LoginRegister

എന്‍ജിനീയറിങ് മേഖലയിലെ പ്രവേശന പരീക്ഷകള്‍

പി കെ അന്‍വര്‍ മുട്ടാഞ്ചേരി

Feed Back


പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിനിയാണ്. എന്‍ജിനീയറിങ് മേഖലയാണ് താല്‍പര്യം. പ്രധാന പ്രവേശന പരീക്ഷകളെ പരിചയപ്പെടുത്താമോ?
സ്വാലിഹ, ആലുവ

എന്‍ജിനീയറിങ് മേഖല അവിശ്വസനീയമാം വിധം വിശാലവും വൈവിധ്യങ്ങള്‍ നിറഞ്ഞതുമാണ്. സാങ്കേതികവിദ്യ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ എന്‍ജിനീയറിങിനേക്കാള്‍ മികച്ച ഓപ്ഷനുകള്‍ കുറവാണെന്നുതന്നെ പറയാം. എന്നാല്‍ ഈ മേഖല തിരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അനിവാര്യമായ നിരവധി ഘടകങ്ങളുണ്ട്. സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട അഭിരുചി, യുക്തിപൂര്‍വമായ ചിന്താഗതി, സൃഷ്ടിപരമായ വാസന, പ്രശ്നപരിഹാരത്തിനുള്ള കഴിവ്, സാങ്കേതിക ജ്ഞാനം, തുടര്‍പഠനത്തിനുള്ള താല്‍പര്യം, സംഘം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള കഴിവ് തുടങ്ങിയവ വളരെ പ്രധാനമാണ്. കൂടാതെ മികവുറ്റ സ്ഥാപനങ്ങളില്‍ സ്വന്തം താല്‍പര്യത്തിനും അഭിരുചിക്കും യോജിച്ച കോഴ്‌സിന് പ്രവേശനം നേടുക എന്നതും വളരെ പ്രധാനമാണ്. മികച്ച സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കാന്‍ വിവിധ പ്രവേശന പരീക്ഷകളില്‍ മികവാര്‍ന്ന പ്രകടനം കൂടിയേ തീരൂ. ഇന്ത്യയില്‍ നിലവിലുള്ള പ്രധാനപ്പെട്ട പ്രവേശന പരീക്ഷകളെ പരിചയപ്പെടാം. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെട്ട വെബ്സൈറ്റുകള്‍ പരിശോധിക്കേണ്ടതാണ്.
ജെഇഇ മെയിന്‍ (JEE Main)
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐഐഐടി), സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങള്‍ (സെന്‍ട്രലി ഫണ്ടഡ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ്- സിഎഫ്ടിഐ) തുടങ്ങിയ സ്ഥാപനങ്ങളിലെ ബിരുദതല എന്‍ജിനീയറിങ് (ബിഇ/ ബിടെക്), സയന്‍സ് (ബിഎസ്-എംഎസ് , ഇന്റഗ്രേറ്റഡ് എംഎസ്‌സി), ആര്‍ക്കിടെക്ചര്‍ (ബിആര്‍ക്), പ്ലാനിങ് (ബി പ്ലാന്‍) കോഴ്സുകളുടെ പ്രവേശനത്തിനായി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷയാണ് ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ) മെയിന്‍. ജെഇഇ മെയിന്‍ പരീക്ഷയില്‍ ബിഇ/ ബിടെക്, ബിആര്‍ക്, ബിപ്ലാനിങ് പ്രവേശനങ്ങള്‍ക്കായി മൂന്ന് വ്യത്യസ്ത പേപ്പറുകളാണുള്ളത്. താല്‍പര്യമനുസരിച്ച് ഒരു വിദ്യാര്‍ഥിക്ക് ഓന്നോ ഒന്നില്‍ കൂടുതലോ പേപ്പറുകള്‍ അഭിമുഖീകരിക്കാം. കോഴിക്കോട് എന്‍ഐടി, കോട്ടയം ഐഐഐടി എന്നിവിടങ്ങളിലെ ബിടെക് പഠനത്തിന് ഈ പരീക്ഷയിലെ ബിഇ/ ബിടെക് പേപ്പറാണ് എഴുതേണ്ടത്. ഒരു പ്രവേശന വര്‍ഷത്തില്‍ രണ്ട് തവണ ജെഇഇ മെയിന്‍ പരീക്ഷ നടത്താറുണ്ട്. ഒന്ന് മാത്രം അഭിമുഖീകരിക്കുന്നവര്‍ക്ക് അതിലെ പേഴ്‌സന്റയില്‍ സ്‌കോറും, രണ്ടും അഭിമുഖീകരിച്ചാല്‍ തമ്മില്‍ മെച്ചപ്പെട്ട പേഴ്‌സന്റയില്‍ സ്‌കോറും അടിസ്ഥാനമാക്കി അന്തിമ റാങ്ക് പട്ടിക തയ്യാറാക്കും.
വെബ്സൈറ്റ്: jeemain.nta.nic.in
ജെഇഇ മെയിന്‍ റാങ്ക് പരിഗണിച്ച് വിവിധ എന്‍ജിനീയറിങ്/ സയന്‍സ് പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നല്‍കുന്ന മറ്റ് ചില സ്ഥാപനങ്ങളുമുണ്ട്. ഐഐഎസ്‌സി ബംഗളൂരു, ആര്‍മി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പൂനെ, ജാമിഅ മില്ലിയ്യ യൂനിവേഴ്സിറ്റി, ജോയിന്റ് അഡ്മിഷന്‍ കമ്മിറ്റി (ഡല്‍ഹി) വഴി പ്രവേശനം ലഭിക്കുന്ന സ്ഥാപനങ്ങള്‍, ഇന്ത്യന്‍ നേവിയുടെ 10+2 (ബിടെക്) കേഡറ്റ് എന്‍ട്രി സ്‌കീം കോഴ്സ്, ഇന്ത്യന്‍ ആര്‍മിയുടെ 10+2 ടെക്നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ്, നാഷനല്‍ റെയില്‍ ആന്റ് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വഡോദര, നാഷനല്‍ ഫയര്‍ സര്‍വീസ് കോളജ് നാഗ്പൂര്‍, ജവഹര്‍ലാല്‍ നെഹ്റു ടെക്നോളജിക്കല്‍ യൂനിവേഴ്സിറ്റി ഹൈദരാബാദ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഉദാഹരണങ്ങളാണ്.
ജെഇഇ അഡ്വാന്‍സ്ഡ്
(JEE Advanced)

