മലയാളത്തിലെ മികച്ച നോവലുകളില്‍ ഒന്നാണ് പി കേശവദേവിന്റെ ‘ഓടയില്‍ നിന്ന്.’ ഈ നോവലില്‍ പപ്പു എന്ന ഒരു കഥാപാത്രമുണ്ട്. ദാരിദ്ര്യത്തിന്റെ ദുരിതം നിറഞ്ഞ ജീവിതമായിരുന്നു പപ്പുവിന്റെ ബാല്യത്തിലുള്ളത്. കാലം പിന്നിട്ടപ്പോള്‍ അയാള്‍ സൈക്കിള്‍ റിക്ഷക്കാരനായി മാറി. വലിയ പ്രയാസങ്ങളില്ലാത്ത അവസ്ഥയിലേക്ക് പപ്പുവിന്റെ ജീവിതം മാറി. ഒരു നാള്‍ അയാള്‍ കാരണം ലക്ഷ്മിയെന്ന പെണ്‍കുട്ടി ഓടയില്‍ വീണു. അച്ഛന്‍ മരിച്ച ആ പെണ്‍കുട്ടിയോട് പപ്പുവിന് അടുപ്പം കൂടി. അവളും അമ്മ കല്യാണിയും ചേര്‍ന്ന ആ കുടുംബത്തിലെ അംഗമായി പപ്പു മാറി. ലക്ഷ്മി അമ്മാവന്‍ എന്നായിരുന്നു പപ്പുവിനെ വിളിച്ചിരുന്നത്. ലക്ഷ്മിയെ നല്ല നിലയില്‍ വളര്‍ത്താന്‍ പപ്പു കഠിനാധ്വാനം ചെയ്തു. സൈക്കിള്‍ റിക്ഷക്കാരനായ പപ്പുവിന്റെ വരുമാനം മുഴുവന്‍ ഈ കുടുംബത്തിന്റെ നന്മയ്ക്കായി മാറ്റിവെച്ചു. കഠിനാധ്വാനം കൊണ്ട് പപ്പു ഒടുവില്‍ ക്ഷയരോഗിയായി മാറി. അപ്പോള്‍ അമ്മയ്ക്കും ലക്ഷ്മിക്കും പപ്പുവിനോട് പുച്ഛം. അങ്ങനെ റിക്ഷക്കാരനായ പപ്പുവിനോട് ആ കുടുംബം പതിയെ പതിയെ പൂര്‍ണമായും അകന്നു. ക്ഷയരോഗിയായ പപ്പു ചുമച്ചുചുമച്ച് ഒടുവില്‍ മരണത്തിനു കീഴടങ്ങി.
സ്‌നേഹരഹിതമായ ഈ ലോകത്ത് സ്വാര്‍ഥതയ്ക്ക് ഊന്നല്‍ നല്‍കുമ്പോള്‍ അവഗണനയ്ക്ക് ഇടമുണ്ടാകുന്നു. സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്തവര്‍ക്ക് അതിലേറെ സ്‌നേഹ പരിഗണനകള്‍ നല്‍കാന്‍ ബാധ്യതപ്പെട്ടവരാണ് നാം. പരിഗണിക്കേണ്ടതിനു പകരം അവഗണനയുടെ ഓടയിലേക്ക് അവരെ തള്ളിവിടുമ്പോള്‍ നീതിനിഷേധത്തിന്റെ നീറ്റല്‍ കൂടിയാണ് അവരുടെ ഉള്ളില്‍ കനലായി എരിയുന്നത്. നമ്മുടെ ജീവിതത്തിന്റെ ഓരോ ചുവടുകളിലും താങ്ങും തണലുമായി നിന്നവരെ ഓര്‍ത്തുനോക്കൂ. അവരുടെ കരുതലും കാരുണ്യവുമാണ് ഇന്നത്തെ നമ്മുടെ ജീവിത സുസ്ഥിതിക്ക് അടിത്തറ പാകിയത്. നമ്മുടെ നല്ല ഭാവിക്ക് നാം പരിശ്രമം ചെയ്‌തേ തീരൂവെങ്കിലും കൂടെ നിന്ന് കരുത്ത് പകരുന്നവരാണ് ഉയര്‍ച്ചയിലേക്കുള്ള വഴിദൂരത്തെ സുഗമമാക്കിയത്. നന്ദി എന്ന വാക്കിന് അര്‍ഥവ്യാപ്തിയുണ്ടാകുന്നത് ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുമ്പോഴാണ്. ഏണി കയറി മുകളിലെത്തിക്കഴിയുമ്പോള്‍ ഏണി പിന്നോട്ട് തള്ളിക്കളയുന്നത് ശരിയാണോ?
”പകയേക്കാള്‍, പ്രതികാരത്തേക്കാള്‍ നിന്ദ്യമാണ് നന്ദികേട്. തിന്മയ്ക്ക് പകരം തിന്മ ചെയ്യുന്നതാണ് പ്രതികാരം. പക്ഷേ, നന്മയ്ക്ക് പകരമായി തിന്മ ചെയ്യുന്നതാണ് നന്ദികേട്”- ഗ്രന്ഥകാരനായ വില്യം ജോര്‍ജ് ജോര്‍ഡാന്റേതാണ് ഈ വാക്കുകള്‍.
അബൂഹുറൈറ(റ) നിവേദനം: ”നബി(സ) പറഞ്ഞു: ”ജനങ്ങളോട് നന്ദി പ്രകടിപ്പിക്കാത്തവന്‍ അല്ലാഹുവിനോടും നന്ദി കാണിക്കുന്നില്ല” (സുനനുത്തിര്‍മിദി).