LoginRegister

ഇസ്‌ലാമിക് ആര്‍ട്ട്: സാധ്യതകളുടെ കലാവിഷ്‌കാരം

സീയെം ആലുവ

Feed Back


മനുഷ്യ ജീവിതത്തെ സാരമായി സ്വാധീനിച്ചിട്ടുള്ള ഒന്നാണ് കലകള്‍. അവ ഉളവാക്കുന്ന ഭാവങ്ങള്‍, നല്‍കുന്ന സംതൃപ്തി, ഇവയെല്ലാം അനുഭവിച്ചിട്ടുള്ളവരാണ് നാം ഓരോരുത്തരും. പ്രാദേശികം, ദേശീയം, അന്തര്‍ദേശീയം എന്നീ മേഖലകളില്‍ കലകള്‍ വൈവിധ്യപൂര്‍ണവും വ്യത്യസ്തവുമാണ്. മനുഷ്യമനസ്സാണ് പ്രധാനമായും കലകള്‍ ലക്ഷ്യമാക്കുന്നത്. മനസ്സിനെ ചലിപ്പിക്കാന്‍ കഴിഞ്ഞാല്‍ ജീവിതത്തെത്തന്നെ ചലിപ്പിക്കാന്‍ കഴിയുമല്ലോ.
സുഖം, ദുഃഖം, സന്തോഷം, സന്താപം, ഇഷ്ടം, അനിഷ്ടം, സ്‌നേഹം, വെറുപ്പ് എന്നു തുടങ്ങി നമ്മുടെ ജീവിതത്തിലെ എല്ലാ ഭാവഭേദങ്ങളുടെയും വാസസ്ഥലം മനസ്സാണല്ലോ. പ്രയാസങ്ങള്‍, പ്രതിസന്ധികള്‍, സംഘര്‍ഷങ്ങള്‍ എന്നിവ ജീവിതത്തില്‍ സംഭവിക്കുന്ന യാഥാര്‍ഥ്യങ്ങളാണ്. പ്രസ്തുത സന്ദര്‍ഭങ്ങളെ അതിജയിക്കാനും സന്തോഷം നിലനിര്‍ത്താനും കലകള്‍ നിമിത്തം കഴിയുമെന്ന് എല്ലാവരും സമ്മതിക്കുന്ന ഒന്നാണ്.
വികാരതീവ്രത, ഏകാഗ്രത, സരളത, ഗാനാത്മകത, ഭാവാത്മകത തുടങ്ങിയ ഗുണങ്ങള്‍ കലകള്‍ക്കുണ്ട്. നേര്‍ക്കുനേര്‍ അനുവാചകര്‍ക്ക് ആസ്വാദനം നല്‍കുകയാണ് കലകള്‍ ചെയ്യുന്നത്. അതില്‍ വിശ്വാസി, നിരീശ്വരന്‍, ജാതി, മത, ദേശ, ഭാഷാവ്യത്യാസങ്ങള്‍ എന്നിവയൊന്നും തടസ്സമാകുന്നില്ല. മനുഷ്യകുലം നേടിയ അറിവുകളുടെ പ്രകടനപരതയാണ് പല കലകളും. അത് പല രീതിയിലും ഭാവത്തിലും പ്രകടിപ്പിക്കുന്നു എന്നു മാത്രം.
കലയും ശാസ്ത്രവും ഇന്നത്തെ മനുഷ്യരുടെ പ്രമുഖ വ്യാപാരങ്ങളാണ്. കലകളുടെയും ശാസ്ത്രത്തിന്റെയും എക്കാലത്തെയും ലക്ഷ്യം സത്യാന്വേഷണമാണ്. കര്‍മരീതി വ്യത്യസ്തമാണെന്നു മാത്രം. ശാസ്ത്ര ജ്ഞന്‍ കൈവശം കിട്ടിയ വസ്തുവിനെ അപഗ്രഥിക്കുകയാണെങ്കില്‍, കലാകാരന്‍ അതിനെ വിശകലനം ചെയ്യുകയാണ് എന്ന വ്യത്യാസം മാത്രമേയുള്ളൂ. ഒന്ന് വിഭജനമാണ്, മറ്റേത് നിര്‍മാണവും. ശാസ്ത്രം വസ്തുക്കളെ പദാര്‍ഥമായി അപഗ്രഥിച്ച് കണ്ടെത്തുമ്പോള്‍, കലാകാരന്‍ വികാരപ്രധാനങ്ങളായ ബിംബങ്ങളായും രസങ്ങളായും കണ്ടെത്തുന്നു. കാലത്തിനപ്പുറവും സ്മരണകളായി നിലനില്‍ക്കാനുള്ള ശേഷി കലകള്‍ക്കുണ്ട്.