രാജ്യത്തെ 23 ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)കളിലെ എന്‍ജിനീയറിങ്/സയന്‍സ്/ ആര്‍ക്കിടെക്ചര്‍ ബിരുദ കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ) അഡ്വാന്‍സ്ഡ്. കംപ്യൂട്ടര്‍ ബേസ്ഡ് പരീക്ഷയാണ്. ജെഇഇ മെയിന്‍ ഒന്നാം പേപ്പറിലെ (ബിഇ/ ബിടെക് പേപ്പര്‍) സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിവിധ കാറ്റഗറിയിലായി മുന്നിലെത്തുന്ന നിശ്ചിത എണ്ണം പേര്‍ക്ക് (ഈ വര്‍ഷം ഏകദേശം 2,50,000 പേര്‍ക്ക്) മാത്രമേ അഡ്വാന്‍സ്ഡിന് അഭിമുഖീകരിക്കാന്‍ സാധിക്കുകയുള്ളൂ. ബാച്ചിലര്‍ ഓഫ് ടെക്നോളജി (ബിടെക്) , ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ (ബിആര്‍ക്), ബാച്ചിലര്‍ ഓഫ് സയന്‍സ് (ബിഎസ്), ഡ്യുവല്‍ ഡിഗ്രി ബിടെക്-എംടെക്, ഡ്യുവല്‍ ഡിഗ്രി ബിഎസ്-എംഎസ്, ഇന്റഗ്രേറ്റഡ് എംടെക്, ഇന്റഗ്രേറ്റഡ് എംഎസ് എന്നീ പ്രോഗ്രാമുകള്‍ക്കാണ് പ്രവേശനം . കേരളത്തില്‍ പാലക്കാട് ഐഐടിയിലെ വിവിധ പ്രോഗ്രാമുകള്‍ക്കാണ് പ്രവേശനം ലഭിക്കുന്നത്. ജെഇഇ അഡ്വാന്‍സ്ഡ് യോഗ്യത നേടുന്നവര്‍ക്ക് ഐഐടികളില്‍ ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ( ബിആര്‍ക്) പ്രോഗാമിന് താല്‍പര്യമുണ്ടെങ്കില്‍ ഫലപ്രഖ്യാപനത്തിനു ശേഷം ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷ (എഎടി) അഭിമുഖീകരിച്ച് യോഗ്യത നേടണം. കോഴ്സിന്റെ പ്രവേശനം ജെഇഇ അഡ്വാന്‍സ്ഡ് റാങ്ക് അനുസരിച്ചായിരിക്കും.
വെബ്സൈറ്റ്: jeeadv.ac.in
ജെഇഇ മെയിന്‍ /ജെഇഇ അഡ്വാന്‍സ്ഡ് റാങ്ക് പട്ടികകള്‍ പ്രസിദ്ധീകരിച്ച ശേഷം ജോയിന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി (ജോസ) യാണ് സംയുക്ത കൗണ്‍സലിങ് വഴി സീറ്റ് അലോട്ട്‌മെന്റ് നടത്തുന്നത്.
ജെഇഇ അഡ്വാന്‍സ്ഡ് റാങ്ക് അനുസരിച്ച് ഐഐടികളല്ലാത്ത മറ്റു ചില സ്ഥാപനങ്ങളും വിവിധ എന്‍ജിനീയറിങ്/ സയന്‍സ് പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നല്‍കാറുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്‌സി) ബംഗളൂരു, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജി (ഐഐഎസ്ടി) തിരുവനന്തപുരം, വിവിധ ഐസറുകള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആന്റ് എനര്‍ജി വിശാഖപട്ടണം, റായ്ബറേലിയിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജി തുടങ്ങിയ സ്ഥാപനങ്ങള്‍ ഉദാഹരണങ്ങളാണ്.
കുസാറ്റ് കാറ്റ്
(CUSAT CAT)

