”വിശ്വസിച്ചേല്‍പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തുവീട്ടണമെന്നും ജനങ്ങള്‍ക്കിടയില്‍ നിങ്ങള്‍ തീര്‍പ്പുകല്‍പിക്കുകയാണെങ്കില്‍ നീതിയോടെ തീര്‍പ്പ് കല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോട് കല്‍പിക്കുന്നു. എത്രയോ നല്ല ഉപദേശമാണ് അവന്‍ നിങ്ങള്‍ക്ക് നല്‍കുന്നത്. തീര്‍ച്ചയായും എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു” (ഖുര്‍ആന്‍ 4:58).
വിശ്വാസികളുടെ ജീവിതത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട വളരെ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്. മനുഷ്യര്‍ക്കിടയില്‍ സമാധാനവും മര്യാദയും നീതിയുമെല്ലാം നിലനില്‍ക്കണമെങ്കില്‍ അവര്‍ വിശ്വസ്തരും നീതിമാന്മാരുമായിരിക്കേണ്ടതുണ്ട്.
വിശ്വസ്തത എന്നും വിശ്വാസപൂര്‍വം ഏറ്റടുത്ത ഉത്തരവാദിത്തം എന്നുമെല്ലാം അമാനത്ത് എന്ന പദത്തിന് അര്‍ഥമുണ്ട്.
അല്ലാഹുവിനോടും സൃഷ്ടികളോടും സ്വന്തത്തോട് തന്നെയും അമാനത്ത് പുലര്‍ത്തുന്നവരായിരിക്കണം വിശ്വാസികള്‍. ഏല്‍പിക്കപ്പെട്ടതോ ഏറ്റെടുത്തതോ ആയ കാര്യങ്ങള്‍ സത്യസന്ധമായും നീതിയോടെയും കൈകാര്യം ചെയ്യുകയും തിരിച്ചേല്‍പിക്കേണ്ടവ കൃത്യമായും പൂര്‍ണതയിലും തിരിച്ചുനല്‍കുകയും ചെയ്യല്‍ പ്രധാന അമാനത്താണ്. ഉത്തരവാദിത്തങ്ങള്‍ കൃത്യമായി നിര്‍വഹിക്കലും, ചതിയും വഞ്ചനയുമില്ലാതെ ഇടപാടുകള്‍ നടത്തലും അമാനത്തിന്റെ ഭാഗമാണ്. നീതിപൂര്‍വമായി കാര്യങ്ങള്‍ ചെയ്യുക എന്നത് അതുപോലെ സുപ്രധാനമായതാണ്. ഏത് വിഷയത്തില്‍ ഇടപെട്ട് തീരുമാനം എടുക്കുമ്പോഴും സത്യവും നീതിയും മാത്രമായിരിക്കണം മാനദണ്ഡം.
ഉന്നത ഭരണാധികാരികള്‍ക്കും ന്യായാധിപന്മാര്‍ക്കും മാത്രമല്ല, സമൂഹത്തിലെ ഓരോ വ്യക്തിക്കും അവര്‍ ഇടപെടുന്ന മേഖലകളിലെല്ലാം അമാനത്തും നീതിയും പാലിക്കേണ്ട ഉത്തരവാദിത്തമുണ്ട്. കുടുംബ ജീവിതത്തിലും സന്താന പരിപാലനത്തിലുമെല്ലാം ഇവ ശ്രദ്ധിക്കേണ്ടതാണ്.
വിശ്വസിച്ചാല്‍ ചതിക്കുക എന്നത് കപടവിശ്വാസിയുടെ ലക്ഷണമായാണ് നബി(സ) എണ്ണിയത്. നബി പറയുന്നു: ”നിന്നെ വിശ്വസിച്ചവന് നീ അമാനത്ത് നിറവേറ്റണം. നിന്നെ ചതിച്ചവനെ നീ ചതിക്കരുത്” (തിര്‍മിദി).
അമാനത്ത് നഷ്ടപ്പെട്ട സമൂഹത്തിലും അനീതി നടമാടുന്ന നാട്ടിലും അല്ലാഹുവിന്റെ ശിക്ഷ പല രൂപത്തിലും ഇറങ്ങുമെന്ന് നബി മുന്നറിയിപ്പ് നല്‍കുന്നു. വിശ്വാസ്യത നഷ്ടപ്പെട്ട വ്യക്തികളും സമൂഹവും ഉണ്ടാവുന്നത് അന്ത്യനാളിന്റെ അടയാളമായി നബി പറയുന്നുണ്ട്.
മനുഷ്യന്റെ വിജയത്തിനും സൗഹാര്‍ദപരമായ ജീവിതത്തിനും ആവശ്യമായ ഘടകങ്ങളാണ് അല്ലാഹു ഉപദേശരൂപത്തില്‍ ഇവിടെ വിവരിക്കുന്നത്. മനുഷ്യന്റെ ചെയ്തികളെല്ലാം കണ്ടും കേട്ടും റബ്ബ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. .