അറബികളും പിന്നീട് മുസ്‌ലിംകളും അനുകരിച്ചു പോന്നത് ഗ്രീക്ക് തത്വചിന്തയെയാണല്ലോ. ഗസ്സാലി, ഫാറാബി, ഇബ്‌നു റുഷ്ദ്, ഇബ്‌നുസീന എന്നിവരിലൂടെ അരിസ്റ്റോട്ടില്‍, സോക്രട്ടീസ് തുടങ്ങിയവരുടെ ദര്‍ശനങ്ങള്‍ മുസ്‌ലിം സമൂഹത്തില്‍ വ്യാപിക്കാന്‍ ഇടയായി. ഇല്‍മുല്‍ കലാം അഥവാ ദൈവശാസ്ത്ര ചര്‍ച്ചയില്‍ ഈ തത്വചിന്തയുടെ സ്വാധീനം നമുക്ക് കാണാം.
കാണാന്‍ കൊള്ളാവുന്നത് ഉണ്ടാക്കാനും കേള്‍ക്കാന്‍ കൊള്ളാവുന്നത് പറയാനും മനുഷ്യനെ പ്രേരിപ്പിക്കുന്നത് അവന്റെ വാസനയാണ്. അത് പലപ്പോഴും ജീവിതത്തെ ഭദ്രമാക്കാനും ക്രമീകരിക്കാനും കാരണമായിട്ടുണ്ട്. മനുഷ്യരുടെ വാസസ്ഥലം, വേഷം, ആഭരണം, പണിയായുധങ്ങള്‍ എന്നുവേണ്ട ജീവിതത്തിലെ എല്ലാ വ്യാപാരങ്ങളിലും ഈ ഭദ്രതയും ക്രമവും നമുക്ക് കാണാം. അതുകൊണ്ടാണ് പുരാതനകാലത്ത് ഉപയോഗിച്ചിരുന്ന പീഠമോ കട്ടിലോ ഒക്കെ അതിന്റെ കൊത്തുപണിയും ഭംഗിയും മനോഹരമായതിനാല്‍ ഒരു കലാശില്‍പമെന്ന നിലയില്‍ നാമത് വലിയ വില കൊടുത്തു വാങ്ങി സൂക്ഷിക്കുന്നത്.
മനുഷ്യരില്‍ വികാരമുണര്‍ത്തുകയും ഭാവനാചിന്തകളെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന കഥകള്‍ എത്രയോ ഉണ്ട്. അറിയപ്പെട്ടിടത്തോളം വേദഗ്രന്ഥങ്ങളിലെല്ലാം കൂടുതല്‍ പരാമര്‍ശിച്ചിട്ടുള്ളത് കഥകളാണ്. അവ ഓരോന്നും മനുഷ്യനെ കഥയുള്ളവനാക്കും എന്നതിനാലാണ് ഇത്രയധികം കഥകള്‍ പറയേണ്ടിവന്നത്. വിശുദ്ധ ഖുര്‍ആനില്‍ ആയിരം കഥകളുണ്ട്. അതില്‍ എന്തുകൊണ്ടും ഭംഗിയുള്ള നല്ല കഥയെന്ന് വിശേഷിപ്പിച്ചത് യൂസുഫ് നബിയുടേതാണ്. കഥകള്‍ കഥകളായി പറയാന്‍ പഠിച്ചാല്‍ അതിലെ കലാഭംഗി നമുക്ക് ആസ്വദിക്കാന്‍ കഴിയും.
വര്‍ത്തമാനകാലത്ത് വായനക്കാരന് അനുഭവം നല്‍കുന്നത് നോവലുകളാണ്. നോവല്‍ എന്ന സാഹിത്യം കഥയാണ് അനാവരണം ചെയ്യുന്നത്. എന്നാല്‍ ഒരു പൂവിന്റെ ചിത്രത്തില്‍ എന്ത് കഥയാണുള്ളത്? പക്ഷേ ചിത്രകല, വളരെ കുറഞ്ഞ നിമിഷങ്ങള്‍ക്കുള്ളില്‍ ഏതെങ്കിലുമൊരു വിഷയം നമ്മെ സംവേദിപ്പിക്കും. ആശാന്റെ വീണപൂവ് ഉദാഹരണമാണ്. എന്നാല്‍ കഥയ്ക്കും കവിതയ്ക്കും സാഹിത്യത്തിനും എന്തെങ്കിലുമൊരു ആശയം നമ്മെ അറിയിക്കാന്‍ കുറച്ചു സമയം വേണ്ടിവരും എന്നുമാത്രം.
