LoginRegister

ഇണയുടെ ആത്മവിശ്വാസം

സി കെ റജീഷ്‌

Feed Back


വിവാഹം കഴിഞ്ഞ് അധികനാള്‍ ആയിട്ടില്ല. അതിനു മുമ്പേ അവള്‍ക്ക് ത്വക്ക് രോഗം ബാധിച്ചു. ഭര്‍ത്താവിനോട് ഇത് പറഞ്ഞാല്‍ അയാള്‍ തന്നെ വെറുക്കുമോ എന്ന ഭയം അവളെ പിടികൂടി. വിവാഹജീവിതത്തിലെ ആദ്യനാളുകളില്‍ തന്നെ ഇക്കാരണത്താല്‍ അയാള്‍ അകലുന്നത് അവള്‍ക്ക് സഹിക്കാന്‍ കഴിയുമായിരുന്നില്ല.
അതിനിടെ ഭര്‍ത്താവ് ഒരു അപകടത്തില്‍ പെട്ടു. സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. കണ്ണിന് കാര്യമായ ക്ഷതം സംഭവിച്ചിരുന്നു. കാഴ്ച നഷ്ടപ്പെട്ട് നിരാശനായി അയാള്‍ ജീവിക്കുകയാണെന്ന് ജനങ്ങള്‍ മനസിലാക്കി. അതിനിടെ ഭാര്യ മരിച്ചു. അയാള്‍ തനിച്ചായി. ഒടുവില്‍ അയാള്‍ ആ ഗ്രാമം വിട്ടുപോകാന്‍ തീരുമാനിച്ചു.
അപ്പോള്‍ അയല്‍വാസി ചോദിച്ചു: ”അന്ധനായ താങ്കള്‍ എങ്ങനെ ഒറ്റക്ക് താമസിക്കും?”
അയാള്‍ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു: ”ഞാന്‍ അന്ധനല്ല. ത്വക്ക് രോഗം ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ഭാര്യ എന്നില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത് കണ്ടപ്പോള്‍ ഞാന്‍ അന്ധനെ പോലെ പെരുമാറുകയായിരുന്നു. ഭാര്യ ആത്മവിശ്വാസത്തോടെ ജീവിക്കാനാണ് ഞാന്‍ അന്ധനായി അഭിനയിച്ചത്.”
ഉപാധികളില്ലാതെ സ്‌നേഹിക്കാനുള്ള ഉടമ്പടിയാണ് വിവാഹം. വിത്യസ്ത ജീവിത പരിസരങ്ങളില്‍ വളര്‍ന്നുവന്ന രണ്ടുപേര്‍ വിവാഹത്തിലൂടെ ഒന്നായി തീര്‍ന്ന് ഇണകളായി മാറുന്നു. പരസ്പരമുള്ള സ്‌നേഹവും കരുതലുമാണ് ഇണ ജീവിതത്തിന് മാറ്റ് കൂട്ടുന്നത്. ഇഴ പിരിയാത്ത ബന്ധമായി ഇതിനെ കാത്ത് വെക്കണമെങ്കില്‍ ഇളക്കംതട്ടാത്ത സ്‌നേഹ സാനിധ്യം അനുഭവിക്കാനാവണം. സ്‌നേഹിക്കാനും ബഹുമാനിക്കാനുമുള്ള എല്ലാ കാരണങ്ങളും അവസാനിക്കുമ്പോഴും ഒരാള്‍ കൂടെയുണ്ടാവുമ്പോഴാണ് സ്‌നേഹത്തിന്റെ ആഴം നാമറിയുന്നത്.
സ്‌നേഹം നഷ്ടപ്പെടുന്ന ഭീതി ഒരാളെ അലട്ടുമ്പോള്‍ അയാളെ എങ്ങനെയാണ് നാം സ്‌നേഹിക്കേണ്ടത്? അയാളുടെ ദൗര്‍ബല്യങ്ങളെ മനസിലാക്കി ആത്മവിശ്വാസം പകരുന്ന വിധം പെരു മാറുക എന്നതാണ് അതിന്റെ വഴി. ഒരിളക്കം തട്ടിയാല്‍ ആത്മവിശ്വാസത്തിന്റെ ജ്വാല നമ്മില്‍ നിന്ന് അണഞ്ഞു പോകും. ഇത്തരം ദുര്‍ബല നിമിഷങ്ങളില്‍ അവരെ ആത്മ സ്‌നേഹത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള വഴി ഒന്നേയുള്ളൂ. അവര്‍ക്കൊപ്പം നിന്ന് അവര്‍ ഇഷ്ടപ്പെടുന്ന വിധം പെരുമാറുക എന്നതാണ്.
വ്യത്യസ്തതകളെ സുന്ദരമായി സംയോജിപ്പിച്ച് ഇടപഴകാനായാല്‍ ബന്ധങ്ങളുടെ ഹൃദ്യത നിലനില്‍ക്കും. ഒരോ ബന്ധത്തിനും അനുയോജ്യമാംവിധം നമ്മുടെ മനോഭാവത്തെ ക്രമപ്പെടുത്തുകയാണ് വേണ്ടത്. ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സ്വയം പാകപ്പെടുക എന്നതാണ് സ്‌നേഹിക്കുന്നവരുടെ ഉത്തരവാദിത്വം.

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top