പുള്ളിക്കോഴി ഇപ്പോള്‍ പഴയ കുഞ്ഞന്‍ കോഴിയല്ല. നല്ല തലയെടുപ്പും തടിമിടുക്കുമുള്ള മിടുക്കന് കോഴിയാണ്. നേരം പുലരുന്നതിനു മുമ്പേ അവനുണരും. എന്നിട്ട് എല്ലാവരെയും വിളിച്ചുണര്‍ത്തും.
”അനുമോന്റെ കോഴിയല്ലേ ആ കൂവുന്നത് ?” ആദ്യമായി അവന്റെ കൂവല്‍ കേട്ടപ്പോള്‍ ഉപ്പ ചോദിച്ചു.
”അതെ, അവനിപ്പോള്‍ വലുതായില്ലേ?”
ഒരു ദിവസം രാവിലെ കൂട്ടില്‍ നിന്നിറങ്ങിയ അവന് ചിറകുകള് വിടര്‍ത്തി വിറകുപുരയുടെ മുകളിലേക്ക് പറന്നുകയറി. എന്നിട്ട് തല ഉയര്‍ത്തിപ്പിടിച്ച് കഴുത്തു വളച്ചു:
”കൊ…കൊ…ക്കോ…ക്കോ…!”
കോഴികളുടെ നേതാവ് താനാണെന്ന പ്രഖ്യാപനം. ഏറെ നേരം കഴിഞ്ഞിട്ടും അവന്റെ വെല്ലുവിളി ആരും ഏറ്റെടുത്തില്ല.
അവന് താഴെയിറങ്ങി മറ്റു കോഴികളുടെ അടുത്തേക്കു ചെന്നു. അവന്റെ നേരെ നിന്ന് ഒന്നു നോക്കാന്‍ പോലും ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല.
പുള്ളിക്കോഴിക്കു നല്ല സ്വഭാവശുദ്ധിയാണ്. അകാരണമായി ആരെയും ഉപദ്രവിക്കില്ല. ഇങ്ങോട്ട് ആക്രമിക്കാന്‍ വരുന്നവരോട് മാത്രമേ ശത്രുതയുള്ളൂ. കാക്ക, പരുന്ത്, കരിങ്ങാടന്‍ തുടങ്ങിയ ശത്രുക്കളുടെ കണ്ണിലെ കരടാണ് അവന്.
പരുന്തിന്റെയോ കാക്കയുടെയോ നിഴലാട്ടം കണ്ടാല്‍ മതി. പ്രത്യേക സ്വരത്തില്‍ ശബ്ദമുണ്ടാക്കി എല്ലാവര്ക്കും മുന്നറിയിപ്പ് നല്‍കും. അതു കേട്ടാല്‍ കുഞ്ഞുങ്ങളെല്ലാം അമ്മമാരുടെ ചിറകിനുള്ളില്‍ ഒളിച്ചോളണം. ഇല്ലെങ്കില്‍ അവന് കടുത്ത ഭാഷയില്‍ ചീത്ത പറയും. അതോടെ എല്ലാവരും കല്ലിനടിയിലോ കാടിനുള്ളിലോ ഒളിക്കും. പിന്നെ മഷിയിട്ടു നോക്കിയാല്‍ പോലും അവരെ കാണില്ല!
കേളുക്കുറുക്കന്റെ കാര്യമായിരുന്നു കഷ്ടം. മുമ്പൊക്കെ അവന് ഈ ഭാഗങ്ങളിലൊക്കെ യഥേഷ്ടം ചുറ്റിനടക്കാറുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെ പറ്റില്ല. അടുത്ത് എവിടെങ്കിലും പുള്ളിക്കോഴിയുണ്ടോ എന്നു നോക്കണം. ചെറിയ ഒരു ഇലയനക്കം കേട്ടാല്‍ മതി, അവന് ബഹളം വെക്കാന്‍ തുടങ്ങും. അതോടെ ആളായി, തിരച്ചിലായി, ബഹളമയമായി. എന്തൊരു കഷ്ടം! ഇനി എന്നാണാവോ ഒരു കോഴിയെ നേര്‍ക്കുനേരെ കാണാന്‍ കഴിയുക? ഒരു കോഴിക്കുഞ്ഞിനെ പോലും കണ്ട കാലം മറന്നു. എങ്ങനെയെങ്കിലും പുള്ളിക്കോഴിയുടെ കഥ കഴിക്കണം. അതേ വഴിയുള്ളൂ. കേളുക്കുറുക്കന്‍ തീരുമാനിച്ചു.
ശത്രുക്കളെ കണ്ടാല്‍ ചാടിവീഴുന്ന പ്രകൃതക്കാരനാണ് പുള്ളിക്കോഴി. പാത്തും പതുങ്ങിയും അടുത്തു ചെന്ന് അവനെ പ്രകോപിപ്പിക്കണം. അപ്പോള്‍ അവന് തന്റെ നേരെ ചാടിവീഴും. വീഴുന്നത് തന്റെ വായിലേക്ക്! ‘ഹ…ഹ…ഹാ…!’ കേളു പൊട്ടിച്ചിരിച്ചു.
”എന്താ ചിരിക്കുന്നത് ?” ചാമി കുറുക്കത്തി ചോദിച്ചു.
”നീ നോക്കിക്കോടീ, ഇന്ന് ഞാന്‍ അവന്റെ കഥ കഴിക്കും!” കേളു പറഞ്ഞു.
”എങ്ങനെ?”
”അതൊന്നും നീ അറിയണ്ട. വേഗം ചട്ടി അടുപ്പത്തു വെച്ചോ. ഒട്ടും സമയം കളയാതെ അവനെ വറുത്തെടുക്കണം.”
