നിറഞ്ഞൊഴുകുന്ന പുഴ പോലെ, ആവേശത്തോടെ മുന്നോട്ടു കുതിക്കുന്ന ജലപ്രവാഹം പോലെ ഓരോ വിശ്വാസിഹൃദയങ്ങളിലും ബലിപെരുന്നാൾ ചരിത്രത്തിന്റെ ഓർമപ്പെയ്‌ത്തുകൾ വന്നിറങ്ങുന്ന നേരമാണിത്. കേവലമായൊരു ആഘോഷവേളകൾ എന്നതിലുപരി ദർശനപരമായ ഉൾക്കാഴ്ച കൊണ്ടും ചരിത്രപരമായ പൈതൃകം കൊണ്ടും ബലിപെരുന്നാൾ വേറിട്ടുനിൽക്കുന്നു. മഹാനായ ഒരു പ്രവാചകന്റെ വ്യക്തിവിശേഷങ്ങൾക്ക പ്പുറത്ത് മഹത്തായ വിപ്ലവ നിമിഷങ്ങളെ തന്റെ ആയുസ്സിന്റെ പേജിൽ എഴുതിച്ചേർത്ത് ഒരു സമുദായമായി വളർന്ന ഇബ്‌റാഹീം നബിയുടെ ജീവിതരേഖ ഒരു ചരിത്രനിയോഗമായി വികസിക്കുകയായിരുന്നു.
അതുല്യമായ മന്ത്രധ്വനി
പെരുന്നാളുകൾ ആവർത്തിച്ചുരുവിടാറുള്ളത് ‘അല്ലാഹു അക്ബർ… വലില്ലാഹിൽ ഹംദ് ‘ എന്നാണ്. ഓരോ ഹൃദയവും തുടിക്കുന്നത് ഈ വികാരത്തോടൊപ്പമായിരിക്കും. കൃത്യമായി വിശദീകരിക്കാനാവാത്ത ഒരുതരം ഭക്തിയുടെ ലഹരിയിൽ അമരുകയാണ് ഈ സുദിനത്തിൽ വിശ്വാസികളഖിലവും. സൃഷ്ടിച്ചവനായ നാഥനിലേക്ക് പ്രത്യാശയോടെ കരങ്ങളും ഹൃദയങ്ങളും തിരിച്ചു വെച്ച് “നീയാണ് നാഥാ ഏറ്റവും വലിയവൻ, നിനക്കാകുന്നു സർവസ്തുതികളും” എന്ന് ആവർത്തിച്ചു പ്രഖ്യാപിച്ച് സത്യവിശ്വാസികൾ, അല്ലാഹുവിന്റെ അടിമകളാണ് തങ്ങളെന്ന് വിനീതവിധേയരായി സ്വയം സമർപ്പിക്കുകയാണ്. ഈ സമർപ്പണ ചിന്തയിൽ അവർ സമാശ്വാസവും ആനന്ദവും കണ്ടെത്തുന്നു.
എല്ലാ മനുഷ്യരുടെയും ഉള്ളകം ഒരു ശക്തിയെ, അദൃശ്യനായ ഒരു സ്രഷ്ടാവിനെ തിരഞ്ഞുകൊണ്ടേയിരിക്കും. ആ അജയ്യനായ നാഥനെ വണങ്ങിയും ജീവിതവെളിച്ചമായി സ്വീകരിച്ചും മുന്നോട്ടുപോകാനാണ് എല്ലാവരും പൊതുവിൽ ആഗ്രഹിക്കുന്നത്. ഈ ആഗ്രഹത്തിന്റെ അടയാളപ്പെടുത്തലാണ് “അല്ലാഹു അക്ബർ” എന്ന വാചകം. ഈ മന്ത്രം ആവർത്തിച്ചുരുവിടുക വഴി സത്യവിശ്വാസി തന്റെ മനസ്സിനെ ഈ വാചകത്തിന്റെ അകപ്പൊരുളിലേക്ക് ചേർത്തുവെക്കുകയാണ്. മണ്ണിലും വിണ്ണിലും ഉയരുന്ന ഈ പദശകലങ്ങളെ അല്ലാഹുവിന്റെ മാലാഖമാർ ഏറ്റുചൊല്ലുകയാണ്. വിശ്വാസികൾക്കു വേണ്ടി അവർ പ്രാർഥിക്കുകയാണ്.
