LoginRegister

ആകാശത്തേക്ക് തുറക്കുന്ന പെണ്‍കിളിവാതിലുകള്‍

സഹീറാ തങ്ങള്‍

Feed Back


ഇത്തവണത്തെ ദുബായ് യാത്രയില്‍ കുറെയേറെ നല്ല കാര്യങ്ങള്‍ നടന്നു. ഏറ്റവും അത്ഭുതം, ഷാര്‍ജ പുസ്തകോത്സവത്തില്‍ വെച്ച് എന്റെ ഇംഗ്ലീഷ് നോവല്‍ ‘ആംനസ്റ്റി’യുടെ ഗള്‍ഫ് പ്രകാശനമാണ്. ഇവിടെ നിന്ന് പോകുമ്പോള്‍ മനസ്സില്‍ ഇല്ലാത്ത ഒരു പ്ലാന്‍ ആണ്, ഒരു നിമിത്തം പോലെ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ വെച്ച് ഭംഗിയായി നടന്നത്. അതിനു കാരണം മിഡില്‍ ഈസ്റ്റില്‍ നോവല്‍ വിതരണം ചെയ്യാന്‍ ആസ്‌പൈര്‍ ബുക്‌സ് തയ്യാറായത് തന്നെ. രണ്ടാമത്തെ കാരണം അങ്ങനെ ഒരു കാര്യം ആലോചിച്ചപ്പോള്‍ തന്നെ ഡോ. എം കെ മുനീര്‍ അത് പ്രകാശനം ചെയ്യാന്‍ സമ്മതിച്ച് അതിനു സമയം നല്‍കിയതാണ്. കൂടെ അവിടുത്തെ പ്രവാസി സുഹൃത്തുക്കളും ഇവിടെ നിന്ന് പുസ്തകോത്സവത്തിനെത്തിയ സുഹൃത്തുക്കളും ഒത്തുചേര്‍ന്നു അത് മനോഹരമാക്കിയതാണ്. തിരക്കുകള്‍ക്കിടയില്‍ നിന്ന് തിരിയാനാവാത്തവരായിട്ടും ഷാബു കിളിത്തട്ടില്‍, ഷബ്ന ഇബ്രാഹിം , എം സി എ നാസര്‍, അഹമ്മദ് ഷരീഫ് എന്നിവരും വളരെ സന്തോഷത്തോടെ പ്രകാശനത്തില്‍ പങ്കാളികളായി .
മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെട്ട കാലം മുതലേ ഉള്ള പരിചയവും അടുപ്പവുമുള്ള മീഡിയ വണ്‍ ന്യൂസ് ഹെഡ് എം സി എ നാസര്‍, ആ ചടങ്ങില്‍ ആശംസകള്‍ അറിയിച്ചു കൊണ്ട് പറഞ്ഞ ഒരു കാര്യം വളരെയേറെ പ്രാധാന്യം ഉള്ളതായിരുന്നു. സഹീറാ തങ്ങള്‍ എഴുതുന്ന സമയത്ത്, സ്ത്രീകള്‍ നാമ മാത്രമേ ഗള്‍ഫില്‍ നിന്ന് എഴുത്തിന്റെ ലോകത്ത് ഉണ്ടായിരുന്നുള്ളു, എന്ന്.
ആലോചിക്കുമ്പോള്‍ അത് ശരിയാണെന്നു തോന്നി.
എന്നാല്‍ ഇന്നോ? ഗള്‍ഫില്‍ നിന്നും ഏറ്റവും കൂടുതല്‍ എഴുതുന്നവര്‍ ഇപ്പോള്‍ സ്ത്രീകളാണ് എന്നതിലേക്ക് കാര്യങ്ങള്‍ വളര്‍ന്നിരിക്കുന്നു.
എഴുത്ത് മാത്രമല്ല, പ്രസിദ്ധീകരണ, പ്രസാധന രംഗത്തും സ്ത്രീകള്‍ ആത്മവിശ്വാസത്തോടെ ശോഭിക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്!
ഏറെ സന്തോഷം നല്‍കിയ മൂന്നു പുസ്തക പ്രകാശനത്തില്‍ ഞാന്‍ അതിഥി ആയിരുന്നു.
ഒന്ന്, കെ ടി സൂപ്പിയുടെ കവിതാസമാഹാരം, ‘കടലായും മഴയായും’. രണ്ടാമത്തേത്, അബുദാബി എം ജി എം സ്ത്രീ കൂട്ടായ്മ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച ‘ഹാവന്‍’ എന്ന വാര്‍ഷികപ്പതിപ്പ്. മൂന്നാമത്തേത്, കഥാകൃത്ത് മുഖ്താര്‍ ഉദരംപൊയില്‍ എഡിറ്റ് ചെയ്തു സമാഹരിച്ച പുതുതലമുറയിലെ കഥാകാരികളുടെ 18 കഥകള്‍, ‘അകത്തേക്ക് തുറക്കുന്ന ജനാലകള്‍’. പുടവ മാസികയില്‍ പ്രസിദ്ധീകരിച്ച കഥകളില്‍ നിന്ന് തെരഞ്ഞെടുത്ത കഥകളുടെ സമാഹാരമാണത്.
എംജിഎം പെണ്‍ കൂട്ടായ്മ പ്രവര്‍ത്തനം കൊണ്ടും വ്യക്തിപ്രഭാവം കൊണ്ടും വേറിട്ടുനില്‍ക്കുന്ന കുറച്ചു മിടുക്കികളുടെ പ്രയത്‌നഫലമാണ്. പുതിയ കാലത്തിനനുസൃതമായി മാറി ചിന്തിക്കുകയും കലാ -സാംസ്‌കാരിക മേഖലകളില്‍ പെണ്‍പങ്കാളിത്തം മനോഹരമായി തെളിയിക്കുകയും മുമ്പേ നടന്നു പോകുമ്പോള്‍ പുറകില്‍ വരുന്നവരെ ആത്മവിശ്വാസം നല്‍കി ഒപ്പം നടത്തുകയും ചെയ്യുന്നവര്‍. അവരുടെ ക്ഷണമനുസരിച്ച് ബന്ധങ്ങളെ മനസ്സിലാക്കുവാനുതകുന്നതും കൗമാര പ്രായത്തിന്റെ രക്ഷ കര്‍തൃത്വത്തെ കുറിച്ചും പോയ രണ്ട് വര്‍ഷങ്ങളില്‍, ഓണ്‍ലൈന്‍ ദ്വി-ദിന ശില്പശാല ഞാന്‍ നടത്തിയിരുന്നു.
യുഎഇയിലെ എം ജി എം പ്രവര്‍ത്തകരായിരുന്നു യുവത ബുക്‌സിന്റെ സ്റ്റാളിലെ കൈകാര്യകര്‍ത്താക്കള്‍ എന്നതും മനോഹരമായ അനുഭവമായിരുന്നു.