പ്രവാചക വചനങ്ങളുടെ സമാഹാര ഗ്രന്ഥങ്ങളില്‍ നമ്മുടെ ഇന്ദ്രിയങ്ങളെ ഉണര്‍ത്താന്‍ പോന്ന നിരവധി കഥകളുണ്ട്. അവയില്‍ ചിലത് നടനകലയോട് സാദൃശ്യമുള്ളതാണ്. വളരെ പ്രാധാന്യമുള്ള ആശയങ്ങള്‍ അനുവാചക മനസ്സുകളില്‍ ദൃഢമാക്കാനാണ്, ചില പ്രത്യേകതയുള്ള സംഭാഷണം, രംഗം, അഭിനയം എന്നിവ സ്വീകരിച്ചത്. ജിബ്‌രീല്‍ മനുഷ്യ രൂപത്തില്‍ ആകര്‍ഷണീയ വേഷമണിഞ്ഞ് കടന്നുവരികയും, നബിയുമൊത്ത് സംഭാഷണം നടത്തുകയും മറ്റും ചെയ്ത, വിശ്വാസത്തിന്റെ അധ്യാപനരംഗം ഒരു ഉദാഹരണം മാത്രമാണ്.
വര്‍ത്തമാനകാലത്ത് ആദര്‍ശപ്രചാരണത്തിനും ആശയസന്നിവേശത്തിനുമായി ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ എല്ലാംതന്നെ വെവ്വേറെ ചാനലുകള്‍ സ്ഥാപിച്ച്, ഡോക്യുമെന്ററികളും മറ്റും അവതരിപ്പിച്ചുവരുന്നുണ്ട്. മനുഷ്യ ജീവിതത്തിന്റെ അവിഭാജ്യഘടകമായി എല്ലാകലകളും മാറിയതുകൊണ്ടാണ് ഈ മാറ്റം ഇസ്‌ലാമിക പണ്ഡിതര്‍ അനുവദിച്ചത്.

പുതിയ അറിവുകള്‍ നല്‍കുന്നതോടൊപ്പം സംതൃപ്തിയും ആസ്വാദനവും നല്‍കലാണ് കലകളുടെ ലക്ഷ്യം. വായനയിലും കാഴ്ചയിലും കേള്‍വിയിലും ഇതാണ് ലഭിക്കുന്നത്. ഓരോ പേജുകള്‍ വായിച്ചുകഴിയുമ്പോഴും ഓരോ ചുവടുകള്‍ കാണുമ്പോഴും ഓരോ താളം കേള്‍ക്കുമ്പോഴും, ആഭ്യന്തരമായ ലയം എന്ന അനുഭവത്തില്‍ നാം എത്തിച്ചേരുന്നു. അപ്പോള്‍ നമ്മുടെ മനസ്സും ആത്മാവും ഉന്നതി പ്രാപിക്കുകയും ആത്മനിര്‍വൃതി അനുഭവിക്കുകയും ചെയ്യും. ഇതാണ് കലകളുടെ അടിസ്ഥാന മൂല്യം.
ചിത്രകല, ഫോട്ടോകള്‍
മുസ്‌ലിം ലോകത്ത് പണ്ഡിതര്‍ക്കിടയില്‍ സജീവ ചര്‍ച്ച നടന്നിട്ടുള്ള വിഷയമാണ് ചിത്രകലയും ഫോട്ടോകളും സംബന്ധിച്ചുള്ളത്. പ്രതിമകള്‍, ചിത്രങ്ങള്‍, ഫോട്ടോകള്‍ എന്നിവയൊന്നും ആരാധിക്കപ്പെടുന്നില്ലെങ്കില്‍ അവയുണ്ടാക്കുന്നതും രൂപകല്പന ചെയ്യുന്നതും അനുവദനീയമാണെന്ന് മതവിധി നല്‍കിയ പ്രമുഖ പണ്ഡിതനാണ് ഇമാം മുഹമ്മദ് അബ്ദു. അതുപോലെ സയ്യിദ് റഷീദ് രിദായും അനുവദനീയ ഫത്‌വ നല്കിയവരില്‍ പ്രസിദ്ധനാണ്. എന്നാല്‍ അനുവദനീയമല്ല എന്ന അഭിപ്രായവും പണ്ഡിതലോകത്തുണ്ട്.
ഇന്ന്, പുതിയ സംസ്‌കാരത്തിന്റെ ഘടകങ്ങളാണ് ചിത്രങ്ങളും ഫോട്ടോകളും. കാരണം പ്ലാറ്റോയുടെ ആദര്‍ശലോകത്തേക്കാള്‍ വലുതാണ് ചിത്രലോകം. ആദര്‍ശലോകം കേവലം തത്വങ്ങളില്‍ അധിഷ്ഠിതമാകുമ്പോള്‍, ചിത്രലോകം തത്വങ്ങള്‍ക്കൊപ്പം ആശയത്തിലും വിശദാംശത്തിലും നിലയുറപ്പിക്കുന്നുണ്ട്.
