എവിടെയാണെന്ന് ഒരെത്തും പിടിയുമില്ലാത്ത, എന്നാല്‍ എല്ലാറ്റിനെയും നിയന്ത്രിക്കുന്ന സമസ്യയാണ് മനസ്. മനസ് നന്നായാല്‍ മനുഷ്യന്‍ നന്നായി എന്നാണ് ഒരു പ്രവാചക വചനത്തിന്റെ പൊരുളു തന്നെ. നമുക്ക് കാണാന്‍ കഴിയാത്ത ഒന്ന് നമുക്കെങ്ങനെ നന്നാക്കാം എന്നതാകും സ്വാഭാവികമായ ചോദ്യം. കാഴ്ചയില്‍ പ്രകടമല്ലെങ്കിലും നാമോരോരുത്തരും മനസ്സിന്റെ സാന്നിധ്യം അനുഭവിക്കുന്നുണ്ട് എന്നതാണു യാഥാര്‍ഥ്യം.
മനസ്സില്‍ തട്ടുക, മനസ്സറിഞ്ഞ് ചെയ്യുക എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ സാധാരണമായത് ആ സാന്നിധ്യം നാം അനുഭവിക്കുന്നതുകൊണ്ടാണ്.
മനസ്സിന്റെ ആരോഗ്യനാരോഗ്യങ്ങളാണ് ഒരാളെ ഉന്മേശവാനും ക്ഷീണിതനുമാക്കുന്നത്. തന്നിലും ചുറ്റുമുള്ളവരിലും ആനന്ദവും സന്തോഷവും നിറയ്ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യകരമായ മനസ്സിനെ വാര്‍ത്തെടുക്കുക. നന്മയുടെ വര്‍ത്തമാനങ്ങള്‍ കേട്ടു വളരുന്ന ഒരുവന് ചെന്നുപെടുന്നിടങ്ങളിലെല്ലാം ആനന്ദത്തിന്റെ പരിമളം പൊഴിക്കാന്‍ കഴിയും. വെറുപ്പും പകയും പങ്കുവെച്ച് വളര്‍ന്ന ഒരുവനോ സമൂഹത്തില്‍ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സാധ്യതകള്‍ കണ്ടെത്തുക സാധ്യമല്ല തന്നെ.
ചെറുപ്പം തൊട്ടേ മനസ്സിനു നല്കപ്പെടുന്ന ഈ പരിശീലനത്തെക്കുറിച്ചാണ് ‘ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷരുള്ള കാലം’ എന്ന പഴമൊഴി സംസാരിക്കുന്നത്. വീടകങ്ങളില്‍ സ്‌നേഹത്തിന്റെ മന്ത്രധ്വനികള്‍ നിറയ്ക്കുകയും കരുതലിന്റെയും ചേര്‍ത്തുപിടിക്കലിന്റെയും മാതൃകകള്‍ കാണിച്ചും ജീവിക്കാന്‍ സാധിക്കേണ്ടതുണ്ട്. അതാണ് ആത്യന്തികമായി മാനുഷിക നന്മ വളര്‍ത്താനുള്ള മാര്‍ഗം.
ആരോഗ്യമുള്ള മനസിന് ആവശ്യമായ ഭക്ഷണം ലഭിക്കേണ്ടതുണ്ട്. കളങ്കമില്ലാത്ത സ്‌നേഹം എന്നതാണ് മനസ്സ് ആഗ്രഹിക്കുന്ന ഭക്ഷണം. കമലാ സുരയ്യ ആ യാഥാര്‍ഥ്യത്തെ ‘സ്‌നേഹിക്കാന്‍ തയ്യാറായ ഒരു പട്ടിയെങ്കിലും തന്റെ ജീവിതത്തിലേക്ക് കടന്നു വരണമെന്ന് ഏതൊരാളും ആഗ്രഹിക്കുന്നു’ എന്നു കുറിക്കുന്നുണ്ട്. സ്‌നേഹപൂര്‍വമുള്ള നോട്ടങ്ങള്‍, ഒരു തലോടല്‍, അതുമല്ലെങ്കില്‍ കൂട്ടിരിപ്പ് എന്നിങ്ങനെ ആശ്വാസത്തിന്റെ ഒരു സാന്നിധ്യം ഓരോ മനസ്സും കൊതിക്കുന്നുണ്ടാവും. അവ കണ്ടറിഞ്ഞ് നിവര്‍ത്തിക്കുക എന്നത് ഒരോ മനസ്സിന്റെയും പരിസരത്തുള്ള മറ്റു മനസ്സുകളുടെ ഉത്തരവാദിത്തമാണ്. നല്കുമ്പോള്‍ മാത്രമാണല്ലോ എന്തും തിരിച്ചു പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമുള്ളത്.
ആദ്യം സ്വയം സ്‌നേഹിക്കാം, മനസു വായിച്ചെടുക്കാം.
സഈദ് റാഹി കുറിച്ച പോലെ,
‘വീണ്ടും വീണ്ടും ഇതു വായിച്ചു നോക്കൂ/ മനസ്സിനേക്കാള്‍ മികച്ചതായി മറ്റൊരു പുസ്തകവുമില്ല തന്നെ.’
എഡിറ്റര്‍