LoginRegister

ലോകമാതൃകയായി കേരളം

Feed Back

കോവിഡിനെ വിജയകരമായി നിയന്ത്രിച്ചുനിര്‍ത്തുന്ന കേരളത്തിന്‍റെ ആരോഗ്യമാതൃകയിലേക്ക് ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണ്. അമേരിക്കയും ഇറ്റലിയും സ്പെയിനുമുള്‍പ്പടെയുള്ള ലോകത്തെ ഒന്നാം നമ്പര്‍ സാമ്പത്തിക ശക്തികള്‍ കൊറോണയുടെ പിടിയില്‍ ജീവശ്വാസം കിട്ടാതെ പിടയുമ്പോള്‍ കേരളം ആത്മവിശ്വാസത്തോടെ രോഗവ്യാപനത്തെ പിടിച്ചുകെട്ടുന്നത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പോലും വാര്‍ത്തയാകുകയാണ്. ഇതൊരു മാജിക്ക് അല്ല; ചിട്ടയായി വളര്‍ത്തിയെടുക്കപ്പെട്ട കേരളത്തിന്‍റെ പൊതുജനാരോഗ്യ സംവിധാനത്തിന്‍റെ വിജയമാണ്. ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പൊതു സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും അത് സംരക്ഷിക്കുകയും ചെയ്തതിനാലാണ് ഈ വിജയം നേടാനായത്. പൊതു ജലം, പൊതു വിദ്യാഭ്യാസം, പൊതുജന ആരോഗ്യം തുടങ്ങിയ സംവിധാനങ്ങള്‍ ഇല്ലാത്തിടത്ത് ഒരു പോരാട്ടവും വിജയമായിട്ടില്ല. സ്വകാര്യ വല്‍ക്കരണം മൂലം ആരോഗ്യരംഗം ഇന്‍ഷൂര്‍ വല്‍ക്കരിച്ച ഫലമാണ് അമേരിക്ക, ബ്രിട്ടന്‍, ഇറ്റലി അടക്കമുള്ള രാജ്യങ്ങളില്‍ പൊതുചികില്‍സാ രീതി ഇല്ലാതാക്കിയത്. അതുകൊണ്ട് തന്നെ ഏകോപിച്ച രീതിയിലുള്ള പ്രതിരോധം അവിടെ അസാധ്യമായി.
കേരളം പണ്ടേ മാതൃകയാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഇംഗ്ലണ്ടില്‍ നിന്നും ആധുനിക വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുത്ത ഡോ.മേരി പുന്നന്‍ ലൂക്കോസിനെ തിരുവതാംകൂറില്‍ ജനറല്‍ സര്‍ജനായി നിയമിച്ചു. വിദേശബിരുദമുളള ഒരു ഇന്ത്യന്‍ ഡോക്ടറെ ആദ്യമായാണ് ബ്രിട്ടീഷ് ഇന്ത്യയില്‍ ഒരു പൊതുജനാരോഗ്യ കേന്ദ്രത്തില്‍ നിയമിക്കുന്നത്. അമേരിക്കയിലും യൂറോപ്പിലും പോലും വനിതാ ഡോക്ടര്‍മാര്‍ അക്കാലത്ത് അപൂര്‍വമായിരുന്നു. ഇതേ കാലത്ത് ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനഫലമായി കന്യാസ്ത്രീകളും ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളും നഴ്സിംഗ് രംഗത്തേക്ക് കടന്നു വന്നതും പൊതുജനാരോഗ്യ സംവിധാനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായി.
ഈ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ക്ക് സഹായകരമായ വിധത്തില്‍ ശുദ്ധജല വിതരണത്തിനും വിദ്യാഭ്യാസത്തിനുമുളള സംവിധാനങ്ങളും സ്ഥാപിക്കപ്പെടുകയുണ്ടായി. ഈ സംവിധാനങ്ങള്‍ സാധാരണക്കാരനും പ്രാപ്യമാകുന്ന വിധത്തിലുള്ള ഒരു ആരോഗ്യസംസ്കാരം നമ്മുടെ നവോത്ഥാന പ്രസ്ഥാനം സൃഷ്ടിച്ചു. അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളില്‍ ശുചിത്വത്തെ കുറിച്ചുളള അടിസ്ഥാനധാരണകള്‍ വളര്‍ത്തിയെടുക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ പ്രസിദ്ധമാണ്. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top