മക്കയെന്ന പുണ്യഭൂമി
പരിശുദ്ധ ഹജ്ജ് കർമത്തിന്റെ ആത്മാവ് കുടികൊള്ളുന്നത് മക്കയെന്ന പുണ്യഭൂമിയിലാണ്. നമ്മുടെ ഖിബ്‌ലയായ കഅ്ബാലയത്തിനു ചുറ്റുമുള്ള നിർണിതമായ പ്രദേശമാണല്ലോ ഹറം.
അല്ലാഹുവേ, നിന്റെ വിളിക്ക് ഉത്തരം നൽകി ഞങ്ങൾ ഇതാ വന്നിരിക്കുന്നു എന്ന വാചകം ഉരുവിട്ടുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹജ്ജിനായി എത്തിച്ചേരുന്ന ലക്ഷോപലക്ഷം ജനങ്ങളുടെ സാക്ഷ്യവാക്യങ്ങൾക്ക് മക്കയെന്ന പുണ്യഭൂമി എല്ലാ വർഷവും സാക്ഷ്യം വഹിച്ചു പോരുകയാണ്. ഹജ്ജ് നിർവഹിക്കാൻ എത്തുന്ന ഓരോരുത്തരുടെയും ഇഹ്റാമും ത്വവാഫും പ്രാർഥനയും നമസ്കാരവും സഫാ-മർവ മലകയറ്റവും അറഫയിലെ നിറുത്തവും ജംറകളിലെ കല്ലെറിയലുകളും എല്ലാം ഈ മണ്ണ് എത്ര കാലം കണ്ടതാണ്! അനുപമമായ ഓർമവസന്തങ്ങളായിരിക്കും അവിടെ നിന്ന് ഹജ്ജ് കഴിഞ്ഞ് തിരിച്ചുപോരുന്ന ഓരോരുത്തരും ജീവിതത്തിലേക്ക് കൂടെ കൊണ്ടുപോവുന്നത്.
ഇതിഹാസമായ ഇബ്റാഹീം
സാഹിത്യത്തിൽ, ഒരു നായകന്റെ സാഹസികതയുടെ കഥ പറയുന്ന ഒരു നീണ്ട ആഖ്യാനകാവ്യമാണ് ഇതിഹാസം എന്നത്. ചെറിയ ആയുഷ്‌കാലം കൊണ്ട് വലിയൊരു ജീവിതത്തെ ആവിഷ്കരിക്കാനായി എന്നതാണ് ഇബ്‌റാഹീം നബിയുടെ പ്രധാനപ്പെട്ട സവിശേഷത. പ്രപഞ്ചനാഥന്റെ കൂട്ടുകാരൻ എന്ന വിളിപ്പേര് സ്വന്തമാക്കാൻ മാത്രം കാതലുള്ള കർമങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചു. മാതൃകാ കുടുംബനാഥനായും പക്വതയുള്ള മകനായും വിവേകിയായ നേതാവായും കാര്യബോധമുള്ള ഭർത്താവായും അദ്ദേഹം പേരെടുത്തു. അന്ത്യസമയം വരെയുള്ള മുഹമ്മദ് നബിയുടെ സമുദായത്തിന്റെ നമസ്കാരവേളയിൽ പോലും ദിനേന ഓർമിക്കപ്പെടുന്ന നാമമായി അദ്ദേഹത്തിന്റെ നാമം എഴുതിച്ചേർക്കപ്പെട്ടു. ഇസ്‌ലാം-ജൂത-ക്രൈസ്തവ മതങ്ങളെല്ലാം ഇബ്‌റാഹീമിനെ പ്രവാചകനായാണ് പരിചയപ്പെടുത്തുന്നത്. ശുദ്ധമനഃസ്ഥിതിക്കാരനായ ദൈവത്തിന്റെ ദാസനായാണ് ഖുർആൻ ഇബ്‌റാഹീം നബിയെക്കുറിച്ച് വിശദീകരിക്കുന്നത് (ഖു. 3:67).