ചിത്രങ്ങള്‍ വീടുകളിലും ദേവാലയങ്ങളിലും വെച്ചിരുന്നു. ദേവിയുടെ അല്ലെങ്കില്‍ ദേവന്റെ ഇരിപ്പിടം എന്ന അര്‍ഥത്തിലാണ് ആരാധനാലയങ്ങള്‍ക്ക് ആ പേരു തന്നെ വന്നുചേര്‍ന്നത്.
ഏതാണ്ട് എല്ലാ മതങ്ങളും പ്രതിമാ നിര്‍മാണത്തെ നിരോധിക്കുന്നുണ്ട്. ചിത്രരചനയും പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. സെമിറ്റിക് വര്‍ഗത്തിലെ അറിയപ്പെടുന്ന എല്ലാ പഴയ മതസംഹിതകളിലും ബിംബാരാധനയും പ്രതിമാ നിര്‍മാണവും നിരോധിക്കപ്പെട്ടതും നിഷിദ്ധവുമാണത്.
എന്നാല്‍ ആരാധനയ്ക്ക് ഇടം നല്‍കാത്തതും, കേവലം നിര്‍മാണത്തിലെ കരവിരുതും കലാഭംഗിയും എന്ന രീതിയിലാണെങ്കില്‍ അനുവദനീയമാണെന്ന് കാണാം. ഈ വീക്ഷണത്തെ ബലപ്പെടുത്തുന്നവയാണ് സുലൈമാന്‍ നബിയുടെ രാജധാനിയിലെയും ബൈത്തുല്‍ മുഖദ്ദസിലെയും മറ്റും ചിത്രങ്ങള്‍ എന്ന് അവര്‍ സമര്‍ഥിക്കുന്നു.
”അദ്ദേഹത്തിനു വേണ്ടി ഉന്നതസൗധങ്ങള്‍, അഥവാ പള്ളികള്‍, കമാനങ്ങള്‍, ശില്പങ്ങള്‍, വലിയ ജലസംഭരണി പോലുള്ള തളികകള്‍, ഉറപ്പിച്ചു നിര്‍ത്തിയ ലോഹപ്പാത്രങ്ങള്‍ എന്നിങ്ങനെ അദ്ദേഹത്തിന്റെ അഭീഷ്ടമനുസരിച്ച് അവര്‍ നിര്‍മിച്ചു നല്‍കിയിരുന്നു. ”ദാവൂദ് കുടുംബമേ, നിങ്ങള്‍ നന്ദിപൂര്‍വം പ്രവര്‍ത്തിക്കുക. മനുഷ്യരില്‍ നന്ദിയുള്ളവര്‍ വിരളമാണ്” (ഖുര്‍ആന്‍ 14:13). ഈ വചനം, മനുഷ്യകഴിവുകളെ ഉപയോഗപ്പെടുത്തണമെന്നും, എന്നാല്‍ രക്ഷിതാവിനോട് വിനയവും നന്ദിയും കാണിക്കണമെന്നുമാണ് ഉപദേശിക്കുന്നത്. പ്രകൃതിയുടെ രൂപഭംഗിയും സൗകുമാര്യതയും സ്രഷ്ടാവിന്റെ മഹത്വത്തെയാണല്ലോ പ്രതിനിധാനം ചെയ്യുന്നത്. മനുഷ്യനും മറ്റ് സൃഷ്ടികള്‍ക്കും ലഭിച്ച കഴിവുകളുടെ പ്രകടനപരത, വ്യക്തിയെ അല്ല, പ്രത്യുത രക്ഷിതാവിനെയാണ് ചൂണ്ടുന്നതെന്ന തത്വം ഇതില്‍ നിന്നു ഗ്രഹിക്കാം.
പൂര്‍വകാല അറബികള്‍ വിഗ്രഹാരാധകരായിരുന്നു. അവര്‍ക്ക് ഏകദൈവ വിശ്വാസം പഠിപ്പിക്കാന്‍ നിയുക്തനായത് ഇബ്‌റാഹീം നബിയും. കാലങ്ങള്‍ പിന്നിട്ടപ്പോള്‍ അദ്ദേഹത്തിന്റേതടക്കം 360 വിഗ്രഹങ്ങള്‍ അവര്‍ കഅ്ബയില്‍ സ്ഥാപിച്ചു. ഇത്തരം അര്‍ഥശൂന്യമായ മിഥ്യാരാധനയില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കാന്‍ മുഹമ്മദ് നബിക്ക് കഠിനശ്രമം തന്നെ നടത്തേണ്ടിവന്നു. പ്രതിമകള്‍, വിഗ്രഹങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയ പലതും മനുഷ്യരിലെ ഏകദൈവ ചിന്തയെയും ഈശ്വരാരാധനയെയും സാരമായി ബാധി ച്ചിരുന്നു എന്ന് കാണാം.