സന്ധ്യയായി. എങ്ങും ഇരുട്ട് പരന്നു. കേളുക്കുറുക്കന്‍ പാറയിടുക്കിലെ മാളത്തില്‍ നിന്ന് പുറത്തിറങ്ങി. മേലേകണ്ടത്ത് കുറ്റിക്കാടിനുള്ളില്‍ നിന്ന് ഒളിഞ്ഞുനോക്കി. അതാ പുള്ളിക്കോഴി കൂടിനടുത്ത്! തല ഉയര്‍ത്തിപ്പിടിച്ച് ഒരു പാറാവുകാരനെ പോലെയാണ് നില്പ്. മറ്റു കോഴികള്‍ ഓരോരുത്തരായി കൂട്ടില്‍ കയറുന്നുണ്ട്. അവസാനമാണ് പുള്ളിയുടെ ഊഴം. അവന് വലിയ നേതാവല്ലേ? കാണിച്ചുതരാം, ഇന്നത്തോടെ അവസാനിക്കും നിന്റെ നേതാവാകല്‍.
കുറ്റിക്കാടുകളുടെ മറ പറ്റി കേളു പതിയെപ്പതിയെ താഴോട്ടിറങ്ങാന്‍ തുടങ്ങി. ഇലയനക്കം പോലും കേള്‍പ്പിക്കാതെ കൂടിനടുത്തുള്ള അപ്പക്കാട്ടിലെത്തി.
”ശ്…ശൂ…!”
അപ്പക്കാട്ടില്‍ നിന്ന് അവന് ചൂളമടിച്ചു. ശബ്ദം കേട്ട് പുള്ളിക്കോഴി തിരിഞ്ഞുനോക്കി. കാടിനുള്ളില്‍ നിന്ന് തീക്കനലുകള്‍ പോലെ രണ്ടു കണ്ണുകള്‍ തന്റെ നേരെ തുറിച്ചുനോക്കുന്നു!
”ക്രേ…ക്രേ…!”
വലിയ ശബ്ദത്തില്‍ ഒച്ച വെച്ച് അവന് മുന്നോട്ടു ചാടി.
കേളു സന്തോഷത്തോടെ കണ്ണുകള്‍ പൂട്ടി വായ തുറന്നു. പുള്ളിക്കോഴി ഇപ്പോള്‍ തന്റെ വായിലേക്കു വരും. പക്ഷേ, സംഭവിച്ചത് മറ്റൊന്നായിരുന്നു. ‘പ്…ഠേ…!’ എന്ന് ഒരു അടി മുതുകത്തു വന്ന് പതിച്ചു. ഇടിവെട്ടേറ്റപോലെ കേളു വിരണ്ടു ചാടി. രണ്ടാമത്തെ അടി വീഴുന്നതിനു മുന്‍പ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു.
സംഭവിച്ചത് എന്താണെന്ന് അവന് ഒരു എത്തും പിടിയും കിട്ടിയില്ല. പുള്ളിക്കോഴി തന്റെ നേര്‍ക്കു ചാടുന്നത് കണ്ടതാണ്. പക്ഷേ, കിട്ടിയത് അടിയും. സങ്കടം സഹിക്കാനാവാതെ അവന് പാറപ്പുറത്തു കയറി വലിയ വായില്‍ ഓരിയിട്ടു.
നിരാശയോടെ അവന് പാറയിടുക്കിലേക്കു നടന്നു. ചാമി വാതിലടച്ച് ഉറക്കമായെന്ന് തോന്നുന്നു. കൂടിനടുത്തു നിന്ന് പതുക്കെ ചാമിയെ വിളിച്ചു:
”ആവൂ!, എടീ ചാമീ, വാതില്‍ തുറക്ക്!” പുറത്തു നിന്ന് കേളുവിന്റെ കിതപ്പും പരവേശവും.
”എന്തു പറ്റി? എവിടെ നിങ്ങള്‍ കൊണ്ടുവരാമെന്നു പറഞ്ഞ കോഴി?” ചാമി ചോദിച്ചു.
”കോഴി! ഒന്നു പോടീ… എപ്പോഴും കോഴി കോഴി! ഇതെന്താ പനങ്കുരുവോ മറ്റോ ആണോ ആവശ്യമുള്ളപ്പോള്‍ പെറുക്കിക്കൊണ്ടുവരാന്‍?”
കേളുവിനു ദേഷ്യം ഇരച്ചുകയറി. കിട്ടിയ അപമാനം സഹിച്ചതും പോരാ, കുത്തുവാക്കും കേള്‍ക്കണോ? എങ്ങനെ സഹിക്കും ഇതെല്ലാം? അവന് വേഗം കുറച്ചു പനങ്കുരു വാരി വായിലിട്ട് മീതെ വെള്ളവും കുടിച്ചു മാളത്തില്‍ നിന്നു പുറത്തിറങ്ങി.
കിഴക്കേ ചക്രവാളത്തില്‍ അമ്പിളിക്കല തല പൊക്കിയിട്ടുണ്ട്. ആകാശത്ത് പാല്ക്കടൽ ഒഴുകുന്നു. തണുത്ത കാറ്റിന്റെ കുളിര്‍മയും കടന്നുവന്നപ്പോള്‍ ക്ഷീണമെല്ലാം പമ്പകടന്നു.
”ആര്‍ക്കു വേണെടാ കോഴി? കൂ…!” വലിയ വായില്‍ ഓരിയിട്ടു.
അതു കേട്ട് അകലെ ഒരാള്‍ കൂട്ടിലിരുന്ന് ചിരിക്കുന്നുണ്ടായിരുന്നു. അത് പുള്ളിക്കോഴിയായിരുന്നു.
(തുടരും)