ഇബ്‌റാഹീം യഹൂദനോ ക്രിസ്ത്യാനിയോ ബഹുദൈവാരാധകനോ ആയിരുന്നില്ലെന്നും ഖുർആൻ എടുത്തു പറയുന്നു. വിഗ്രഹാരാധകനായ നംറൂദ് രാജാവുമായുള്ള സംവാദത്തിൽ എന്റെ ദൈവം കിഴക്കു നിന്ന് സൂര്യനെ ഉദിപ്പിക്കുകയും പടിഞ്ഞാറ് അതിനെ അസ്തമിപ്പിക്കുകയും ചെയ്യുന്നു. താങ്കളുടെ വിഗ്രഹത്തെക്കൊണ്ട് സൂര്യനെ പടിഞ്ഞാറു നിന്ന് ഉദിപ്പിക്കാനും കിഴക്ക് അസ്തമിപ്പിക്കാനും കഴിയുമോ എന്നതായിരുന്നു ഇബ്‌റാഹീം നബിയുടെ വെല്ലുവിളി (2:258).
വലിയൊരു ചരിത്രത്തെ പേറുന്ന അതിശയകരമായ ജീവിതമായി ഇബ്‌റാഹീം നബിയുടെ ജീവിതം മാറി. പറക്കമുറ്റാത്ത കുഞ്ഞിനെയും ഇണയെയും താഴ്‌വരയിലാക്കി ദൈവകൽപന പ്രകാരം ഇബ്‌റാഹീം നബി തിരിഞ്ഞുനടന്ന ചരിത്രസന്ദർഭം! നിലക്കാത്ത സംസമെന്ന കുളിർജലം ചരിത്രത്തിലേക്ക് പൊട്ടിയൊഴുകിയ അത്ഭുതനിമിഷം! ഇന്നും നിലയ്ക്കാത്ത നീരുറവയായി തുടരുന്ന ജലധാരകൾ! തന്റെ പ്രിയ മകന്റെ കഴുത്തിൽ കത്തിവെക്കണമെന്ന സ്വപ്നദർശനത്തെ പ്രയോഗവത്കരിക്കാൻ ഒരുങ്ങിയ ഒരു പിതാവും അനുസരണയോടെ അതിനു വേണ്ടി നിന്നുകൊടുത്ത ഒരു മകനും! ഈ ചരിത്രമെല്ലാം ബലിപെരുന്നാളാഘോഷിക്കുന്ന വേളയിൽ നമ്മുടെ മനസ്സിൽ നിറഞ്ഞുവരേണ്ടതുണ്ട്.
ആത്മീയ സ്പർശമുള്ള ആഘോഷം
അനുവദനീയമായ ആഹ്ലാദ വേളകളെ ഇസ്‌ലാം ഹറാമാക്കുന്നില്ല. സന്തോഷിക്കാനും ആഹ്ലാദം പങ്കുവെക്കാനും മനുഷ്യമനസ്സ് കൊതിച്ചു കൊണ്ടേയിരിക്കും. ആഘോഷവേളകൾ ആഹ്ലാദവേളകൾ ആയതുകൊണ്ടാണ് നാമത് വരാനായി കാത്തിരിക്കുന്നത്. അനിർവചനീയമായ പെരുന്നാൾ പിരിശങ്ങൾ എക്കാലത്തും ആഹ്ലാദകരം തന്നെയാണ്. പെരുന്നാൾ ആത്മീയസ്പർശമുള്ള ആഘോഷമാണ്. ഫിത്ർ പെരുന്നാളിലും ബലിപെരുന്നാളിലുമൊക്കെ ഈ ആത്മീയധാര നമുക്ക് അനുഭവിക്കാൻ കഴിയാറുണ്ട്.