സൃഷ്ടിവസ്തുക്കളുടെ ചിത്രങ്ങള്‍ അത് പെയിന്റിങ് ആകാം, കൊത്തിയെടുത്തതാകാം, ഫ്‌ളാഷ് ഫോട്ടോ, ഛായാചിത്രങ്ങള്‍ തുടങ്ങി എല്ലാ ഇനവും പൂര്‍വകാലത്ത് ഉപയോഗിച്ചിരുന്നു. അത് മനുഷ്യര്‍, മൃഗങ്ങള്‍, സസ്യങ്ങള്‍, പ്രതിരൂപങ്ങള്‍ എന്നിവയും ആയിരുന്നു എന്നും പണ്ഡിതരുടെ വിശദീകരണങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ജീവനുള്ള വസ്തുക്കളുടെ ചിത്രത്തെക്കുറിച്ച് പണ്ഡിതര്‍ക്ക് ഒന്നിലധികം അഭിപ്രായങ്ങളുണ്ട്. ജീവനില്ലാത്ത വസ്തുക്കളുടെ ചിത്രങ്ങള്‍ അനുവദനീയമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. സുലൈമാന്‍ നബിയുടെ കാലത്തുണ്ടായിരുന്ന ചിത്രങ്ങളും പ്രതിമകളും അത്തരം ഇനത്തില്‍ പെട്ടതായിരുന്നുവെന്ന് അവര്‍ വാദിക്കുന്നു. ചിത്രങ്ങള്‍ ജീവനില്ലാത്തവയുടേതാകാം എന്നത് കേവലം സാധ്യത മാത്രമാണെന്നും അഭിപ്രായമുള്ള പണ്ഡിതന്‍മാരുണ്ട്.

ബഹുജനങ്ങളില്‍ അന്ധവിശ്വാസവും ബഹുദൈവചിന്തയും വിഗ്രഹാരാധനയും വ്യാപകമായ കാലങ്ങളിലാണല്ലോ പ്രവാചകന്മാര്‍ ആഗതരായത്. ഏകദൈവവിശ്വാസം, ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുകയും അതിലേക്ക് അവരെ ക്ഷണിക്കുകയും ചെയ്യുന്നതോടൊപ്പം, ബഹുദൈവാരാധനയുടെ അര്‍ഥശൂന്യത അവരെ തെര്യപ്പെടുത്തുകയും ചെയ്യല്‍ പ്രവാചകന്മാരുടെ ചുമതലയാണ്. അതുകൊണ്ട് ഏകദൈവവിശ്വാസത്തിന് പ്രതികൂലമായ സാഹചര്യങ്ങള്‍ ഉണ്ടാകാതെ അവര്‍ ശ്രദ്ധിക്കുകയും ചെയ്യും. ചിത്രങ്ങളും പ്രതിമകളും മനുഷ്യമനസ്സ് കീഴ്‌പെടുത്തുകയും അവരെ അവയുടെ ആരാധകരാക്കുകയും ചെയ്‌തേക്കാം. അതിനാല്‍ ജീവിവര്‍ഗങ്ങളുടെ ചിത്രങ്ങള്‍ ആദരപൂര്‍വം സൂക്ഷിക്കലും സ്ഥാപിക്കലും ഇസ്‌ലാം ഇഷ്ടപ്പെടുന്നില്ല എന്ന നിലപാടാണ് ഹാഫിസ് ഇബ്‌നു ഹജറിനുള്ളത്.
ചിത്രനിര്‍മാണത്തെ നിരുത്സാഹപ്പെടുത്തുന്ന ചില നബി വചനങ്ങള്‍ ശ്രദ്ധിക്കുക:
അന്ത്യദിനത്തില്‍ കനത്ത ശിക്ഷ ചിത്രകാരന്മാര്‍ക്കായിരിക്കും എന്ന് പ്രവാചകന്‍ പ്രസ്താവിക്കുന്നു (ബുഖാരി, മുസ്‌ലിം).
