LoginRegister

പൂര്‍ണമായ ഒരു തകര്‍ച്ച ഒരു കാലത്തും ഉണ്ടാവില്ല

എന്‍ പ്രഭാകരന്‍

Feed Back

തിരിച്ചറിവ്
നമ്മള്‍ മുന്നില്‍ കാണുന്ന മനുഷ്യര്‍ ഓരോരോ ശരീരങ്ങള്‍ മാത്രമല്ല, ഓരോരോ മനസ്സുകൂടിയാണ്. ഇതുപോലുള്ള ഭീതിജനകമായ ഒരു രോഗാവസ്ഥ ഭൂമി മുഴുവന്‍ നിലനില്‍ക്കുമ്പോള്‍ ഇവിടെ മനുഷ്യന്‍റെ മുന്‍പില്‍ തങ്ങളുടെ ശരീരം മാത്രമേ ഉള്ളൂ. അത് സംരക്ഷിച്ചുനിര്‍ത്തുക മാത്രമാണ് ഓരോ മനുഷ്യനും നിര്‍വഹിക്കേണ്ട യഥാര്‍ഥ ധര്‍മം.

അറിവ്
വിദ്യാഭ്യാസത്തിന്‍റെ ഒരേയൊരു ലക്ഷ്യം ഉയര്‍ന്ന ശമ്പളം കിട്ടുന്ന ഉയര്‍ന്ന ജോലി സമ്പാദിക്കുക എന്നതായിരിക്കുന്നു. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ മേഖലയില്‍ ഒരു പൊതു നിലവാരത്തകര്‍ച്ച ലോകം മുഴുവന്‍ സംഭവിച്ചുകഴിഞ്ഞിട്ടുണ്ട്. വേരുകളില്ലാത്ത മരങ്ങളുടെ കാടാണ് ഇന്ന് നമ്മുടെ സമൂഹം. അന്ധവിശ്വാസത്തിന്‍റെയും പലതരം രോഗങ്ങളുടെയും വര്‍ഗീയതയുടെയും അക്രമമനോഭാവത്തിന്‍റെയും ഒരു ചെറിയ കാറ്റ് മതിയാകും കാട് മുഴുവന്‍ കടപുഴകി വീഴാന്‍.

പ്രതീക്ഷ
വിധേയത്വപരമായ വായനയെ ഇവിടെയുള്ളൂ, തത്വപരമായ, ആഴത്തിലുള്ള വായനക്കുള്ള ശേഷി ആളുകള്‍ക്കിടയിലില്ല എന്നൊക്കെ പറയുമെങ്കിലും ഒരു ചെറിയ വിഭാഗം ആളുകള്‍ എപ്പോഴും നല്ല വായനക്കാരായിട്ടുണ്ടാകും. ഒരു ചെറിയ ശതമാനം ആളുകള്‍ ശാസ്ത്രത്തിന്‍റെ മേഖലയിലും മറ്റു മണ്ഡലങ്ങളിലും വളരെ സമര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നുണ്ടാകും. അവരില്‍ പ്രതീക്ഷയര്‍പ്പിക്കുക എന്നതാണ് ഇന്നത്തെ കാലത്ത് നമുക്ക് ചെയ്യാനുള്ളത്. അവരൊക്കെയും ഒരു വലിയ ലോകത്തിലേക്ക്, തിരിച്ചറിവുള്ള ഒരു കാലത്തിലേക്ക് നമ്മെ നയിക്കാനുള്ള ഒരു മരുന്നുമായി വരും. ഒരു തകര്‍ച്ചയുടെ കാലത്താണ് നാം ജീവിക്കുന്നതെങ്കിലും പൂര്‍ണമായ ഒരു തകര്‍ച്ച ഒരു കാലത്തും ഉണ്ടാവില്ല.

പ്രതിരോധം
കേരളീയ ചരിത്രത്തില്‍ നവോത്ഥാനത്തിനുള്ള പങ്ക് എത്ര വലുതും മഹത്തരവുമായിരുന്നു എന്ന കാര്യം നമുക്കൊരിക്കലും നിഷേധിക്കാന്‍ കഴിയുകയില്ല. ഇപ്പോഴത്തെ വിദ്യാഭ്യാസ പരിഷ്ക്കരണത്തിന്‍റെ ഭാഗമായി നമ്മുടെ ചരിത്രബോധം കുറേയൊക്കെ നഷ്ടപ്പെട്ടുപോയിട്ടുണ്ട്. നമ്മുടെ ഉള്ളിന്‍റെ ആഴം കുറഞ്ഞുപോയിട്ടുണ്ട്. വളരെ വിപുലമായ ഒരു ചരിത്രബോധം ഇവിടെയുള്ളതുകൊണ്ട് വിശാലമായ വീക്ഷണത്തോടെ കാര്യങ്ങളെ സമീപിക്കാനുള്ള ശേഷി കേരളീയ ജനതക്കുണ്ട്. അതൊരു പ്രതിരോധ ശേഷിയായി ഇവിടെ നിലനില്‍ക്കും. വര്‍ഗീയവാദികളും വൈറസിനെപ്പോലുള്ള സൂക്ഷ്മ ജീവികളും ഫാസിസ്റ്റുകളുമൊക്കെ ആ പ്രതിരോധ ശേഷിയുടെ കരുത്തില്‍ തകര്‍ന്നു തരിപ്പണമാകുക തന്നെ ചെയ്യും.

തയ്യാറാക്കിയത്: പ്രശോഭ് സാകല്യം

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top