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്)യിലെ വിവിധ ബിടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (CAT) വഴിയാണ്. സര്‍വകലാശാലയുടെ തൃക്കാക്കര, കുട്ടനാട് കാമ്പസുകളില്‍ വ്യത്യസ്തമായ എന്‍ജിനീയറിങ് പ്രോഗ്രാമുകളുണ്ട്. എന്നാല്‍ മറൈന്‍ എന്‍ജിനീയറിങ് എന്ന റസിഡന്‍ഷ്യല്‍ ബിടെക് കോഴ്സിന്റെ പ്രവേശനം, ഇന്ത്യന്‍ മാരിടൈം യൂനിവേഴ്സിറ്റി നടത്തുന്ന കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (സിഇടി) വഴിയാണ്.
വെബ്സൈറ്റ്: admissions.cusat.ac.in
ബിറ്റ്സാറ്റ് (BITSAT)
ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്റ് സയന്‍സി (BITS)ന്റെ പിലാനി, ഗോവ, ഹൈദരാബാദ് കാമ്പസുകളില്‍ വിവിധ ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി കോഴ്സുകളിലെ എന്‍ജിനീയറിങ് (ബിഇ), സയന്‍സ് (എംഎസ്‌സി), ഫാര്‍മസി (ബിഫാം) പ്രവേശനത്തിനായി നടത്തുന്ന പ്രവേശന പരീക്ഷ. കേന്ദ്ര-സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന പ്ലസ്ടു പരീക്ഷയില്‍ ആദ്യ റാങ്ക് ലഭിക്കുന്നവര്‍ക്ക് അവരുടെ ബിറ്റ്സാറ്റ് സ്‌കോര്‍ പരിഗണിക്കാതെ തന്നെ താല്‍പര്യമുള്ള കോഴ്സില്‍ പ്രവേശനം നല്‍കാറുണ്ട്.
വെബ്‌സൈറ്റ്: www.bitsadmission.com.
ഐഎംയു സിഇടി
(IMU CET)

