LoginRegister

ലോക്ക്ഡൗണില്‍ അവള്‍

ബിജു ടി ആര്‍ പുത്തഞ്ചേരി

Feed Back

അടുക്കളയിലിരുന്ന്
അവളൊരു ചിത്രം വരക്കുന്നു
പല വര്‍ണങ്ങള്‍ ചാലിച്ച്
തീന്‍മേശയില്‍...
ചാനലുകളില്‍ നിന്നിറങ്ങി വന്ന്
ഞാനാ ചിത്രത്തെ ചുംബിക്കുന്നു.

തീച്ചൂടില്‍
കണ്ണില്‍ നിന്നൊരു മഴ
അവ്യക്തമായ കരച്ചിലിന്‍റെ
താളത്തില്‍
നിറമില്ലാത്തൊരു ചിത്രമെഴുതുന്നു.

അരക്കല്ലില്‍,
ഉരലില്‍,
അലക്കുക്കല്ലില്‍...
അത്രയേറെ ഹൃദ്യമായി വരച്ച ചിത്രങ്ങള്‍
തൊട്ടരികില്‍ നിന്നും
ഞാന്‍ കാണാതെ പോയതല്ലേ

നിബന്ധനകളില്ലാത്ത
ജീവിതപ്പെരുക്കത്തില്‍
ശൈത്യത്തിലും ഉഷ്ണത്തിലും
വീടെന്ന ക്യാന്‍വാസില്‍
അവളുടെ ചിത്രങ്ങളില്‍
മഷി പടര്‍ന്നതായി തോന്നാം.

അകത്തെ അലമാരയില്‍ നിന്നും
കയ്യില്‍ തട്ടി വീണ പുസ്തകങ്ങള്‍
അവള്‍ നെഞ്ചോട് ചേര്‍ത്ത്
മൗനമായി
പ്രാര്‍ത്ഥിക്കുന്നത് കാണാം...

അടച്ചിട്ട തടവറയുടെ
വാതിലുകള്‍ തുറന്ന്
വെട്ടമൊഴുകുമ്പോള്‍,
ചങ്ങലയില്‍ ബന്ധിതയായവള്‍
അടുക്കളയില്‍ വീണ്ടുമൊരു
ലോകത്തെ വരക്കും.
അവളുടെ ഹൃത്തിന്നുള്ളില്‍ നിന്നും
പൂക്കള്‍ വിരിഞ്ഞ് -
സുഗന്ധം ഭൂമിയെ പൊതിയും..

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top