സര്‍ഗാത്മക സൃഷ്ടിയില്‍ പുതുപ്രതീക്ഷയായിട്ടാണ് ‘അകത്തേക്ക് തുറക്കുന്ന ജനലുകള്‍’ എന്ന പുസ്തകം അനുഭവപ്പെട്ടത്. പ്രിയ സുനില്‍, നൂറ വരിക്കോടന്‍, റീന പി ജി, സമീഹ അമീറ, നിഗാര്‍ ബീഗം, ബഹിയ, അജിത്രി, സഫിയ മുഹ്യുദ്ദീന്‍, നജ്‌ല പുളിക്കല്‍, നജാ ഹുസൈന്‍, ജസീന ബഷീര്‍, സഫീറ താഹ, രസ്ന റിയാസ്, ഡോ. മുഹ്സിന കെ ഇസ്മായില്‍, നിഷ ആന്റണി കൂടത്തായ്, റഹിമാബി മൊയ്തീന്‍, സുമി സുഹൈല്‍, ജാസ്മിന്‍ അമ്പലത്തിലകത്ത് എന്നിവരുടെ കഥകള്‍. ആകാശത്തേക്ക് തുറക്കുന്ന ഒരു കിളിവാതിലാണ് ഞാന്‍ ആ സമാഹാരത്തില്‍ കണ്ടത്.
സ്ത്രീകള്‍, അതും മുസ്‌ലിം സ്ത്രീ ഇനി എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് പറയുന്നവര്‍; സ്ത്രീയെ ‘ഉപദേശിച്ച്’ നന്നാക്കാന്‍ നടക്കുന്നവര്‍ പുതിയ കാലത്തെ സ്ത്രീകള്‍ ബൗദ്ധികമായും സര്‍ഗാത്മകമായും നടത്തുന്ന മുന്നേറ്റങ്ങള്‍ കാണുന്നില്ല. കിളിവാതിലുകള്‍ തുറക്കുന്നത് അവര്‍ അറിഞ്ഞിട്ടില്ല.
സ്ത്രീ, അവളുടെ ആകാശം എത്തിപ്പിടിച്ചുകൊണ്ടേയിരിക്കുന്നു!

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top