പുറത്തെ കാഴ്ചകളിലൊന്നുംതന്നെ അവളുടെ കണ്ണുകള്‍ ഉടക്കുന്നുണ്ടായിരുന്നില്ല. തണുത്ത ഇളംകാറ്റ് അവളുടെ എണ്ണമയമാര്‍ന്ന ചുരുണ്ട മുടിയിഴകളില്‍ തട്ടിത്തഴുകി പിന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. അതും അവള്‍ അറിഞ്ഞതേയില്ല.
വിവിധ തരം പെര്‍ഫ്യൂമുകള്‍ പൂശിയ പുതുകാറ്റും ബസ്സിലെ മോഡേണ്‍ സംഗീതവുമെല്ലാം അവളെ വല്ലാതെ അലോസരപ്പെടുത്തി.
ചുരുട്ടിപ്പിടിച്ച, വാടിയ റോസാപ്പൂവിലേക്ക് അവള്‍ ഇടങ്കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. കണ്ണാടിയെ പോലും കൊതിപ്പിക്കാവുന്ന ഇതളുകള്‍. ഉള്ളം കൈയില്‍ പൊള്ളുന്നുണ്ട്.
ആ തെരുവില്‍ വെള്ളപ്പൊക്കം പോലെ വളരെ പെട്ടെന്നുതന്നെ ജനത്തിരക്ക് ഏറിവന്നു. ആരവങ്ങളുടെ നിലയില്ലാക്കയത്തിലൂടെ അവളും നീന്തി. ഒരു ഗാനത്തില്‍ അവള്‍ വഴിമുട്ടിനിന്നു.
മുന്നില്‍ വിരിച്ച പഴകിയ തുണിത്തുണ്ടിലേക്ക് വീഴാവുന്ന ചില്ലറത്തുട്ടുകളുടെ മോഹത്തിനും താളത്തിനും പ്രതീക്ഷ ചേര്‍ത്ത് തൊണ്ടയിടറി പാടുന്ന ഒരു കൊച്ചു പെണ്‍കുട്ടി. മുഖത്തെ വിലാപഭാവത്തില്‍ തടഞ്ഞ് സംഗീതം ആര്‍ദ്രമായി.
മെലിെഞ്ഞാട്ടിയ പാട്ടുകാരിക്ക് പൊടി പിടിച്ച ചീകിമിനുക്കാത്ത എണ്ണമയമില്ലാത്ത മുടിയിഴകളായിരുന്നു. നിറം മങ്ങിയതും പിന്നിയതുമായ ഉടുപ്പ്. മുന്നില്‍ വീഴുന്ന ചില്ലറകള്‍ പെറുക്കിയെടുക്കുന്ന ഒരു കൊച്ചു പയ്യനുമുണ്ട്.
മരുഭൂമിയില്‍ ആരോ നട്ടു വെള്ളം കിട്ടാതെ വാടിക്കരിഞ്ഞ ചെടിയാണ് ആ പയ്യന്‍ എന്നവള്‍ക്ക് തോന്നി. ആ ബാലികയുടെ കീറിപ്പറിഞ്ഞ ഉടുപ്പിനിടയിലേക്ക് ഇടക്കിടെ സൂര്യകിരണങ്ങള്‍ കൈകടത്താന്‍ ശ്രമിച്ചു.
ആള്‍ത്തിരക്കിനിടയില്‍ ആര്‍ത്തിയോടെയും കൊതിയോടെയും വട്ടംചുറ്റിപ്പാറുന്ന കൂര്‍ത്ത കണ്ണുള്ള നിഴല്‍രൂപങ്ങള്‍ അവള്‍ കണ്ടതാണ്.
നഗരത്തിരകളില്‍ പെട്ട് എവിടെയെല്ലാമോ പോയി തിരികെ വരുമ്പോള്‍ അവള്‍ എത്തിവലിഞ്ഞുനോക്കി. പാട്ടു നഷ്ടപ്പെട്ട തുണിത്തുണ്ടും കുറേ ചില്ലറത്തുട്ടുകളും മാത്രം!
അവള്‍ ആ രൂപം ഓര്‍ത്തെടുക്കാന്‍ പാടുപെട്ടു, കണ്ണാടി നോക്കും വരെ!