തിരക്കുപിടിച്ച ഈ ആധുനികകാലത്ത് ആഘോഷവേളകൾക്ക് വലിയ പ്രാധാന്യമുണ്ട്. കുടുംബത്തോടൊപ്പം ആസ്വാദ്യതയോടെ ചെലവഴിക്കുന്ന നിമിഷങ്ങൾ വിലപ്പെട്ടതു തന്നെയാണ്. മാതാപിതാക്കളും കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബങ്ങൾക്കുള്ളിൽ സന്തോഷവും ആനന്ദവും നിറഞ്ഞൊഴുകുന്ന മുഹൂർത്തം കൂടിയാണ് പെരുന്നാൾ സുദിനം. സ്വാദിഷ്ടമായ വിഭവങ്ങൾ കഴിച്ചും പുതുവസ്ത്രങ്ങൾ അണിഞ്ഞും സമ്മാനങ്ങൾ പങ്കുവെച്ചും ചെറിയ യാത്രകൾ നടത്തിയും ദാനധർമങ്ങൾ നിർവഹിച്ചും സ്രഷ്ടാവിനെ വാഴ്‌ത്തിപ്പറഞ്ഞും മുന്നോട്ടുനീങ്ങുന്ന പെരുന്നാൾനേരങ്ങൾക്ക് എന്തു രസമാണ്.
ഈദ് എന്ന പദത്തിന് മടക്കം എന്ന അർഥം കൂടിയുണ്ട്. ജീവിതത്തിന്റെ ശരിയായ വഴിയിലേക്കുള്ള മടക്കം അതിപ്രധാനമാണ്. ആധുനികമായ പുളകങ്ങളിൽ ആകൃഷ്ടനായി തെറ്റായ മാർഗത്തിലേക്ക് എത്തിച്ചേർന്നവർക്ക് മടങ്ങാനുള്ള നേരം കൂടിയാണിത്. ബന്ധങ്ങൾ കൂട്ടിച്ചേർക്കാനും കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനും പെരുന്നാൾ നിമിഷങ്ങൾ ഉപയോഗപ്പെടുത്താനാവണം. തറവാട്ടിൽ നിന്ന് മാറിത്താമസിച്ചവരെല്ലാം ഒത്തുകൂടുന്ന, ബന്ധുക്കളെല്ലാം ബന്ധുത്വത്തിന്റെ രസം നുണയാൻ മടങ്ങിയെത്തുന്ന നേരമാണ് പെരുന്നാൾ.
ഈദ് സുദിനങ്ങൾ നമ്മുടെ കുടുംബത്തിന്റെ തായ്‌വേരുകളെ ശക്തിപ്പെടുത്താനും വളരുന്ന ശിഖരങ്ങൾക്ക് കരുത്തേകാനും തളിർക്കുന്ന ഇലകളെ കൂടുതൽ ഹരിതാഭമാക്കാനും നാം ഉപയോഗപ്പെടുത്തണം. ഇബ്‌റാഹീം നബിയുടെ കുടുംബം നമുക്ക് കാണിച്ചു തന്ന വ്യക്തിപരവും സാമൂഹികവുമായ മൂല്യവിചാരങ്ങളെ ഉൾക്കൊള്ളാൻ കൂടി പെരുന്നാൾ സുദിനം ഉപകാരപ്പെടണം.
കളിയും വിനോദവും തീരെയില്ലാത്ത വരണ്ട ജീവിതം ഇസ്‌ലാം ആവശ്യപ്പെടുന്നില്ല എന്നു മാത്രമല്ല, അത് അംഗീകരിക്കുന്നുമില്ല. സൗഹൃദം, വിവാഹം, വിനോദം, കളികൾ, വിവിധ തരത്തിലുള്ള വിനോദോപാധികൾ എല്ലാം തന്നെ ഹറാമിലേക്ക് പോകാത്ത വിധത്തിൽ ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. അടച്ചുപൂട്ടിയ മുറിയേക്കാൾ നല്ലത് ജനാലകൾ തുറന്നിട്ട മുറികളായിരിക്കും. കെട്ടിക്കിടക്കുന്ന ജലാശയത്തെക്കാൾ എന്തുകൊണ്ടും നല്ലത് ഒഴുകുന്നവ ആയിരിക്കും. ഇതുപോലെ നമ്മുടെ ജീവിതത്തിന് കൃത്യമായി ലഭിക്കേണ്ട സന്തോഷവും ആനന്ദവും സമാധാനവും എപ്പോഴും ലഭ്യമാവേണ്ടതുണ്ട്. അല്ലാഹു അനുവദിച്ച രസങ്ങളും മധുരവേളകളും ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. അല്ലാഹു ആഘോഷിക്കാനായി തിരഞ്ഞെടുത്തുതന്ന പെരുന്നാൾ സുദിനങ്ങളെ ആഘോഷപൂർവം തന്നെ എതിരേൽക്കാൻ നമുക്ക് കഴിയണം. അല്ലാഹുവിനോടുള്ള പ്രിയവും അവനോടുള്ള അതിരറ്റ അനുരാഗവും പെരുന്നാൾ സുദിനങ്ങളിൽ നമ്മുടെ മനോമുകുരങ്ങളിൽ വന്നു നിറയണം.