അബൂ സുര്‍അ പറയുന്നു: ഞാന്‍ അബുഹുറൈറയുമൊന്നിച്ച് മദീനയിലെ ഒരു വീട്ടില്‍ പ്രവേശിച്ചു. ആ വീടിന്റെ മുകളില്‍ ഒരു ചിത്രകാരന്‍ ചിത്രം രചിക്കുന്നത് കാണാന്‍ ഇടയായി. അപ്പോള്‍ അദ്ദേഹം പ്രവാചകനില്‍നിന്ന് ശ്രവിച്ച ഒരു വചനം അവിടെ പറഞ്ഞു: അല്ലാഹു ചോദിക്കുന്നു: എന്നെപ്പോലെ സൃഷ്ടിക്കാന്‍ മുതിരുന്നവനേക്കാള്‍ അതിക്രമി ആരുണ്ട്? എങ്കില്‍ അവര്‍ ഒരു ധാന്യമണി സൃഷ്ടിക്കട്ടെ, അല്ലെങ്കില്‍ ഒരു പരമാണുവെങ്കിലും സൃഷ്ടിക്കട്ടെ (ബുഖാരി, മുസ്‌ലിം).
ആയിശ(റ) പറയുന്നു: നബി(സ) ഒരു യാത്ര കഴിഞ്ഞ് തിരിച്ചുവന്നു. ഞാന്‍ എന്റെ മുറി ചിത്രമുള്ള ഒരു വിരി കൊണ്ട് മറച്ചിരുന്നു. അത് കണ്ട പ്രവാചകന്‍, ആ വിരി കീറിയശേഷം പറഞ്ഞു: അന്ത്യനാളില്‍ കഠിനശിക്ഷ അനുഭവിക്കുന്നവര്‍ സൃഷ്ടികര്‍മത്തില്‍ അല്ലാഹുവോട് സാദൃശ്യം പ്രാപിക്കുന്നവരാണ്. ആയിശ തുടരുന്നു: ആ വിരി പിന്നീട് ഒന്നോ രണ്ടോ തലയണയാക്കി ഉപയോഗിച്ചു (ബുഖാരി).
ഹദീസ്ഗ്രന്ഥങ്ങളില്‍ ഇതേ അര്‍ഥം വരുന്ന വചനങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടവയാണ് മുകളില്‍ നാം വായിച്ചത്. പദങ്ങളില്‍ ചെറിയ വ്യത്യാസം ഉണ്ടെങ്കിലും അവയെല്ലാം ഒരേ ആശയമാണ് നല്‍കുന്നത്. എന്നാല്‍ ഇതേ ആശയം അതിന്റെ ബാഹ്യമായ അര്‍ഥത്തില്‍ പരിഗണിച്ച് ഒരു നിയമത്തില്‍ എത്താന്‍ കഴിയുമോ? ഇല്ലെന്നാണ് ഇവയെല്ലാം ഗ്രഹിച്ച സഹാബികളുടെ ജീവിതത്തില്‍ നിന്ന് മനസ്സിലാവുക.
നിഷ്‌കളങ്കമായ വിശ്വാസം, ശുദ്ധമായി നിലനില്‍ക്കാന്‍ ഇസ്‌ലാം ചില മാര്‍ഗങ്ങള്‍ അവലംബിക്കാറുണ്ട്. വിദൂരഭാവിയില്‍ പോലും ബഹുജനങ്ങളില്‍ ദുര്‍ബലരും അറിവ് കുറഞ്ഞവരുമായ ആളുകളുടെ മനസ്സിന് മാറ്റമുണ്ടാക്കാന്‍ കാരണമാകാവുന്ന എല്ലാ വഴികളും അത് അടയ്ക്കാറുണ്ട്. ‘സദ്ദുദ്ദരീഅ’ എന്നാണ് അതിന് പറയുക. മദ്യം പൂര്‍ണമായി നിരോധിച്ചുകഴിഞ്ഞപ്പോള്‍, അത് വാറ്റാനുപയോഗിക്കുന്ന പാത്രങ്ങളും കുടിക്കാനുപയോഗിച്ചിരുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാക്കുകയും അത് അവശേഷിപ്പിക്കുന്നത് തടയുകയും ചെയ്തു. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍, ഈ പാത്രങ്ങള്‍ ഉപയോഗിക്കരുത് എന്ന ശാസന ദുര്‍ബലപ്പെടുത്തി.
വിഗ്രഹാരാധനയിലേക്ക് വിശ്വാസികള്‍ എപ്പോഴും വ്യതിചലിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഖബ്ര്‍ സന്ദര്‍ശനം നിരോധിച്ചിരുന്നു. പിന്നീട് നിരോധനം നീക്കുകയും ഖബ്ര്‍ സന്ദര്‍ശനം ഉപാധികളോടെ അനുവദിക്കുകയും ചെയ്തു.

ഇസ്‌ലാമിക നിയമനിര്‍മാണം നടന്ന കാലം നാം പരിശോധിക്കുമ്പോള്‍ ഇത്തരം നിരോധന നിയമങ്ങളും പിന്നീട് അവയില്‍ എടുത്ത മാറ്റങ്ങളും നമുക്ക് കാണാം. അതുപോലെയാണ് ചിത്രകലയുടെ കാര്യത്തിലും ഇസ്‌ലാമിക നിയമം. കലവറ കൂടാതെ അവ തടഞ്ഞ കാലവും ശേഷം അതില്‍ അയവു വരുത്തിയ കാലവും പഠനവിധേയമാക്കേണ്ടതാണ്.
