അല്ലാഹുവിനു പുറമെയുള്ളവരെ അവന് സമന്മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നതുപോലെ ഇവര്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രേ. അക്രമികള്‍ ശിക്ഷ നേരിടുന്ന സന്ദര്‍ഭം, ശക്തി മുഴുവന്‍ അല്ലാഹുവിനാണെന്നും അവന് കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവര്‍ കണ്ടറിഞ്ഞിരുന്നുവെങ്കില്‍! (ഖുർആൻ 2: 165).
സര്‍വശക്തനായ അല്ലാഹുവിന്റെ സൃഷ്ടികളാണ് ഈ പ്രപഞ്ചത്തിലെ മുഴുവന്‍ ചരാചരങ്ങളും. എല്ലാ നിലയിലുമുള്ള മുഴുവന്‍ കഴിവുകളും ഒത്തിണങ്ങിയവന്‍ റബ്ബ് മാത്രമാണ്. അതിനാല്‍ അവനെ മാത്രം യഥാര്‍ഥ രക്ഷിതാവായി കാണുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്യുക എന്നതാണ് സൃഷ്ടികളുടെ ചുമതല. ലോകത്ത് വന്ന മുഴുവന്‍ പ്രവാചകന്മാരും ലോകത്തിന് നല്കിയ സുപ്രധാന സന്ദേശമാണിത്.
എന്നാല്‍ അല്ലാഹുവിന്റെ സൃഷ്ടികളില്‍ പ്രധാനികളായ ചിലരെ ചിലര്‍ പരിധി വിട്ട് സ്നേഹിക്കുകയും പിന്നീട് അത് ആരാധനയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നുണ്ട്. അല്ലാഹുവിന് മാത്രം നല്‍കേണ്ട ആരാധനയും പ്രാര്‍ഥനയും ക്രമേണ ഇവരിലേക്ക് തിരിയുകയും ചെയ്യുന്നു. ഫലത്തില്‍ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കുകയും അല്ലാഹുവിന് മാത്രം നല്‍കേണ്ട അവകാശങ്ങള്‍ ഇവര്‍ക്കുകൂടി പങ്കുവെച്ചുകൊടുക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. പല മഹാന്മാരെക്കുറിച്ചും അവര്‍ ലോകത്തെ നിയന്ത്രിക്കുന്നവരാണെന്നും (മുദബ്ബിറുല്‍ ആലം) അവര്‍ തന്നെയാണ് ഞങ്ങളുടെ പടച്ചോന് എന്നുവരെ പാടിപ്പുകഴ്ത്തുകയും ചെയ്യുന്ന ചിലര്‍ ഇത്തരക്കാരെ അല്ലാഹുവിന് സമന്മാരാക്കുകയാണ് ചെയ്യുന്നത്.
വിശ്വാസികള്‍ അല്ലാഹുവിനെ മാത്രമാണ് അതിരറ്റ് സ്നേഹിക്കേണ്ടതും ആരാധിക്കേണ്ടതും. എന്നാല്‍ ബഹുദൈവാരാധകര്‍ അല്ലാഹുവിന്റെ പല സൃഷ്ടികളെയും പരിധി വിട്ട് സ്നേഹിച്ച് ആരാധിക്കുക എന്ന കടുത്ത അക്രമം ചെയ്തുകൊണ്ടിരിക്കുകയാണ്.
അല്ലാഹുവിനു മാത്രമാണ് എല്ലാം സൃഷ്ടിക്കാനും സംരക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള ശക്തിയുള്ളത് എന്നും അക്രമം പ്രവര്‍ത്തിച്ചവരെ അതികഠിനമായ ശിക്ഷയ്ക്ക് വിധേയമാക്കാന്‍ അവന് കഴിയുമെന്നും അവര്‍ക്ക് നേരില്‍ ബോധ്യപ്പെടുന്ന ഒരു രംഗം വരാനിരിക്കുന്നു. അന്ന് രക്ഷകരായി ആരുംതന്നെ കൂടെയുണ്ടാവില്ല.
യഥാര്‍ഥ വിശ്വാസം ഉള്‍ക്കൊണ്ട് അല്ലാഹുവിനെ പൂര്‍ണമായി അനുസരിച്ചും അവനെ മാത്രം ആരാധിച്ചും ജീവിക്കുന്നവര്‍ക്ക് മാത്രമാണ് വിജയവും സ്വര്ഗവുമുള്ളത്. മറ്റ് സൃഷ്ടികളെ പടച്ചോനാക്കുന്നവര് അക്രമികളും കഠിനശിക്ഷ അനുഭവിക്കേണ്ടവരുമാവും. .