മുസ്‌ലിം ഉമ്മത്ത് എന്ന സവിശേഷമായ വികാരം ഉള്ളിലേറ്റുന്നവരാണ് സത്യവിശ്വാസികൾ. ഗസ്സയിൽ പിടഞ്ഞുവീണു മരിക്കുന്ന സഹോദരങ്ങളെയും ജീവിത സ്വപ്നങ്ങളെല്ലാം മണ്ണിൽ കുഴിച്ചുമൂടി ഒരു നേരത്തെ അന്നത്തിനായി ആകാശത്തേക്ക് കണ്ണുംനട്ടിരിക്കുന്ന കുരുന്നുകളെയും ഓർമിക്കാതെ പെരുന്നാൾ ആഘോഷിക്കാൻ നമുക്ക് കഴിയില്ല. സത്യവിശ്വാസികളായിപ്പോയി എന്ന കാരണത്തിന്റെ പേരിൽ അവഹേളിക്കപ്പെടുന്ന ഉമ്മമാരുടെ വേദനകളെ കാണാതിരിക്കാൻ നമുക്കാവില്ല. ശക്തമായ ബോംബിംഗിനാൽ തവിടുപൊടിയായ ഗസ്സയിൽ മനുഷ്യരുടെ തേങ്ങലുകൾ ഇന്നും നിലച്ചിട്ടില്ല.
പോരാട്ടവീര്യത്തോടെ നാഥനിലുള്ള ഇളകാത്ത പ്രതീക്ഷ കൈമുതലാക്കി ഓരോ പ്രഭാതങ്ങളെയും വരവേൽക്കുന്ന ഗസ്സയിലെ കുരുന്നുകൾ നമുക്ക് അതിശയമാണ്. നാം ഇവിടെ സ്വസ്ഥമായി പെരുന്നാളിന് കൂടിയിരുന്ന് സന്തോഷം പങ്കിടുമ്പോൾ ആരാലോ നൽകപ്പെടുന്ന ഭക്ഷണപ്പൊതിക്കുവേണ്ടി കാത്തിരിക്കുന്ന ഗസ്സയിലെ നമ്മുടെ കൂട്ടുകാരെ ഓർമിക്കാതെ പെരുന്നാൾ ആഘോഷിക്കാൻ നമുക്ക് സാധിക്കില്ല.
വർത്തമാനകാല പ്രതിസന്ധികളെയും ഭാവിയിൽ വരാനിരിക്കുന്ന വെല്ലുവിളികളെയും ചരിത്രത്തിന്റെ സമ്പന്നമായ പൈതൃകം കൊണ്ടും വിശ്വാസപരമായ ഉൾക്കരുത്തുകൊണ്ടും വിവേകപരമായ രാഷ്ട്രീയബോധ്യം കൊണ്ടും സവിശേഷമായ സഹവർത്തിത്വ മാതൃകകൾ കൊണ്ടും പ്രകൃതിസൗഹൃദ വികസന കാഴ്ചപ്പാടുകൾ കൊണ്ടും മാനവിക മൂല്യങ്ങൾ മുറുകെപ്പിടിച്ചും നമുക്ക് നേരിടാൻ കഴിയണം. ദയാപരനായ സ്രഷ്ടാവിനെ നമുക്ക് വാഴ്‌ത്തിപ്പാടാം.
“അല്ലാഹു അക്ബർ, വലില്ലാഹിൽ ഹംദ്.” .