LoginRegister

ആലസ്യം വെറുമൊരു തോന്നലല്ലേ?

Feed Back

ഒരാള്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് കെ എസ് ആര്‍ ടി സി ബസ്സില്‍ കയറുന്നു. ടിക്കറ്റ് എടുത്ത് ബസ്സില്‍ ഇരുന്ന് അല്‍പ നേരം വല്ലതും വായിക്കുകയോ പുറംകാഴ്ചകളിലേക്ക് നോക്കിയിരിക്കുകയോ ചെയ്യുന്നു. ഒരു മണിക്കൂര്‍ പിന്നിടുമ്പോഴേക്കും അയാള്‍ക്ക് ക്ഷീണം തോന്നുന്നു, കോട്ടുവാ ഇടുന്നു. മയക്കത്തിലേക്ക് ചായുന്നു. എന്നാല്‍ അയാള്‍ക്കൊപ്പം ബസില്‍ സഞ്ചരിക്കുന്ന വേറെ ഒരാളാണ് കണ്ടക്റ്റര്‍. അയാള്‍ ടിക്കറ്റ് കൊടുക്കുന്നു, ബെല്ലടിക്കുന്നു, ആളെ കയറ്റുന്നു, ഇറക്കുന്നു. അയാളെ ക്ഷീണം ബാധിക്കുന്നേ ഇല്ല!
ഇവിടെ രണ്ടും യാത്രക്കാരാണ്. എന്നാല്‍ ജോലി ചെയ്യുന്ന കണ്ടക്റ്റര്‍ക്കല്ല ക്ഷീണവും അലസതയും ബാധിക്കുന്നത്. വെറുതെ ഇരിക്കുന്ന യാത്രക്കാരനാണ്. വാസ്തവത്തില്‍ അധ്വാനിക്കുന്ന ആള്‍ക്കല്ലേ ക്ഷീണം ഉണ്ടാകേണ്ടത്?. ഈ ഉദാഹരണം ഉത്സാഹത്തെയും അലസതയേയും കുറിച്ച് ഒരു വലിയ പാഠം നല്‍കുന്നുണ്ട്.
ഉത്സാഹവും വിരസതയും രണ്ട് മനോഭാവങ്ങളാണ്. ഒരു ജോലിയില്‍ മുഴുകുമ്പോള്‍ നാം ഊണും ഉറക്കവും വേദനയും ക്ഷീണവുമെല്ലാം മറന്ന് പോകാറില്ലെ?. ഒരു ജോലിയില്‍ മനസ്സ് കേന്ദ്രീകരിക്കപ്പെടുന്നത് കൊണ്ടാണത്. മറ്റൊന്നും ചെയ്യാതിരിക്കുമ്പോള്‍ മനസ്സില്‍ ആലസ്യം കയറിക്കൂടുന്നു. എല്ലാവരും വീട്ടില്‍ ഒഴിഞ്ഞിരിക്കുന്ന ലോക്ക്ഡൗണ്‍ കാലത്ത് നിരവധി പേര്‍ ഒട്ടും വിരസത ഇല്ലാതെ, അലസതയില്ലാതെ ഉത്സാഹത്തോടെ നാളുകള്‍ കഴിക്കുന്നത് നാം കണ്ടു. വേറെ ചിലര്‍ മടുപ്പ് പിടിച്ച് വീര്‍പ്പ് മുട്ടുന്നതും. കുറേ പേര്‍ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ട് വിലക്ക് ലംഘിച്ച് വെളിയില്‍ ഇറങ്ങുകയും ചെയ്യുകയുണ്ടായി.
ഇവിടെ നമ്മുടെ മനോഭാവമാണ് മാറ്റേണ്ടത്. പ്രത്യുല്‍പ്പന്നപരവും ആസ്വാദ്യകരവുമായ ഒരുപാട് കാര്യങ്ങള്‍ ഓരോരുത്തര്‍ക്കും ചെയ്യാനുണ്ട്. വീട്ടില്‍ ഇരുന്ന് ചെയ്യാവുന്ന കാര്യങ്ങള്‍ ഒട്ടധികമുണ്ട്. പലപ്പോഴായി മടി കാരണം മാറ്റി വെച്ചവ തന്നെയാണധികവും. ആ കാര്യങ്ങള്‍ ഓരോന്നോരോന്നായി ചെയ്യുമ്പോള്‍ നാം ഉല്‍സാഹമുള്ളവരാകുന്നു. പുതിയ പല കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടാകുന്നു; ആത്മ വിശ്വാസമുണ്ടാകുന്നു. അങ്ങനെ ആലസ്യം നമ്മെ വിട്ടൊഴിയുന്നു. വെറുതെ ഇരിക്കുമ്പോള്‍, മടുക്കുമ്പോള്‍ ഓര്‍മിക്കുക. നിങ്ങള്‍ ചെയ്യേണ്ട എന്തോ കാര്യം ചെയ്യാത്തത് കൊണ്ടാണ് മടുപ്പ് തോന്നുന്നത്. ആ കാര്യം ചെയ്യാന്‍ ദൃഢനിശ്ചയത്തോടെ ഇറങ്ങുകയേ വേണ്ടൂ. അലസതയുടെ പിശാച് സ്ഥലം വിട്ടിരിക്കും. കര്‍മമാണ് ആലസ്യത്തില്‍ നിന്ന് രക്ഷ തേടിയുള്ള പ്രാര്‍ത്ഥന. എഡിറ്റര്‍

Articles

categories
categories
കൂടുതൽ പംക്തികൾ
Back to Top