അല്ലാമാ ബദ്‌റുദ്ദീന്‍ എഴുതുന്നു: വിഗ്രഹാരാധനയുമായി കാലയടുപ്പം ഉണ്ടായതിനാല്‍ എല്ലാ തരം ചിത്രങ്ങളും വര്‍ണരേഖകളും ആദ്യം പ്രവാചകന്‍ നിരോധിച്ചു. പിന്നീട് അത്യാവശ്യമായ ചിത്രങ്ങള്‍ വസ്ത്രങ്ങളില്‍ ഉപയോഗിക്കുന്നത് അവിടന്ന് അനുവദിച്ചു. എന്തുകൊണ്ടെന്നാല്‍, പാമരന്മാര്‍ പോലും അവയെ ബഹുമാനിക്കുമെന്ന ആശങ്ക മാറി എന്നതാണ് കാരണം. ആരാധിക്കപ്പെടുന്ന ചിത്രങ്ങളോടുള്ള നിരോധനം നിലനിര്‍ത്തുകയും ചെയ്തു – ഖസ്തല്ലാനി (ഇബ്‌നു ബത്വാല്‍ 9:180).
ചിത്രങ്ങളും പ്രതിമകളും നിര്‍മിക്കുന്നത് തടയാന്‍ കാരണം, അതില്‍ ആരാധന ഉണ്ടാകുന്നു എന്നതത്രേ. ഇമാം ത്വബരിയുടെ ഈ മറുപടി ഹാഫിസ് ഇബ്‌നു ഹജര്‍ ഉദ്ധരിക്കുന്നുണ്ട്:
”ആരാധിക്കാനായി ദൈവേതര വസ്തുക്കളെ നിര്‍മിക്കുന്നവരാണ് ഇവിടെ ഉദ്ദേശ്യം. അവര്‍ തങ്ങളുടെ തെറ്റിനെക്കുറിച്ച് അറിയുന്നവരും ആരാധനാ ഉദ്ദേശ്യത്തോടെ നിര്‍മിക്കുകയും ചെയ്യുന്നതിനാല്‍ അവര്‍ നിഷേധികളായി. ഫിര്‍ഔന്‍ പ്രഭൃതികളുടെ ശിക്ഷയായിരിക്കും അവര്‍ക്ക് ലഭിക്കുക” (ഫത്ഹ് 13:405).
ഇതേ ആശയംതന്നെയാണ് ഇമാം ഖത്താബിക്കുമുള്ളത്: അല്ലാഹുവിനെ കൂടാതെ ഈ ചിത്രങ്ങള്‍ ആരാധിക്കപ്പെടുന്നുവെന്നതാണ് അവയുടെ നിര്‍മാതാക്കള്‍ക്ക് കഠിനശിക്ഷ ഉണ്ടാകാന്‍ കാരണം. അവയെ കാണുന്നവര്‍ക്ക് ആകര്‍ഷണീയതയും മറ്റു ചിലര്‍ അങ്ങോട്ട് ചായുകയും ചെയ്യുന്നു.
വിശ്വാസികള്‍ക്ക് ആരാധിക്കാനും മറ്റുമായി ദൈവത്തിന്റെ ചിത്രം തന്നെ ഉണ്ടാക്കുന്നവര്‍ക്കാണ് ഗൗരവമായ ശിക്ഷ; അല്ലാതെ ചിത്രകലയെ അനഭിലഷണീയമായി കാണുന്നില്ല എന്ന് സാരം.
ചുരുക്കത്തില്‍ ആരാധനയുടെ ഉദ്ദേശ്യത്തില്‍ ചിത്രങ്ങളും പ്രതിമകളും ഉണ്ടാക്കുന്നതും അവ ഇതേ ആവശ്യത്തിന് സ്ഥാപിക്കുന്നതും ഖണ്ഡിതമായും ഇസ്‌ലാം നിഷിദ്ധമാക്കുന്നു. മക്കാ വിജയദിനം നടത്തപ്പെട്ട തിരുമേനിയുടെ പ്രസ്താവനയില്‍ പ്രതിമകളുടെ കൊള്ളക്കൊടുക്കലുകള്‍ അവിടന്ന് നിരോധിച്ചിരുന്നു.
