LoginRegister

അകലം പാലിക്കാം തിന്മകളില്‍ നിന്ന്

ഡോ. പി അബ്ദു സലഫി

Feed Back

"മഹാപാപങ്ങളോടും നീചവൃത്തികളോടും അകലം പാലിക്കുന്നവരും ക്ഷോഭമുണ്ടാവുമ്പോള്‍ വിട്ടുവീഴ്ച അനുവര്‍ത്തിക്കുന്നവരുമാകുന്നു വിശ്വാസികള്‍" (വി.ഖു 42:37)

ജീവിതത്തിന് ഭീഷണിയായി മാറുന്ന മഹാമാരികളില്‍ നിന്ന് രക്ഷപ്പെടുവാനായി, വൈറസ് ബാധിതരില്‍ നിന്നും സാമൂഹിക അകലം കാത്ത് സൂക്ഷിക്കണമെന്നാണ് ആരോഗ്യശാസ്ത്രം നമ്മെ ഉണര്‍ത്തിക്കൊണ്ടിരിക്കുന്നത്. താരതമ്യേന ദുര്‍ബലമായതും കാണാന്‍ പോലും കഴിയാത്തവിധം സൂക്ഷ്മവുമായ കൊറോണ വൈറസില്‍ നിന്നും അകലം പാലിക്കുകയാണ് ഭൗതിക ജീവിതത്തില്‍ സുരക്ഷിതമായ നിലനില്‍പ്പിന് അനിവാര്യമായിട്ടുള്ളത്. എന്നാല്‍ തന്‍റെ ശാശ്വതമായ പാരത്രിക ജീവിതത്തില്‍, സുരക്ഷിതവും സംതൃപ്തവുമായ നാളുകള്‍ ലഭ്യമായിത്തീരാന്‍ സ്രഷ്ടാവ് ചില തിന്മകളോട് അകലം പാലിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. പ്രധാനമായും അഞ്ച് കാര്യങ്ങളില്‍ നിന്നും വിശ്വാസികള്‍ വിട്ട് നില്‍ക്കേണ്ടതുണ്ട്. ഒന്ന്: സ്രഷ്ടാവല്ലാത്ത എല്ലാ ആരാധനാമൂര്‍ത്തികളില്‍ നിന്നും വിട്ടു നില്‍ക്കുക. "ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചത്, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും ദുര്‍മൂര്‍ത്തികളില്‍ നിന്ന് വിട്ടുനില്‍ക്കുകയം വേണം എന്ന് പ്രബോധനം ചെയ്യുന്നതിന് വേണ്ടിയായിരുന്നു." (വി.ഖു 16:36) രണ്ട്: കളവ്, ആരോപണങ്ങള്‍, കള്ളസാക്ഷ്യം തുടങ്ങിയവയില്‍ നിന്ന് അകലം പാലിക്കുക. "... ആകയാല്‍ വിഗ്രഹമാലിന്യങ്ങളില്‍ നിന്നും കള്ള വാക്കുകളില്‍ നിന്നും നിങ്ങള്‍ അകന്ന് നില്‍ക്കുക" (വി.ഖു 22:30).
മൂന്ന്: ഊഹാപോഹങ്ങളോട് അകല്‍ച്ച കാണിക്കുക.
"സത്യവിശ്വാസികളേ, ഊഹാപോഹങ്ങളില്‍ നിന്ന് നിങ്ങള്‍ വിട്ടുനില്‍ക്കുക; തീര്‍ച്ചയായും മിക്ക ഊഹങ്ങളും പാപമാകുന്നു." (വി.ഖു 49:12)
നാല്: മദ്യം, ചൂതാട്ടം, ദൈവേതര്‍ക്കുള്ള നേര്‍ച്ചകളും ബലികളും, പ്രശ്നക്കോലുകള്‍, ശകുനങ്ങള്‍ തുടങ്ങിയ അന്ധവിശ്വാസങ്ങള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുക. "സത്യവിശ്വാസികളേ മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ അവയോട് നിങ്ങള്‍ അകലം പാലിക്കുക; നിങ്ങള്‍ക്ക് വിജയികളാവാം." (വി.ഖു 5:90)
അഞ്ച്: മഹാപാപങ്ങളോട് അകലം പാലിക്കുക. സൂറ: ശൂറ 37-ാം വചനത്തില്‍ വിശ്വാസികളുടെ സ്വഭാവമായി അല്ലാഹു എടുത്തുപറയുന്ന കാര്യമാണിത്. മഹാപാപങ്ങളോട് നാം അകലം പാലിച്ചാല്‍ ചെറുപാപങ്ങള്‍ അല്ലാഹു തന്‍റെ കാരുണ്യത്താല്‍ വിട്ടുപൊറുത്ത് മാപ്പാക്കുമെന്നും അല്ലാഹു ഉണര്‍ത്തുന്നുണ്ട്. വിനാശകരമായ ഏഴ് മഹാപാപങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ റസൂല്‍(സ)പ്രത്യേകം പറഞ്ഞിട്ടുണ്ടല്ലോ. ശിര്‍ക്ക്, മാരണം, കൊലപാതകം, അനാഥയുടെ സ്വത്ത് കയ്യടക്കല്‍, പലിശ ഭോജനം, പടയില്‍ നിന്ന് പിന്തിരിയല്‍, പതിവ്രതകളെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കല്‍ എന്നിവയാണവ. ചുരുക്കത്തില്‍ തിന്മകളില്‍ നിന്നും ശാരീരികവും മാനസികവുമായ അകലം പാലിക്കുക എന്നതാണ് എപ്പോഴും ആവശ്യമായിട്ടുള്ളത്. .

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top