നമ്മുടെയൊക്കെ സൗഹൃദങ്ങളുടെ അടിസ്ഥാനമെന്താണെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? പലരും പല ഉത്തരങ്ങളും പങ്കുവെച്ചേക്കും. എല്ലാ ഉത്തരങ്ങളുടെയും ആകെത്തുക സമാന ചിന്താഗതി എന്നതാവും. എല്ലാ കാര്യങ്ങളിലും ഒരേ ചിന്താഗതിയില്ലെങ്കിലും പരസ്പരം ഇണക്കി നിര്‍ത്തുന്ന ഏതെങ്കിലുമൊക്കെ ഘടകങ്ങളുണ്ടാകും ഓരോ സൗഹൃദങ്ങളിലും.
ഇണക്കി നിര്‍ത്തുന്ന സമാനതകളെപ്പോലെത്തന്നെ അകറ്റി നിര്‍ത്തുന്ന വൈജാത്യങ്ങളുമുണ്ടായേക്കും. ഏതൊരാളെ പരിശോധിച്ചാലും ഈ സമാനതകളും വ്യത്യാസങ്ങളുമൊക്കെ കാണാം. അങ്ങനെയൊക്കെയാണെങ്കിലും ചിലരോട് നാം സൗഹൃദവും ചിലരോട് വിരോധവും മനസില്‍ സൂക്ഷിക്കുന്നതായാണ് കാണാറ്. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന കണക്കാണ് പലപ്പോഴും നാം. ചിലര്‍ എന്തു ചെയ്താലും ഇഷ്ടമാവുകയേ ഇല്ല. അവരില്‍ കുറ്റമായെന്തുണ്ട് എന്ന അന്വേഷണത്തിലാവും നാം. എന്നാല്‍ വേറെ ചിലര്‍ എത്ര ദുഷ്ടത ചെയ്താലും നാം അത് സഹിക്കുകയും അവരില്‍ നന്മ തിരയുകയും ചെയ്യും. യഥാര്‍ഥത്തില്‍ ഇഷ്ടപ്പെടാനും വെറുപ്പു കാണിക്കാനും പ്രേരിപ്പിക്കുന്നതെന്താണ് എന്ന ചിന്ത സ്വയം ചോദിക്കുകയും നമ്മുടെ മനസുകളെ വിമലീകരിക്കുകയും വേണ്ടതുണ്ട്.
നന്മകളെ കണ്ടെത്തുകയും തെറ്റുകളോട് എതിരു പ്രകടിപ്പിച്ചു കൊണ്ടു തന്നെ സ്‌നേഹം പങ്കുവെക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളുണ്ടാവുകയും വേണം. ഈ ലോകം നമുക്ക് ഇടത്താവളം മാത്രമാണല്ലോ. ഒരു ചെറിയ കാലം മാത്രമാണ് നാമിവിടെ കഴിച്ചു കൂട്ടുന്നത്. തികച്ചും താല്ക്കാലികമായ വാസം മാത്രം. അതിനിടക്ക് കലഹിക്കാന്‍ സമയം ചിലവിടേണ്ടതുണ്ടോ എന്ന് നാം ചിന്തിക്കേണ്ടതുണ്ട്.
നിദ ഫാസ്ലി എഴുതിയ പോലെ, ”ഒരു യാത്രികന്റെ യാത്ര പോലെയാണ് ഇഹലോകം/ ചിലര്‍ വേഗത്തിലും മറ്റു ചിലര്‍ പതിയെയും കടന്നു പോകുന്നു എന്നു മാത്രം”.
ഉള്ള കാലം സ്‌നേഹത്തിലാവുന്നതല്ലേ വെറുപ്പ് പേറുന്ന മനസ്സുമായി ജീവിക്കുന്നതിനേക്കാള്‍ നല്ലത്. .
എഡിറ്റര്‍