തെറ്റായി ഉപയോഗിക്കുന്നതായാണ് പഠനത്തില്‍ പറയുന്നത്. അത്തരം കുട്ടികളില്‍ കാര്യങ്ങളെ ഒളിച്ചുവെക്കാനും സ്വന്തം നിലയില്‍ വ്യാഖ്യാനിക്കാനുമുള്ള ഒരുതരം പ്രതിലോമ പ്രവണത വളര്‍ന്നുവരുന്നു.
ഇതിനെ മറിമടക്കാന്‍ ശക്തമായ നിലപാടുകള്‍ രക്ഷിതാക്കള്‍ എടുക്കേണ്ടിവരും. കുട്ടികള്‍ പ്രായത്തിനനുസരിച്ച് ആണോ മൊബൈല്‍ ഫോണ്‍ കൈകാര്യം ചെയ്യുന്നത് എന്ന് പരിശോധിക്കുക. വാശിക്ക് അനുസരിച്ച് നെറ്റില്‍ കറങ്ങാന്‍ അനുവാദം നല്‍കരുത്. രക്ഷിതാക്കള്‍ കൂടെ ഉള്ളപ്പോള്‍ മറ്റു കാര്യങ്ങളിലേക്ക് കുട്ടികളെ വഴി നടത്തുക. പാരന്റല്‍ കണ്‍ട്രോള്‍ സെറ്റ് ചെയ്യുക. ആപ്പുകളില്‍ പ്രൈവസി സെറ്റിങ് ഏര്‍പ്പെടുത്തുക. അപരിചിതരുമായുള്ള ഇടപെടല്‍ ഒഴിവാക്കുക. അനാവശ്യമായ ഒന്നിനോടും പ്രതികരിക്കാന്‍ അനുവദിക്കാതിരിക്കുക.
സര്‍ഗാത്മക കാര്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുക. പുസ്തകവായന പ്രോത്സാഹിപ്പിക്കുക. പാഠ്യേതര വിഷയങ്ങളിലെ താല്‍പര്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുക. നിലവിലെ സാഹചര്യങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തുക. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top