ചിത്രത്തിന്റെ കാര്യത്തില്‍ പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ത വീക്ഷണങ്ങളാണുള്ളത്. ചിത്രങ്ങള്‍ നാലു വശം ഉള്ളതും ഇല്ലാത്തതും എന്ന വ്യത്യാസമില്ലാതെ തന്നെ, സര്‍വസാധാരണമായി ഉപയോഗിക്കുന്നതുവഴി മഹത്വം കല്‍പിക്കപ്പെടാത്തതും, ഭക്തിബഹുമാനാദി കാര്യങ്ങള്‍ക്ക് വിധേയമാവാത്തതുമായ ഏത് ചിത്രവും അനുവദനീയമാണെന്ന അഭിപ്രായത്തില്‍ എത്തിച്ചേര്‍ന്നവരാണ് മാലിക്, അബൂഹനീഫ, ശാഫിഇ, സൗരി എന്നിവ രും ഭൂരിപക്ഷം സഹാബികളും താബിഉകളും എന്ന് ഇമാം നവവി പറയുന്നു (ഫത്ഹ്).
ആധുനിക ലോകം ഫോട്ടോഗ്രഫി, ചിത്രകല, പ്രതിമാനിര്‍മാണം, അവാര്‍ഡുകള്‍ക്കായി രൂപകല്‍പന ചെയ്യുന്ന ശില്‍പങ്ങള്‍ തുടങ്ങി എക്‌സ്‌റേ, സ്‌കാനിംഗ്, അവസാനം ക്ലോണിംഗ് വരെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഇനമായി പരിഗണിക്കുന്ന സന്ദര്‍ഭത്തിലാണ് നാം ജീവിക്കുന്നത്. ഫോട്ടോ യഥാര്‍ഥത്തില്‍ ഒരു പ്രതിബിംബം മാത്രമാണ്, മറ്റുള്ള പലതും അങ്ങനെയല്ല.
കേവലം ഭംഗി, ആഡംബരം, ചമല്‍ക്കാരം എന്നീ കാര്യങ്ങള്‍ക്കും, നിസ്സാരമായി ധരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന എല്ലാ കലാപരമായ രീതികളും അഭിലഷണീയമെന്ന് നമുക്ക് മനസ്സിലാക്കാം.
ഇസ്‌ലാമിക രാജ്യങ്ങളില്‍ ഓരോന്നിലും, വെവ്വേറെയുള്ള ശില്പകലാരൂപങ്ങള്‍ നമുക്ക് ദര്‍ശിക്കാം. അവ ഓരോന്നും ശില്പകലയില്‍ മുസ്‌ലിം നാഗരികതയ്ക്കുണ്ടായ നേട്ടങ്ങളെയാണ് സൂചിപ്പിക്കുന്നത്. കൊര്‍ദോവയിലെ വലിയ പള്ളിയും സമര്‍ഖന്ദിലെ നാലുകെട്ടും, കെയ്‌റോയിലെയും ജറുസലേമിലുമുള്ള പള്ളികളും അല്‍ഹിബ്‌റാ കൊട്ടാരവും ഇന്ത്യയിലെ താജ്മഹലും മറ്റും ഈ ഇനത്തില്‍പ്പെട്ട ശ്രദ്ധേയമായ ശില്പരൂപങ്ങളാണ്.
അറബികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള കലയെ സംബന്ധിച്ച് പിക്താള്‍ എഴുതുന്നു: ‘ചിത്രങ്ങളും വരകളും വഴി പുസ്തകങ്ങള്‍ക്ക് മോടി കൂട്ടുന്ന ഒരു കല അറബികള്‍ക്കിടയിലുണ്ടായിരുന്നു. നിറം പിടിപ്പിച്ച ഓടുകള്‍, കല്ലില്‍ കൊത്തിവെച്ച പുഷ്പങ്ങള്‍, ഇലകള്‍ എന്നിവ അവര്‍ ഉണ്ടാക്കിയിരുന്നു.’
അനുകരണമാണ് എല്ലാ കലകളുടെയും മൂല്യങ്ങളെ മാറ്റിമറിച്ചത്. പാശ്ചാത്യ സംഗീതം നമ്മുടെ തനതു കലകളെ നിശ്ശബ്ദമാക്കി. മനസ്സിന് സാന്ത്വനമായിരുന്നു ഏഷ്യന്‍ കലകള്‍ ചെയ്തിരുന്നത്.
കലകളുടെ പരിധി ലംഘിച്ചുള്ള പ്രയാണവും വ്യാവസായികമായ ഉപയോഗവും മൂല്യബോധം ഉണര്‍ത്താതെ, രസം മാത്രം നല്‍കുന്ന രീതിയും നമ്മുടെ ധാര്‍മിക നിലനില്പിനു നേരെയുള്ള വെല്ലുവിളിയാണ്. അതിനെ നേരിടാന്‍ നമുക്ക് കഴിയണം.

categories
categories
കൂടുതൽ പംക്തികൾ
Back to Top