ഇന്ത്യന്‍ മാരിടൈം യൂനിവേഴ്സിറ്റി (ഐഎംയു) കൊല്‍ക്കത്ത, മുംബൈ പോര്‍ട്ട്, ചെന്നൈ, വിശാഖപട്ടണം കാമ്പസുകളിലെ മറൈന്‍ എന്‍ജിനീയറിങ്, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്റ് ഓഷ്യന്‍ എന്‍ജിനീയറിങ് എന്നിവയില്‍ ബിടെക് പഠനത്തിനുള്ള പ്രവേശന പരീക്ഷയാണ് ഇന്ത്യന്‍ മാരിടൈം യൂനിവേഴ്സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (ഐഎംയു സിഇടി).
വെബ്സൈറ്റ്: www.imu.edu.in.

കേരള എന്‍ജിനീയറിങ്
പ്രവേശന പരീക്ഷ

കേരളത്തിലെ എന്‍ജിനീയറിങ്/ ഫാര്‍മസി പ്രവേശനത്തിനായി പ്രവേശന കമ്മീഷണര്‍ നടത്തുന്ന പരീക്ഷ. ഈ പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കും പ്ലസ്ടു കോഴ്സിന്റെ രണ്ടാം വര്‍ഷ പരീക്ഷയില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി (കെമിസ്ട്രി പഠിച്ചില്ലെങ്കില്‍ മറ്റു നിശ്ചിത സയന്‍സ് വിഷയം) എന്നിവയ്ക്ക് ലഭിക്കുന്ന മാര്‍ക്കും പ്രോസ്പെക്ടസ് വ്യവസ്ഥ പ്രകാരം സമീകരിച്ചാണ് എന്‍ജിനീയറിങ് പ്രവേശന റാങ്ക് പട്ടിക തയ്യാറാക്കുന്നത്. കേരളത്തിലെ മികച്ച എന്‍ജിനീയറിങ് കോളജുകളായ കോളജ് ഓഫ് എന്‍ജിനീയറിങ് തിരുവനന്തപുരം, ഗവ. എന്‍ജിനീയറിങ് കോളജ് തൃശൂര്‍, ടി കെ എം എന്‍ജിനീയറിങ് കോളജ് കൊല്ലം ഉള്‍പ്പെടെ വിവിധ കോളജുകളിലെ പ്രവേശനം ഈ റാങ്ക് പട്ടികയില്‍ നിന്നാണ്.
വെബ്‌സൈറ്റ്: www.cee.kerala.gov.in.
കേരളത്തിലെ വിവിധ സ്ഥാപനങ്ങളിലെ ബിആര്‍ക് പ്രവേശനം ‘നാറ്റ’ ( നാഷനല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍) പരീക്ഷയുടെയും പ്ലസ്ടു മാര്‍ക്കിന്റെയും അടിസ്ഥാനത്തിലാണ്.
അലിഗഡ് മുസ്‌ലിം സര്‍വകലാശാല (AMU)യിലെ ബിടെക്/ ബി ആര്‍ക് പ്രവേശനത്തിനായി സര്‍വകലാശാല പ്രത്യേക പ്രവേശന പരീക്ഷ നടത്താറുണ്ട്. കേരളത്തില്‍ പരീക്ഷാകേന്ദ്രമുണ്ട്. കൂടാതെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, അമൃത വിശ്വവിദ്യാപീഠം, എസ്ആര്‍എം യൂനിവേഴ്സിറ്റി, അമിറ്റി യൂനിവേഴ്സിറ്റി, മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ലവ്ലി പ്രൊഫഷനല്‍ യൂനിവേഴ്സിറ്റി തുടങ്ങി നിരവധി പ്രൈവറ്റ് യൂനിവേഴ്സിറ്റികളില്‍ വിവിധ പ്രവേശന പരീക്ഷകള്‍ വഴി അഡ്മിഷന്‍ നേടാവുന്നതാണ്. വിദേശ രാജ്യങ്ങളില്‍ എന്‍ജിനീയറിങ് ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ SAT, ACT, IELTS, TOEFL പോലെയുള്ള നൈപുണി പരീക്ഷകള്‍ക്ക് നേരത്തെത്തന്നെ തയ്യാറെടുക്കേണ്ടതുണ്ട്.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top